ഇന്ന് ലോക വൈറ്റ് കെയിന് ദിനമാണ്. നമുക്ക് ചുറ്റുമുള്ള ഒരുപാട് സഹോദരങ്ങളുടെ കണ്ണും കാതും ജീവിതവുമാകുന്ന കുഞ്ഞന് വടിയുടെ ലോക ദിനത്തിലൂടെ കാഴ്ചപരിമിതിയുള്ളവരുടെ ജീവിത പ്രശ്നങ്ങളിലേക്കാണ് ശ്രദ്ധ തിരിക്കുന്നത്.
കണ്ണുണ്ടായിട്ടും കണ്ണുതുറന്നു കാണാനിത്തിരി നേരമില്ലാത്തവരുടെ ലോകത്താണു വെള്ളച്ചുരലിന്റെ കരുത്തില് ജസീലയും സഹോദരനുമടക്കമുള്ളവര് ഇറങ്ങിനടക്കുന്നത്. കാഴ്ച പരിമിതിയുള്ളവരുടെ കണ്ണുംകാതും വഴിയുമൊക്കെയാണു അഞ്ചായി മടക്കാവുന്ന വൈറ്റ് കെയ്നെന്ന വെള്ളച്ചൂരല്. ഇരുളടഞ്ഞെങ്കിലും തോല്ക്കാന് മനസില്ലാത്തവരുടെ ജീവിത്തിലേക്കു സമൂഹത്തിന്റെ ശ്രദ്ധ വിളിക്കുകയാണു ലോക വൈറ്റ് കെയിന് ദിനത്തിലൂടെ.
വെള്ളച്ചൂരല് ഓരോ വസ്തുവിലും തട്ടുമ്പോഴുണ്ടാകുന്ന ശബ്ദ വ്യത്യാസത്തിന്റെ താളത്തിലാണു കാഴ്ചയില്ലാത്തവരുടെ കാഴ്ചയിരിക്കുന്നത്. ആള്ക്കൂട്ടത്തിനിടയില്, അല്ലെങ്കില് തിരക്കേറിയ നിരത്തുവക്കില് കൈസഹായത്തിനായി ഒരാള് കാത്തുനില്പുണ്ടെന്നു കണ്ണുള്ളവരെ അറിയിക്കുന്നതും വൈറ്റ് കെയിനാണ്.കാഴ്ചയില്ലാത്തവരില് ഭൂരിഭാഗവും പെന്ഷനെ ആശ്രയിച്ചാണു ജീവിക്കുന്നത്. പ്രത്യേക പെന്ഷന് , ബസ് യാത്ര സൗജന്യം തുടങ്ങി ഒരുപറ്റം ആവശ്യങ്ങളും വൈറ്റ് കെയിന് ദിനത്തില് കാഴ്ചാ പരിമിതിയുള്ളവര് സര്ക്കാരിന് മുന്പാകെ വെയ്ക്കുന്നുണ്ട്. കാണേണ്ടവര് കാണുമെന്നുള്ള ഉള്കാഴ്ചയില്.