വരകളിലെ രൂപം നൃത്തവേദിയിൽ ഭാവവും ചലനങ്ങളുമായി ജീവൻ വയ്ക്കുമ്പോൾ കൂട്ടിനെത്തുന്നത് ഇടയ്ക്കയുടെ താളം. മോഹിനിയാട്ടത്തിൽ വേറിട്ട പരീക്ഷണം നടത്തുന്ന, ചിത്രവും നൃത്തവും താളവും ഒരുപോലെ വഴങ്ങുന്ന ഒരു യുവകലാകാരിയുണ്ട് തൃശൂരിൽ.
കണ്ണന്‍റെ ചിത്രങ്ങൾ മാത്രം വരയ്ക്കുന്ന ഈ യുവ കലാകാരി ഗുരുവായൂരപ്പന്‍റെ അലങ്കാര വർണ്ണന വരച്ചും മോഹിനിയാട്ടത്തിലൂടെ നൃത്താവിഷ്കാരം നടത്തിയും ജനശ്രദ്ധ നേടുകയാണ്. ചിത്രം വരയ്ക്കുക മാത്രമല്ല, വരച്ച ചിത്രങ്ങളിലെ ഭാവവും ആശയവും നൃത്തത്തിലൂടെ അവതരിപ്പിക്കുക എന്ന അപൂർവ സിദ്ധിയാണ് ആമ്പല്ലൂർ സ്വദേശിയായ തീർത്ഥാഞ്ജലിയുടേത്. തന്‍റെ ഭക്തിയെ കൂടുതൽ ഉയരങ്ങളിലേയ്ക്ക് പിടിച്ചുയർത്താനാണ് മോഹിനിയാട്ടത്തെയും സോപാന സംഗീതത്തെയും തീർഥ കൂട്ടുപിടിക്കുന്നത്. ചിലങ്ക കെട്ടി ഇടയ്ക്ക കയ്യിലേന്തിയുള്ള യാത്രയിൽ വരകളും കൂട്ടാവുന്നു.
മോഹിനിയാട്ടത്തിലൂടെയുള്ള ഈ വേറിട്ട പരീക്ഷണത്തിന് പരിശീലനമില്ല. ഓരോ അലങ്കാര വർണ്ണനയെ കുറിച്ച് അറിയുന്നത് ഗുരുവായൂർ എത്തിയ ശേഷമാണ്. കേരളവർമ്മ കോളേജിൽ മോഹിനിയാട്ട സാഹിത്യത്തിൽ പിഎച്ച്ഡി ചെയ്യുകയാണ് ഈ ഇരുപത്തിയാറുകാരി. ചിത്രം കാണുന്നവർക്ക് ഒരു ദൃശ്യാനുഭവം... നൃത്തം കാണുന്നവർക്ക് ഭാവാനുഭവം. ആലാപനത്തിലൂടെ ഗാനാനുഭവം. ഇതാണ് തീർഥാഞ്ജലിയുടെ ലക്ഷ്യം.