കോട്ടയത്തിനൊക്കെ എന്തുവാടേയുള്ളേ എന്ന് പുച്ഛിച്ച് ചോദിക്കുന്ന ഏതെങ്കിലും ഫ്രണ്ട്സ് നിങ്ങള്‍ക്ക് ഉണ്ടോ?. എങ്കില്‍ അവരോട് തല ഉയര്‍ത്തിപ്പിടിച്ച് പറഞ്ഞോളൂ. എടാ ഉവ്വേ കോട്ടയം എന്താ സുമ്മാവാ. കോട്ടയത്തെ ജീവിതം വേറെ ലെവലാണ്. വെറും തള്ളല്ല. ജീവിത നിലവാരത്തില്‍ അഥവാ ക്വാളിറ്റി ഓഫ് ലൈഫിന്റെ കാര്യത്തില്‍ ലോക സര്‍വേ പ്രകാരം ബെംഗളൂരുവിനേക്കാളും ഡല്‍ഹിയിലേക്കാളും ഒരുപാട് മുകളിലാണ് കോട്ടയം.

ലോകമെമ്പാടുമുള്ള ആയിരത്തോളം നഗരങ്ങളെ ഉള്‍പ്പെടുത്തി ഓക്സ്ഫോ‍ര്‍ഡ് എക്കണോമിക്സ് തയാറാക്കിയ ആഗോള സര്‍വേയില്‍ മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ പട്ടികയിലാണ് കോട്ടയം തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കണേ. ജീവിതനിലവാര സൂചികയില്‍ 53.6 ആണ് കോട്ടയത്തിന്റെ സ്കോര്‍. കോട്ടയത്തൊക്കെ എന്ത് ലൈഫ്,  ജീവിക്കുകയാണെങ്കില്‍ ബെംഗളൂരു മുംബൈയിലേക്കൊക്കെ പോകണമെന്ന് പറയുന്നവര്‍ ഒന്നറിയുക, ബെംഗളൂരു –41.3, ന്യൂഡല്‍ഹി–40.8, മുംബൈ– 38.8  എന്നിങ്ങനെയാണ് ഈ നഗരങ്ങളിലെ സ്കോര്‍.

ഇനി കേരളത്തിലേക്ക് നോക്കിയാലോ രണ്ടാം സ്ഥാനത്ത് കൊല്ലം, മൂന്നാം സ്ഥാനത്ത് തൃശൂര്‍, നാലാം സ്ഥാനത്ത് തിരുവനന്തപുരം, അഞ്ചാം സ്ഥാനത്താണ് കൊച്ചി. മിക്കവരുടെയും പ്രിയപ്പെട്ട കൊച്ചിയെയും തിരുവനന്തപുരത്തെയും തൃശൂരിനെയുമൊക്കെ മറികടന്നാണ്  കോട്ടയം കേരളത്തില്‍ ഒന്നാമതെത്തെയിത് ശ്രദ്ധേയമാണ്.

ഇനി എന്ത് അടിസ്ഥാനത്തിലാണ് ഈ സര്‍വേ?

അതത് സ്ഥലങ്ങളില്‍ താമസിക്കുന്നവരുടെ  ശരാശരി വരുമാനം, സാമ്പത്തിക സമത്വം, കുറഞ്ഞ വീട്ടുചെലവ്, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ കുറ്റകൃത്യനിരക്ക്, വിനോദ വിശ്രമ സൗകര്യങ്ങള്‍ തുടങ്ങിയ സുപ്രധാന ഘടകങ്ങള്‍ സമഗ്രമായി വിശകലനം ചെയ്താണ് ഓക്സ്ഫോര്‍ഡ് എക്കണോമിക്സ് ഈ സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്.

ENGLISH SUMMARY:

In a prestigious global survey conducted by Oxford Economics analyzing nearly a thousand cities worldwide, Kottayam has emerged as the top-ranking city in Kerala for quality of life. Kottayam achieved an impressive quality of life index score of 53.6, outperforming major Indian metropolises such as Bengaluru, New Delhi, and Mumbai. Within Kerala, Kollam bagged the second spot, followed by Thrissur, Thiruvananthapuram, and Kochi. The rankings were comprehensively evaluated based on key parameters including average income, economic equality, housing affordability, life expectancy, crime rates, and recreational facilities.