ജീവിക്കാനായി പതിനഞ്ചാം വയസില്‍ കോഴിക്കോട്ടേക്ക് വണ്ടി കയറിയ തമിഴ് പയ്യന്‍. ഹോട്ടലില്‍ പണിയെടുത്തും സിനിമ പോസ്റ്ററൊട്ടിച്ചും പുസ്തകങ്ങള്‍ നടന്നുവിറ്റും അവന്‍ വിശപ്പടക്കാനുള്ള വക കണ്ടെത്തി. വില്‍ക്കാനായി ചേര്‍ത്തുപിടിച്ച പുസ്തകങ്ങളില്‍ നിന്ന് മലയാള അക്ഷരം പഠിച്ച അയാളുടെ ആത്മകഥ കഴിഞ്ഞദിവസം പ്രകാശനം ചെയ്തു. മലയാളത്തമിഴന്‍.
വായിച്ചും മറ്റുള്ളവരെ വായിപ്പിച്ചും 35 വര്‍ഷമായി ഇളങ്കോ കോഴിക്കോട് നഗരത്തിലുണ്ട്. വിയര്‍പ്പ് മണമുള്ള അനുഭവ താളുകള്‍ ഒന്നോന്നായി ചേര്‍ത്തുവച്ച് ഇളങ്കോ തുന്നിയ ജീവിത പുസ്തകം. അതിലേക്ക് അച്ചടി മഷി കൂടി പുരളുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ട് ആ മുഖത്ത്.