suhail-nedumbassery-accident
  • മുടി വെട്ടിയെന്ന ഒറ്റ കാരണം കൊണ്ട് മാത്രം തിരിച്ചറിയൽ നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതായി കരുതാനാകില്ലെന്ന് അഭിഭാഷകൻ ശ്രീജിത്ത് പെരുമന വ്യക്തമാക്കി.

നെടുമ്പാശേരിയില്‍ മൂന്നു പേരെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ പ്രതി സുഹൈല്‍ സജീവിന്‍റെ രൂപമാറ്റമാണ് പുതിയ ചര്‍ച്ച. അപകട സമയത്ത് നീളന്‍ മുടിയുണ്ടായിരുന്ന സുഹൈല്‍ പൊലീസ് കസ്റ്റഡിയിലേക്ക് എത്തുമ്പോള്‍ ആളാകെ മാറി. മുടി പറ്റേ വെട്ടിയ നിലയിലാണ് സുഹൈലിനെ കണ്ടത്. ഇതിനെ സംബന്ധിച്ച വലിയ ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍. തിരിച്ചറിയല്‍ പരേഡ് ഒഴിവാക്കാനാണോ സുഹൈലിന്‍റെ രൂപമാറ്റം എന്നാണ് ചര്‍ച്ച. മുടിമുറിച്ചതുകൊണ്ടുമാത്രം ഇത്തരമൊരു നിഗമനത്തിലേക്ക് എത്താനാകില്ലെന്നാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെ അഭിപ്രായം.

Also Read: സുഹൈലിന്റെ ‘ജയില്‍ മേക്ക് ഓവര്‍’; നീട്ടിവളര്‍ത്തിയ മുടി സ്വയം പറ്റെവെട്ടി, ബന്ധുക്കള്‍ പോലും തിരിച്ചറിയില്ല

സുഹൈലിന്റെ കാര്യത്തിൽ പ്രതിയുടെ സ്വമേധയാ നടത്തിയ രൂപമാറ്റവും തിരിച്ചറിയൽ നടപടികളിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളുമാണ് പ്രധാനമായും പരിശോധിക്കേണ്ടതെന്ന് ശ്രീജിത്ത് വ്യക്തമാക്കി. പ്രതിയെ തിരിച്ചറിയൽ പരേഡിന് വിധേയനാക്കാൻ തീരുമാനിച്ചിരുന്നോ എന്നും മുടി വെട്ടുന്ന സമയത്ത് തിരിച്ചറിയൽ നടപടികൾ പൂർത്തിയായിരുന്നോ എന്നും പരിശോധിക്കണം. പ്രതിയുടെ പഴയ രൂപഭാവം രേഖപ്പെടുത്തിയ ചിത്രങ്ങളോ മറ്റ് രേഖകളോ അന്വേഷണസംഘത്തിന്റെ കൈവശമുണ്ടായിരുന്നോ, രൂപമാറ്റം സാക്ഷികളുടെ തിരിച്ചറിയലിനെ യഥാർഥത്തിൽ ബാധിച്ചിട്ടുണ്ടോ, രൂപമാറ്റത്തിന് അന്വേഷണത്തെ തടസപ്പെടുത്താനുള്ള ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും വസ്തുതകളുണ്ടോ എന്നീ കാര്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടു. 

'വിചാരണത്തടവുകാരുടെ തിരിച്ചറിയലിനെ ബാധിക്കുന്ന രൂപമാറ്റത്തിന് മുടി വെട്ടുന്നത് ഉൾപ്പെടെ നിയന്ത്രണങ്ങൾ ബാധകമാണെന്നാണ് കേരള ജയില്‍ ചട്ടം പറയുന്നത്. എന്നാൽ റിമാൻഡ് പ്രതിക്ക് ഒരു സാഹചര്യത്തിലും മുടി വെട്ടാൻ പാടില്ലെന്ന നിയമവുമില്ല. സുഹൈൽ പാർപ്പിക്കപ്പെട്ടത് ബോസ്റ്റൽ സ്കൂളിലാണ്. പ്രസ്തുത ചട്ടം അവിടെ ഏത് പരിധിവരെ ബാധകമാണെന്നും സ്ഥാപനത്തിന് ബാധകമായ പ്രത്യേക ചട്ടങ്ങളോ ഭരണനിർദേശങ്ങളോ എന്തൊക്കെയാണെന്നും പരിശോധിച്ചശേഷമേ നിയമലംഘനം ഉണ്ടായെന്ന് മജിസ്‌ട്രേറ്റിനു തീരുമാനിക്കാനാകൂ. അതിനാൽ, മുടി വെട്ടിയെന്ന കാരണത്തെ മാത്രം അടിസ്ഥാനമാക്കി പ്രതിയോ, സ്ഥാപന അധികൃതരോ നിയമം ലംഘിച്ചുവെന്ന് പറയാൻ സാധിക്കില്ല' ശ്രീജിത്ത് വ്യക്തമാക്കി. 

Also Read: 'പൊലീസ് ഓരോ 'ക്ലൂ' ഇട്ട് കൊടുക്കുകയാണ്; പണമുള്ളവർക്ക് എന്തും ചെയ്യാം'; വിമര്‍ശനുമായി ഭാഗ്യലക്ഷ്മി 

സുഹൈൽ സ്വന്തം ഇഷ്ടപ്രകാരം മുടി വെട്ടുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. പ്രതിയെ തിരിച്ചറിയേണ്ടതുണ്ടെന്നും രൂപമാറ്റം തടയണമെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നോ? ബോസ്റ്റൽ സ്കൂൾ അധികൃതർക്ക് അത്തരം നിർദ്ദേശം കോടതി നൽകിയിരുന്നോ? ഇക്കാര്യങ്ങള്‍  അന്വേഷണ സംഘം പരിശോധിക്കേണ്ടതുണ്ട്. തിരിച്ചറിയൽ തടസപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി മുടി വെട്ടിയതെന്ന് തെളിയിക്കുന്ന വസ്തുതകളില്ലാതെ അത്തരമൊരു ഉദ്ദേശ്യം പ്രതിയിൽ ആരോപിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

അന്വേഷണഘട്ടത്തിൽ സാക്ഷിയുടെ വിശ്വാസ്യത പരിശോധിക്കാനാണ് തിരിച്ചറിയൽ പരേഡ് നടത്തുന്നത്. ഇതു നടന്നില്ലെന്ന കാരണത്താൽ മാത്രം കോടതിയിലെ തിരിച്ചറിയൽ തെളിവ് എല്ലായ്പ്പോഴും അസാധുവാകുന്നില്ല. സുഹൈലിന്റെ കാര്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്താൻ തീരുമാനിച്ചിരുന്നോ, മുടി വെട്ടുന്ന സമയത്ത് തിരിച്ചറിയൽ നടപടികൾ പൂർത്തിയായിരുന്നോ, അറസ്റ്റിന് ശേഷമുള്ള രൂപഭാവം ചിത്രങ്ങളിലൂടെയോ മറ്റ് രേഖകളിലൂടെയോ സൂക്ഷിച്ചിരുന്നോ, രൂപമാറ്റം സാക്ഷികളുടെ തിരിച്ചറിയലിനെ യഥാർഥത്തിൽ ബാധിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് നിയമനടപടി എടുക്കേണ്ടത്. എന്നാൽ രൂപമാറ്റം സംഭവിച്ചുവെന്ന കാരണത്താൽ മാത്രം പ്രതിക്കെതിരെ പ്രതികൂലമായ നിഗമനത്തിലെത്തുന്നത് ഉചിതമല്ലെന്നും ശ്രീജിത്ത് എഴുതി. 

ENGLISH SUMMARY:

The sudden hair transformation of Suhail Sajeev, the accused in the fatal Nedumbassery hit-and-run case that killed three people, has sparked widespread public debate regarding its legal implications. Legal expert Advocate Sreejith Perumana explained that chopping hair alone does not automatically prove an intention to evade or disrupt identification proceedings. He noted that while jail rules restrict cosmetic changes that hinder identification, Borstal School guidelines and specific court orders must be reviewed before concluding any rule violation. Ultimately, unless investigators prove a deliberate motive to mislead witnesses, a mere change in physical appearance cannot be used to draw adverse legal conclusions against the accused.