നെടുമ്പാശ്ശേരി വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഗോപികയുടെ പിതൃസഹോദരൻ എം.ആർ. അനിൽകുമാറിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. മകളെ കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ കൂടുതൽ തന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ടെന്നും, സംഘടന തീരുമാനപ്രകാരവും തന്റെ അഭ്യുദയകാംക്ഷികളുടെ സ്‌നേഹ നിർബന്ധത്താലുമാണ് നടപടി സ്വീകരിക്കുന്നതെന്നും ശശികല ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

പത്ര സമ്മേളനത്തിനിടെ അനിൽകുമാർ തന്നെ എന്തെങ്കിലും വിളിച്ചതിനെതിരെയല്ല കേസ് കൊടുക്കുന്നത്. താൻ ഒരിക്കലും പറയാത്ത ഒരു കാര്യം തികച്ചും നിരുത്തരവാദപരമായി വൈകാരികമായ ഒരു മുഹൂർത്തത്തിൽ പത്രമാധ്യമങ്ങൾക്ക് മുന്നിൽ തന്റെ പേരിൽ ആരോപിച്ചതിനെതിരെയാണ് നിയമനടപടികളുമായി മുന്നോട്ടുപോകുന്നതെന്നും ശശികല വ്യക്തമാക്കി. കേസ് വഴി തിരിച്ചു വിടുക എന്ന ദുരുദ്ദേശംഅനിൽകുമാറിന്റെ ഈ ആരോപണത്തിന് പിന്നിലുണ്ട് എന്നത് സംശയിക്കുന്നെന്നും ശശികല. 

'പത്രസമ്മേളനത്തിനുശേഷം ഒരേ നാട്ടുകാരൻ ആണല്ലോ എന്ന ധൈര്യത്തിൽ അദ്ദേഹത്തെ വിളിച്ചു. ശശികല അല്ലേ എന്ന് ഇങ്ങോട്ട് ചോദിച്ചപ്പോൾ ഞാൻ വിചാരിച്ചു പട്ടാമ്പിക്കാരനല്ലേ ഏതെങ്കിലും തരത്തിൽ കോൺടാക്ട് ലിസ്റ്റിൽ ഞാൻ കണ്ടേക്കാം അതുകൊണ്ട് എന്റെ പേര് സേവ് ചെയ്തിട്ടുണ്ടോ എന്ന് വളരെ സ്വാഭാവികമായി ഞാൻ ചോദിച്ചു? പക്ഷേ എല്ലാ ഉത്തരവും ഒരു വൈരാഗ്യ ബുദ്ധിയോട് കൂടിയായിരുന്നു ഞാൻ അങ്ങനെ പറഞ്ഞതിന്, സ്ക്രീൻഷോട്ടോ അല്ലെങ്കിൽ ലിങ്കോ കൈവശമുണ്ടെങ്കിൽ അത് ചോദിക്കുക എന്നായിരുന്നു എന്റെ ഉദ്ദേശം പക്ഷേ ചോദ്യം മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അദ്ദേഹം എന്നോട് തട്ടിക്കയറി!' - ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ഇതിനാലാണ് മാനനഷ്ടത്തിന് കേസ് കൊടുക്കുന്നതെന്നും ഇന്നലെ രാവിലെ വരെ പ്രതിയെയും പ്രതിയുടെ മാതാവിനെയും അവരുടെ സ്ഥാപനത്തെയും പറ്റി നിറഞ്ഞുനിന്നിരുന്ന വാർത്തകൾ ഇദ്ദേഹത്തിന്റെ ഒറ്റ പത്രസമ്മേളനത്തോടെ വഴിതിരിച്ചുവിട്ടു തന്നിലേക്ക് മാത്രമായി ചുരുക്കിയെന്നും ശശികല ആരോപിച്ചു. അത്ര നിഷ്കളങ്കമായി അതിനെ കാണാൻ പറ്റില്ലെന്നും ഹിന്ദു മുസ്ലിം എന്ന തരത്തിൽ ഞാൻ പറഞ്ഞു എന്ന് തെളിയിക്കാവുന്ന ഒന്നും ആരുടെ കയ്യിലും ഇല്ലെന്നും ശശികല പറയുന്നു.

എന്നാൽ ആരോ പറഞ്ഞുറപ്പിച്ചപോലെ പല ഹാൻഡിലുകളും അത് കൈകാര്യം ചെയ്തു. ആ അജണ്ട ആരാണ് സെറ്റ് ചെയ്തത് എന്നും ഇതിൽ പണം ഇറക്കിയത് ആരാണ് എന്നും പുറത്തു വരാൻ വേണ്ടിയെങ്കിലും ഇങ്ങനെ ഒരു കേസുമായി മുന്നോട്ടുപോയേ മതിയാകൂ എന്നും ശശികല വ്യക്തമാക്കി. 

 

 

 

ENGLISH SUMMARY:

Hindu Aikya Vedi leader K.P. Sasikala initiating legal action against M.R. Anilkumar for defamation regarding the Nedumbassery accident controversy. This report covers her recent Facebook statement addressing the allegations and the motives behind the legal steps.