കോഴിക്കോട് കടപ്പുറത്തെ തട്ടുകടകള് ഇപ്പോഴും പ്രവര്ത്തിക്കുന്നത് ശുചിത്വ മാനദണ്ഡങ്ങള് കാറ്റില്പ്പറത്തി. ആവര്ത്തിച്ച് മുന്നറിയിപ്പ് നല്കിയിട്ടും പിഴ ചുമത്തിയിട്ടും വൃത്തിയോടെ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യാന് നടത്തിപ്പുകാര് തയ്യാറാകുന്നില്ല. തുടര്ച്ചയായി റെയ്ഡ് നടത്തിയിട്ടും ഫലം കാണാത്തതിന്റെ നിരാശയിലാണ് കോര്പ്പറേഷന് ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും.
ചില്ലിട്ട കൂട്ടില് പതിവ് പോലെ സാധനങ്ങള് നിരത്തിവച്ചിട്ടുണ്ട്. ഉപ്പിലിട്ട മാങ്ങയും ഐസ് ഒരതിയും ചായയും കടിയുമെല്ലാം ആസ്വദിച്ച് കഴിക്കുകയാണ് എല്ലാവരും. മുന്വശം കണ്ടാല് വലിയ പ്രശ്നമില്ല. എന്നാല് പുറകിലേയ്ക്ക് ചെന്നാല് കഥമാറും. മിക്ക കടകളിലും മാലിന്യകൊട്ട തുറന്നുവച്ചിരിക്കുകയാണ്. അതിന് തൊട്ടടുത്ത് നിന്നാണ് ഭക്ഷണം വൃത്തിയാക്കുന്നതും പാചകം ചെയ്യുന്നതും.
കയ്യില് ഗ്ലൗസ് ധരിച്ചേ ഭക്ഷണം കൈകാര്യം ചെയ്യാവൂ എന്നാണ് ചട്ടം. ഭൂരിഭാഗം പേര്ക്കും അതിനെക്കുറിച്ച് ധാരണയില്ല. അതിഥി തൊഴിലാളികളാണ് ഒട്ടുമിക്ക കടകളിലും ജോലി ചെയ്യുന്നത് . ഇവരെ കാര്യങ്ങള് പറഞ്ഞ് ബോധ്യപ്പെടുത്താനും ആവശ്യമായ പരിശീലനം നല്കാനും നടത്തിപ്പുകാര് ശ്രമിക്കാറില്ല. കടകളിലെ അഴുക്ക് വെള്ളം ബീച്ചിലേയ്ക്ക് തുറന്നു വിടുകയാണ് ചെയ്യുന്നത്. ആരും ചോദിക്കാനുമില്ല, പറയാനുമില്ല.
മനോഹരമായ വൈകുന്നേരങ്ങള് ആസ്വദിച്ച് എന്തെങ്കിലുമൊക്കെ കൊറിച്ച് ബീച്ചില് കറങ്ങാന് വരുന്നത് ഒരു പ്രത്യേക വൈബാണെന്ന കാര്യത്തില് സംശയമില്ല. എന്നാല് ആ വൈബ് തേടിയെത്തുന്നവര്ക്ക് വൃത്തിയുള്ള ഭക്ഷണം കൊടുക്കാന് നടത്തിപ്പുകാര് ഉത്തരവാദിത്തം കാട്ടണം. രോഗങ്ങളെ ക്ഷണിച്ചുവരുത്തരുത്.