medicine-rate-news

ക്യാൻസർ ബാധിച്ച് മരിച്ച ഭാര്യ സരോജത്തിന്റെ ആഗ്രഹപൂർത്തീകരണത്തിനായി ആരംഭിച്ച നിയമപോരാട്ടത്തിൽ 76-ാം വയസ്സിൽ ചരിത്രവിജയം നേടി തൃപ്പൂണിത്തുറ സ്വദേശിയായ രാധാകൃഷ്ണൻ. ജീവൻരക്ഷാ മരുന്നുകൾക്ക് കമ്പനികൾ അമിതവില ഈടാക്കുകയാണെങ്കിൽ പേറ്റന്റുള്ള മരുന്നുകൾ പോലും സർക്കാരിന് നേരിട്ട് നിർമ്മിക്കാമെന്ന ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണത്തോടെയാണ് ഈ നിയമപോരാട്ടം വലിയ വിജയത്തിലെത്തിയത്. പ്രായത്തിന്റെ അവശതകളും ഭാര്യയുടെ വേർപാടും തളർത്താതെ രാധാകൃഷ്ണൻ നടത്തിയ ഈ പോരാട്ടം ആയിരക്കണക്കിന് സാധാരണക്കാരായ ക്യാൻസർ രോഗികൾക്കാണ് ഇനി പ്രതീക്ഷയാകാൻ പോകുന്നത്.

സ്തനാർബുദത്തോട് പൊരുതുന്നതിനിടയിലാണ് റിട്ടയേർഡ് ബാങ്ക് ജീവനക്കാരിയായ സരോജം 2022-ൽ ജീവൻരക്ഷാ മരുന്നുകളുടെ അമിതവില ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യക്ക് പിന്തുണയുമായി ഭർത്താവ് രാധാകൃഷ്ണനും നിയമപോരാട്ടത്തിൽ ഒപ്പം ചേർന്നു. എന്നാൽ കേസിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെ സരോജം മരണപ്പെടുകയും, ഇതോടെ കേസ് അവസാനിച്ചുവെന്ന് പലരും കരുതുകയും ചെയ്തു. വയസ്സുകാലത്ത് കേസിന് പിന്നാലെ നടന്ന് ആരോഗ്യം കളയരുതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഉപദേശിച്ചെങ്കിലും, തികഞ്ഞ ധൈര്യശാലിയായിരുന്ന ഭാര്യയുടെ സ്വപ്നം സഫലമാക്കാൻ രാധാകൃഷ്ണൻ തനിച്ചുതന്നെ പോരാട്ടം തുടരുകയായിരുന്നു.

ഭാര്യയുടെ വേർപാടിൽ തനിച്ചായ രാധാകൃഷ്ണൻ, അവരുടെ ഓർമ്മകൾ നെഞ്ചിലേറ്റിയാണ് ബാക്കിയുള്ള നിയമനടപടികളുമായി മുന്നോട്ടുപോയത്. പേറ്റന്റുള്ള മരുന്നുകളുടെ അമിതവില കാരണം നിർധനരായ രോഗികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. സരോജത്തിന്റെ ആഗ്രഹം പോലെ ജീവൻരക്ഷാ മരുന്നുകൾ സാധാരണക്കാർക്ക് ലഭ്യമാകുന്നതുവരെ നിയമപോരാട്ടത്തിന്റെ ബാക്കി ഘട്ടങ്ങളുമായി മുന്നോട്ടുപോകാനാണ് ഈ 76-കാരന്റെ തീരുമാനം.

ENGLISH SUMMARY:

At 76 years of age, Radhakrishnan, a resident of Tripunithura, has won a landmark legal battle that offers hope to countless cancer patients across the country. The High Court issued a decisive ruling stating that the government can manufacture patented life-saving drugs if pharmaceutical companies fail to reduce their excessive prices. The legal fight was originally initiated in 2022 by Radhakrishnan's late wife, Sarojam, a retired bank employee who courageously approached the court while fighting breast cancer. Despite losing his wife during the course of the litigation, Radhakrishnan persevered through grief and age-related challenges to fulfill Sarojam's vision.