ദീപാവലിക്ക് നാട്ടിലെത്താന്‍ പരക്കംപായുന്ന മലയാളികള്‍ക്ക് ആശ്വാസമായി സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ആറിന് (വെള്ളിയാഴ്ച) വൈകിട്ട് 4.40ന് ബെംഗളൂരു കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ നിന്നാണ് തിരുവനന്തപുരം നോര്‍ത്തിലേക്കുള്ള എക്സ്പ്രസ് ട്രെയിന്‍ (06575) പുറപ്പെടുന്നത്. ഏഴിന് രാവിലെ 10.30ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. 

ഏഴിന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12.40നാണ് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് തിരിച്ചുള്ള ട്രെയിന്‍ (06576). പിറ്റേന്ന് (ഞായറാഴ്ച) രാവിലെ ആറുമണിക്ക് ബെംഗളൂരു കന്‍റോണ്‍മെന്‍റിലെത്തും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വര്‍ക്കല സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. 

എസ്.എം.വി.ടി ബെംഗളുരു സ്റ്റേഷനില്‍ നിന്ന് ഏഴിന് (ശനിയാഴ്ച) പുലര്‍ച്ചെ 12.05നാണ് കണ്ണൂരിലേക്കുള്ള സ്പെഷല്‍ ട്രെയിന്‍ (06545). ഏഴിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂരിലെത്തും. തിരിച്ചുള്ള ട്രെയിന്‍ (06546) എഴിന് വൈകിട്ട് 6.25ന് കണ്ണൂരില്‍ നിന്ന് പുറപ്പെടും. എട്ടിന് (ഞായറാഴ്ച) രാവിലെ 9.45ന് ബെംഗളൂരു കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലാണ് യാത്ര പൂര്‍ത്തിയാക്കുക. നാല് എസി കോച്ചുകളും 8 സ്‍ലീപ്പര്‍ കോച്ചുകളും 4 ജനറല്‍ കോച്ചുകളുമാണ് ദീപാവലി സ്പെഷല്‍ ട്രെയിനില്‍ ഉള്ളത്. 

തിരുവനന്തപുരം നോർത്ത്–താംബരം സ്പെഷൽ (06164) പത്തിന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും. നാഗർകോവിൽ, മധുര വഴിയാണ് സർവീസ്. തിരിച്ചുള്ള ട്രെയിൻ (06163) 11ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ അഞ്ചിന് തിരുവനന്തപുരത്ത് എത്തും. 

​തിരുവനന്തപുരം നോർത്ത്–ചെന്നൈ എഗ്മൂർ സ്പെഷൽ (06158) പത്തിന് രാത്രി 7.40ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്കു ഒരുമണിക്ക് ചെന്നൈയിലെത്തും. തിരിച്ചുള്ള ട്രെയിൻ (06157) 11ന് വൈകിട്ട് 3.15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15ന് തിരുവനന്തപുരം നോർത്തിൽ എത്തും. ആലപ്പുഴ, എറണാകുളം, പാലക്കാട് വഴിയാണ് സർവീസ്.​

ദീപാവലി പ്രമാണിച്ച് ചെന്നൈ താംബരത്തുനിന്ന് തെങ്കാശിയിലേക്ക് സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഏഴിന് രാവിലെ 5 മണിക്ക് താംബരത്തുനിന്ന് പുറപ്പെടുന്ന് ട്രെയിന്‍ വൈകിട്ട് 4.45ന് തെങ്കാശിയിലെത്തും. തിരിച്ചുള്ള ട്രെയിന്‍ ഒന്‍പതിന് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ചെങ്കോട്ടയില്‍ നിന്നാണ് പുറപ്പെടുക. പിറ്റേന്ന് പുലര്‍ച്ചെ 3.20ന് താംബരത്തെത്തും.

ENGLISH SUMMARY:

Diwali special trains to Kerala have been announced by Southern Railway to help travelers reach their hometowns comfortably during the festive season. This News provides the complete schedule, timings, and stoppage details for these special services operating between Bangalore, Chennai, Thiruvananthapuram, Kannur, and Tenkasi.