Image: Manorama

  • ട്രെയിന്‍ യാത്രയില്‍ ഇനി അല്‍പം ശാന്തതയാവാം, ഒച്ചപ്പാടും ബഹളവും വേണ്ട, പണി പിന്നാലെ...

ട്രെയിന്‍ യാത്രയ്ക്കിടെ അടുത്തിരിക്കുന്നവന്റെ കര്‍ണപുടം അടിച്ചുപോകും വിധത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവരും ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നവരും ബഹളം വയ്ക്കുന്നവരുമുണ്ട്. ഇയര്‍ഫോണ്‍ ഉപയോഗിക്കാതെ മറ്റുള്ളവരെ അലോസരപ്പെടുത്തും വിധം പെരുമാറുന്നവര്‍ക്ക് ഇനി പണിയാകും. ഇത്തരം ശല്യക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് റെയില്‍വേയുടെ നീക്കം.

Also Read: 'മന്ത്രിമാരുള്‍പ്പടെ 25 എംഎല്‍എമാര്‍ ബിജെപിയിലേക്ക്'; 'കൊണ്ടുപൊയ്​ക്കോ'; പരിഹസിച്ച് ഡി.കെ

ആയിരം രൂപ പിഴയാണ് ആദ്യപടി. ആവര്‍ത്തിച്ചാല്‍ തടവുശിക്ഷയും കൂടുതല്‍ പിഴയും ലഭിക്കാം. ഇതിനുള്ള നിര്‍ദേശം ദക്ഷിണ റെയിൽവേ നൽകിക്കഴിഞ്ഞു. ട്രെയിനുകള്‍ക്കുള്ളില്‍ മാത്രമല്ല റെയില്‍വേ സ്റ്റേഷനുകളിലും ഇത്തരം ശബ്ദമലിനീകരണം നിയന്ത്രിക്കാനുള്ള നടപടി കര്‍ശനമാക്കും.

ഒന്നുകില്‍ എത്രയുംവേഗം ഇയര്‍ഫോണ്‍ വാങ്ങി ഉപയോഗിച്ച് ശീലിക്കുക, അതല്ലെങ്കില്‍ പിഴത്തുക കയ്യില്‍ കരുതുക. ഇതുസംബന്ധിച്ച് ദക്ഷിണ റെയില്‍വേ വാണിജ്യവിഭാഗം സര്‍ക്കുലര്‍ പുറത്തിറക്കി. നിയന്ത്രണം സംബന്ധിച്ച് യാത്രക്കാരെ ബോധവല്‍ക്കരിക്കുകയാണ് ആദ്യഘട്ടം . മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾക്കു പുറമേ ഹിന്ദിയിലും ഇംഗ്ലിഷിലും അറിയിപ്പുകൾ നൽകും.

സ്പീക്കർ മോഡിൽ പാട്ടുകളും വിഡിയോകളും വയ്ക്കരുതെന്നും ഉച്ചത്തിൽ സംസാരിക്കുന്നത് ഒഴിവാക്കണമെന്നും ബോധവല്‍കരണസന്ദേശങ്ങളില്‍ വ്യക്തമാക്കും. ഇയര്‍ഫോണ്‍ ഉപയോഗത്തെക്കുറിച്ചും മാര്‍ഗനിര്‍ദേശമുണ്ടാകും. ബോധവൽക്കരണ നടപടികൾ സംബന്ധിച്ച് ഈമാസം ഇരുപതിനകം റിപ്പോര്‍ട്ട് നല്‍കാനും ദക്ഷിണ റെയിൽവേ ഡിവിഷണല്‍ ഓഫിസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട് .

ഇനി ടിടിഇമാരുടെ ജോലി ടിക്കറ്റ് പരിശോധന മാത്രമാകില്ല, സഹയാത്രികരെ ശല്യപ്പെടുത്തുന്നവരെ പിടികൂടല്‍ കൂടിയാകും. റെയില്‍വേ നിയമത്തിലെ 145ാം വകുപ്പുപ്രകാരമാണ് നടപടി സ്വീകരിക്കുക. ശല്യക്കാരെ ഉടന്‍ ട്രെയിനില്‍ നിന്ന് നീക്കാനും ടിക്കറ്റ് റദ്ദാക്കാനും പിഴ ചുമത്താനും ഇതില്‍ വ്യവസ്ഥയുണ്ട്. റെയില്‍വേ ജീവനക്കാരുടെ നിര്‍ദേശം അവഗണിച്ചാല്‍ ആറുമാസം വരെ തടവോ 5000രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിച്ചേക്കാം. ടിടിഇ റാങ്കില്‍ കുറയാത്ത അധികാരമുള്ള വാണിജ്യവിഭാഗം ജീവനക്കാര്‍ക്കാണ് നടപടിയെടുക്കാനുള്ള ചുമതല.

2012ല്‍ സമാനമായൊരു നിര്‍ദേശം റെയില്‍വേ നല്‍കിയിരുന്നു. ട്രെയിനുകളിലെ ഉച്ചത്തിലുള്ള സംസാരം, ദീര്‍ഘനേരത്തെ ഫോണ്‍ സംഭാഷണം, അലോസരമുണ്ടാക്കുന്ന റിങ് ടോണുകള്‍ എന്നിവ നിയന്ത്രിക്കാനായിരുന്നു അത്. അതിന്റെ തുടര്‍ച്ച കൂടിയാണിപ്പോള്‍ സ്പീക്ക‍ര്‍ മോഡില്‍ ഓഡിയോയും വിഡിയോയും വയ്ക്കുന്നതിനെതിരെ വന്നിരിക്കുന്നത്.

Listen Through Earphones, Not Speakers! Southern Railway Plans Action Against Loud Music on Trains:

Southern Railway is planning stricter action against passengers who disturb fellow travellers by playing music or videos loudly on mobile phones, using speaker mode, or speaking excessively loudly during train journeys. The initial focus will be on passenger awareness, with announcements in Malayalam and other regional languages, Hindi, and English, while railway divisions have been instructed to submit reports on awareness measures by October 20.