സിപിഎം അടൂർ ഏരിയ സെക്രട്ടറിയുടെ കാറിന്‍റെ ചില്ലു തകർത്ത യൂത്ത് കോൺഗ്രസ് നേതാക്കളുടെ കടകൾ തകർക്കുമെന്ന് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി ഫെയ്സ് ബുക്ക് പേജിലാണ് ഭീഷണി.
Also Read: പഠിക്കാന്‍ മിടുക്കി, വിവാഹത്തോടെ എമില്‍ഡയ്ക്ക് കൂലിപ്പണിക്കിറങ്ങേണ്ടിവന്നു; മരിച്ചത് കുഞ്ഞിനു മുന്നില്‍
എബിൻ ശിവദാസിന്‍റെ മൈക്രോ ലാബ്, റെനോ പി രാജന്‍റെ ബ്യൂട്ടി പാർലർ, ഫെന്നി നൈനാന്‍റെ ട്രോഫിക്കട, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കളിപ്പാട്ട കട. ഈ കടകളുടെയെല്ലാം മനോഹരമായ ഗ്ലാസാണെന്നും ഒന്നിന് ഒൻപതാണ് ശീലമെന്നുമാണ് പറയുന്നത്. കാത്തിരുന്ന് കാണാമെന്നും പേജിൽ പറയുന്നു. ശനിയാഴ്ച രാത്രിയാണ് അടൂരിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ ഏറ്റുമുട്ടൽ ഉണ്ടായത്. അടൂർ ഏരിയ സെക്രട്ടറിയെ മർദിക്കുകയും കാറിന്‍റെ ചില്ലു തകർക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ഫെയ്സ്ബുക്കിലൂടെയുള്ള ഭീഷണി.
Also Read: കുന്നംകുളത്ത് യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നു; ഭാര്യയും കാമുകനും പിടിയില്‍
അതേസമയം പുറത്താക്കപ്പെട്ടിട്ടും അടൂരിലെ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ ഇടപെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഡിസിസി പ്രസിഡന്റും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും. രാഹുൽ കോൺഗ്രസുകാരനാണെന്നും തിരിച്ചെടുക്കണോ എന്ന് കെപിസിസി തീരുമാനിക്കട്ടെ എന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. ‘രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസുകാരനാണ്. നടപടിയെടുത്തത് കെപിസിസി ആണ്. തിരിച്ചെടുക്കണോ എന്ന് കെപിസിസി തീരുമാനിക്കും. മുൻപും പലർക്കെതിരെയും നടപടി വന്നിട്ടുണ്ട്. തിരിച്ചെടുത്തിട്ടുമുണ്ട്.
രാഹുലിനെക്കുറിച്ച് യുഡിഎഫ് കൺവീനർ എന്ത് പറഞ്ഞു എന്ന് തനിക്കറിയില്ല. അത് അദ്ദേഹത്തോട് ചോദിക്കണം’– അടൂരിൽ രാഹുൽ ഇടപെട്ടതിനെക്കുറിച്ച് അറിയില്ലെന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. രാഹുൽ പാർട്ടിയെ ഹൈജാക്ക് ചെയ്തിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് വിജയ് ഇന്ദുചൂഡൻ പറഞ്ഞു.
കോൺഗ്രസിൽ നിന്ന് പുറത്താക്കിയിട്ടും എന്നിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കാൻ കഴിയില്ലെന്ന് ഒരാൾ പറഞ്ഞാൽ എന്തുചെയ്യും. കോൺഗ്രസിനോട് അനുഭാവമുള്ള ഒരാളെ എങ്ങനെ തള്ളിപ്പറയാൻ കഴിയും എന്നും വിജയ് ചോദിക്കുന്നു. അതേ സമയം അക്രമത്തിൽ സിപിഎമ്മിൽ തന്നെ ഭിന്നതയുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിൻറെ തിരിച്ചുവരവിന് കളമൊരുക്കുന്ന രീതിയിൽ ആയിപ്പോയി സംഘർഷം എന്നാണ് വിമർശനം.