രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളുടെ ചിറകുകൾ അരിഞ്ഞുതുടങ്ങിയത് നോട്ട് നിരോധനത്തിലൂടെ ആയിരുന്നെന്ന് എഴുത്തുകാരി കെ.ആർ. മീര. രണ്ടാം സ്വാതന്ത്ര്യസമരം ആരംഭിക്കേണ്ടിയിരുന്നത് 2016 നവംബര്‍ ഒമ്പതിനു രാവിലെയായിരുന്നെന്നും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മീര പറയുന്നു. അതിൽപ്പിന്നെ ഈ രാജ്യത്ത് ഒരു തിരഞ്ഞെടുപ്പും നിഷ്പക്ഷമായി നടന്നിട്ടില്ലെന്നാണ് തന്‍റെ വിശ്വാസമെന്നും മീര പറയുന്നു.  

റിസർവ് ബാങ്ക് ഗവർണർ ഒപ്പിട്ട ഒരു കടലാസ് കഷ്ണത്തിനു ലോകത്തെ ഒരു പരമാധികാര രാഷ്ട്രം കൽപ്പിക്കുന്നതും കൽപ്പിക്കേണ്ടതുമായ വില റദ്ദാക്കിയ ആ ദിവസമാണ് ഇന്ത്യൻ ജനാധിപത്യമെന്ന പക്ഷിയുടെ ചിറകുകളുടെ തുമ്പുകൾ അരിഞ്ഞത് എന്നാണു വെറുമൊരു എഴുത്തുകാരിയായ തന്‍റെ വിശ്വാസമെന്ന് മീര പറയുന്നു. എതിർ ശബ്ദങ്ങൾ നിലയ്ക്കുന്നത്, മാധ്യമങ്ങൾ ഗവൺമെന്‍റിന്‍റെ ആജ്ഞാനുവർത്തികളാകുന്നതും അന്ന് മുതലാണ്. അതിന് ശേഷമാണ് കൂടുതൽ കൈത്തണ്ടകളിൽ ഓറഞ്ച് ചരടുകൾ നിറയുന്നത് കണ്ടതെന്നും മീര പറയുന്നു. 

നോട്ട് നിരോധനവും ഗൗരി ലങ്കേഷിന്‍റെ കൊലപാതകവും വരെയുള്ള കാലത്തുനിന്നാണ്  'ഘാതകൻ' എന്ന നോവൽ പിറന്നതെന്നും മീര  വെളിപ്പെടുത്തി. രണ്ടാമത്തെ സംഭവം ബാബ്റി മസ്ജിദ് രാംജൻമഭൂമി ട്രസ്റ്റിനു വിട്ടുകൊടുത്തതും അവിടെ രാമക്ഷേത്രം പണിതതും അതിന്‍റെ പൂജാകർമങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തതുമായിരുന്നു. മറ്റൊരു സ്വാതന്ത്ര്യസമരത്തിനുള്ള സമയമായിരുന്നു. ആരും അതിനു തയ്യാറായില്ല. എന്നാൽ താൻ 'ഖബർ' എന്നൊരു ചെറിയ നോവൽ എഴുതി തന്‍റെ സങ്കടം തീർത്തു- മീര കുറിച്ചു.

'മൂന്നാമത്തെ അവസരം എൻആർസി ഏർപ്പെടുത്തിയപ്പോഴാണ്. 2019 ഡിസംബറിലും 2020 ജനുവരിയിലും യൂണിവേഴ്സിറ്റികളിൽ നടന്ന പൊലീസ് നായാട്ടും ആ സമരം ഷഹീൻബാഗിൽ പൗരത്വപ്രക്ഷോഭമായി വികസിച്ചതുമായിരുന്നു. അന്നും രാജ്യത്തെ യുവത്വവും ഷഹീൻബാഗിലെ സ്ത്രീകളുമാണു സമരം നയിച്ചത്. അതു വലിയൊരു സ്വാതന്ത്ര്യസമരമായി മാറേണ്ടതായിരുന്നു. ജനാധിപത്യത്തിന്‍റെ ഊടുംപാവും വലിച്ചുകീറുന്ന നടപടിയാണു പൗരത്വനിയമം എന്നു നാം അംഗീകരിക്കാൻ ഭയന്നു'.

'ഇനിയും ചോദ്യം ചെയ്യാൻ വൈകിക്കൂടാ എന്നു നമ്മെ ബോധ്യപ്പെടുത്തിയത്, ഇപ്പോഴെങ്കിലും ശബ്ദമുയർത്താൻ ശക്തിതന്നത്  നമ്മുടെ ചെറുപ്പക്കാരാണ്. ഒരു രാജ്യം അതിന്‍റെ ശത്രു സൈന്യത്തെ തുരത്താനെന്നതുപോലെ  അമ്പതിനായിരം പൊലീസിനെയും അർദ്ധസൈനികരെയും അണിനിരത്തുന്നു, അവരെ ഉപയോഗിച്ച് രാജ്യത്തിന്‍റെ ഭാവിയായ യുവജനങ്ങളെ അടിക്കുകയും ഇടിക്കുകയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്യുന്നു, ഇടിവണ്ടിയിൽ കയറ്റുന്നു, ചെറുപ്പക്കാർ വീണ്ടും സമരം തുടരുന്നു, വീണ്ടും അറസ്റ്റിലാകുന്നു, വീണ്ടും തിരികെ വരുന്നു. മാപ്പെഴുതിക്കൊടുത്തു രക്ഷപ്പെടാൻ ഈ കുട്ടികൾക്കു തോന്നാത്തതെന്തുകൊണ്ട് ? '

ഇന്നലെ ഹൈക്കോടതിയിൽ അഭിഭാഷകരുടെ സംഘടനയായ ഐ.എ.എൽ ഗ്യാനേഷ് കുമാറിന്‍റെ പ്രതീകാത്മക ഇംപീച്ച്മെന്റ് നടത്തിയെന്നും  തുടർന്നുള്ള പ്രതിഷേധ യോഗത്തിലേക്ക് താൻ പങ്കെടുത്തെന്നും ഒരു ചീഫ് ഇലക്ഷൻ കമ്മീഷണറെ പ്രതീകാത്മകമായെങ്കിലും ഇംപീച്ച് ചെയ്യുന്നതിനു സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ജീവിതത്തിലൊരിക്കലും കരുതിയിരുന്നില്ലെന്നും മീര പറയുന്നു. 

നേഹ ബോറയും ഐഷി ഘോഷും പവിത്രയും ശരണ്യയും ഉൾപ്പെടെയുള്ള പെൺകുട്ടികൾ നയിക്കുന്ന ഈ സമരം പൂർണ ജനാധിപത്യത്തിന്റെ പ്രതീകമാണ്. സ്ത്രീവിരുദ്ധത തുടച്ചു മാറ്റാതെ ഒരു ജനാധിപത്യവും പൂർണ ജനാധിപത്യമാകുകയില്ല. ഡൽഹിയിലെ സിജെപി സമരത്തിനിടെ പാന്റ്സ് ഊരിയെടുത്ത പോലീസിനോട് എന്നെ വസ്ത്രം ഊരിയെടുത്താലും  ഭരണകൂടത്തിന്റെ നഗ്നത മറയ്ക്കാൻ സാധ്യമല്ലെന്നു പറയാൻ ഒരു പെൺകുട്ടിക്കു ധൈര്യമുണ്ടായി എന്നതാണു നമ്മുടെ ധൈര്യമെന്നും മീര കുറിപ്പിൽ പറയുന്നു. 

ENGLISH SUMMARY:

KR Meera notes ban impact on Indian democracy is the central theme of the writer's recent Facebook post discussing political changes. The article reflects on how demonetisation and subsequent events crippled democratic values in the country.