കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷിക ദിനത്തിൽ വൈകാരിക പോസ്റ്റ് പങ്കുവച്ച് മകൻ ബിനീഷ് കോടിയേരി. കോടിയേരിയുടെ വേർപാടോടെ കുടുംബത്തിനെതിരായ വേട്ടയാടൽ നിലച്ചെന്നും ഇപ്പോൾ പാർട്ടിയെ ആക്രമിക്കാൻ മുൻ നേതാവിനെ ഒരു ഉപകരണമായി ഉപയോഗിക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദീർഘമായ കുറിപ്പിൽ ബിനീഷ് ആരോപിച്ചു. വ്യക്തികൾ മാറിവരുമെങ്കിലും വേട്ടയാടുന്ന രീതിക്കും വ്യവസ്ഥിതിക്കും യാതൊരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 22 വർഷമായി തനിക്കെതിരെ ഉയർന്നുവന്ന കിളിരൂർ കേസ്, മെർക്കിസ്റ്റൺ ഭൂമി ഇടപാട്, പോൾ മുത്തൂറ്റ് വധക്കേസ്, ടോട്ടൽ ഫോർ യു തട്ടിപ്പ്, ബെംഗളൂരു ഇ.ഡി. കേസ് തുടങ്ങിയ വിവാദങ്ങളെക്കുറിച്ച് കുറിപ്പിൽ ബിനീഷ് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ കേസുകളിലൊന്നിലും സി.ബി.ഐയോ മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളോ തന്നെ പ്രതിയാക്കിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. അച്ഛൻ കോടിയേരി ബാലകൃഷ്ണനെ രാഷ്ട്രീയമായി തളർത്താൻ ലക്ഷ്യമിട്ടാണ് പേരിനൊപ്പമുള്ള ‘കോടിയേരി’ എന്ന നാമം മാധ്യമങ്ങളും എതിരാളികളും ഉപയോഗിച്ചതെന്നും ബിനീഷ് ആരോപിച്ചു. രോഗബാധിതനായിരിക്കുമ്പോഴും സംഘപരിവാറിന്റെ ഭാഗത്തുനിന്നുണ്ടായ രാഷ്ട്രീയ ഒത്തുതീർപ്പ് നിർദേശങ്ങൾ നിരസിച്ച് പാർട്ടിയോടൊപ്പം ഉറച്ചുനിന്ന കോടിയേരിയുടെ നിലപാടാണ് തന്റെ ധൈര്യമെന്നും ബിനീഷ് കുറിപ്പിൽ പറയുന്നു. “My children, do not weep, I am not going very far, I shall see you from there. You will only have to look when it is night, you will see me smile”. വിക്ടർ ഹ്യൂഗോയുടെ വിഖ്യാത കഥാപാത്രം ജീൻ വാൽജീൻ മരണത്തിന് മുൻപ് മക്കളോട് പറഞ്ഞ വാചകം എനിക്ക് ഇടയ്ക്കിടെ ഓർമവരും. ആകാശച്ചെരുവിലെവിടെയോ അച്ഛൻ ഉദിച്ചുനിൽക്കുന്നുണ്ട്. എനിക്ക് വഴികാട്ടുന്ന രാത്രിനക്ഷത്രമായി!!

അച്ഛൻ മരണക്കിടക്കയിൽ പറഞ്ഞ വാചകം ഞാൻ ഇടയ്ക്കിടെ ഓർക്കും. “കരയരുത്. വീണുപോയാലും ആരുടെയും കാൽ പിടിക്കരുത്. ഞാൻ ഇല്ലാതാകുന്നതോടെ നിങ്ങളും മോചിതരാകും. ഞാൻ മരിക്കുന്നതോടെ നിങ്ങളെ വേട്ടയാടുന്നത് അവർ അവസാനിപ്പിക്കും...!” അച്ഛൻ ഇല്ലാതായിട്ട് നാല് വർഷം തികയുന്നു. എത്ര തത്വചിന്താപരമായ വാക്കുകളാണത്. കോടിയേരി പോയി, ഞങ്ങളോടുള്ള വേട്ടയും നിന്നു. ജീവിച്ചിരിക്കുമ്പോൾ പ്രമേഹം കുറയാൻ കെട്ടിയ മരുന്ന് ചൂണ്ടിക്കാട്ടി ‘മന്ത്രമെഴുതിയ ഏലസ്’ എന്ന് പരിഹസിച്ചവർ, അച്ഛന്റെ കൈകൾക്കടിയിൽ വിവാദം കണ്ടെത്തിയവർ, ‘കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഈ പാർട്ടിക്ക് ഈ ഗതി വരില്ലായിരുന്നു’ എന്ന് മാറ്റിപ്പറയുന്നത് പാർട്ടിയോട് അവർക്ക് പെട്ടെന്ന് സ്നേഹം കൂടിയതുകൊണ്ടല്ല. ഇന്നിനെ അടിക്കാൻ മുൻപത്തെ നേതാവ് ഒരു ഉപകരണം. ഈ വൃത്തം തുടരും.

വ്യക്തികൾക്കേ മാറ്റമുണ്ടാകൂ. വേട്ടയ്ക്കോ വേട്ടനായ്ക്കൾക്കോ വേട്ടക്കാർക്കോ മാറ്റമില്ല. ഈ വ്യവസ്ഥിതി തുടരും, പ്രപഞ്ചം ഉള്ളിടത്തോളം കാലം. ഓർമയിൽ ചിതലരിക്കാത്ത ചിലത് ഓർമിപ്പിക്കാം. പഴയ വി.ഐ.പി. കഥ ചിലർ മറന്ന മട്ടാണ്. കിളിരൂരിലെ സിനിമാമോഹം ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ ചില നരാധമന്മാർ സംഘം ചേർന്ന് പീഡിപ്പിച്ചു. ഓർമയില്ലേ? ഇതിൽ ചില വി.ഐ.പികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന ആരോപണം അന്തരീക്ഷത്തിൽ ഉടലെടുത്തു. അന്ന് നിരവധി വിവാദങ്ങളിൽപ്പെട്ട് നട്ടംതിരിഞ്ഞ അന്നത്തെ യു.ഡി.എഫ്. സർക്കാരും അവരുടെ കൂലിയെഴുത്തുകാരായ ചില പത്രങ്ങളും ആദ്യം പ്രതിയെ ഫിക്സ് ചെയ്തു—പ്രതി ബിനീഷ് കോടിയേരി!!

കഥയുണ്ടായാൽ പോരല്ലോ, തിരക്കഥ കൂടി വേണ്ടേ. ‘ബോയിങ് ബോയിങ്’ സിനിമയിൽ ഏട്ടുവീട്ടിൽ രാഘവൻപിള്ള നാല് ഹരിജൻ യുവതികളെ ബലാത്സംഗം ചെയ്തു എന്ന നുണക്കഥ ഉണ്ടാക്കിയതുപോലെ പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. മുൻപ് നാടകാഭിനയവും ഉണ്ടായിരുന്ന എനിക്ക്, എന്റെ കാലക്കേടിന് സിനിമാമോഹം പിടിപ്പെട്ടത് ആയിടക്കാണ്. ഞാൻ അഭിനയിച്ച ആ സിനിമയിലേക്ക് ഈ പെൺകുട്ടിയെ കാസ്റ്റ് ചെയ്തിരുന്നുപോലും. പക്ഷേ എന്തോ, പരിഗണിക്കപ്പെട്ടില്ല. പോരേ പൂരം!!

ബിനീഷ് കോടിയേരി അഭിനയിച്ച സിനിമയിലേക്ക് പരിഗണിച്ച പെൺകുട്ടി പീഡനത്തിന് ഇരയായാൽ അതിന്റെ ഉത്തരവാദി ഞാനല്ലാതെ മാറ്റാര്? പിന്നെ കേസായി, അന്വേഷണമായി, പൊലീസായി, സി.ബി.ഐയായി. മൂന്ന് സി.ബി.ഐ. സംഘങ്ങൾ മാറിമാറിയാണ് ആ കേസ് അന്വേഷിച്ചത്. എന്നെ ചോദ്യം ചെയ്തുകൊണ്ടിരുന്നു. എന്നും പത്രവാർത്ത വരും. എനിക്ക് അന്ന് 20 വയസേ ഉള്ളൂ...!!! ഞാൻ ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത, അറിയാത്ത വ്യക്തികളെ എനിക്കൊപ്പം ചേർത്ത് കഥയുണ്ടാക്കി. ഒരു മഞ്ഞപ്പത്രക്കാരന്റെ തിരക്കഥ ദിനപത്രങ്ങൾക്ക് ലഭിക്കും. 

നീണ്ട എട്ട് വർഷം ആ കേസ് അന്വേഷിച്ചു. ഒടുവിൽ കേസിന്റെ വിധി വന്നു. ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രം 2012 മേയ് 16ന് പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട് ഇങ്ങനെ: “No ‘VIP’ in Kiliroor case: CBI.” ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ആ ഹതഭാഗ്യയായ പെൺകുട്ടിയെയും എന്നെയും ചേർത്ത് കഥയുണ്ടാക്കിയവരുടെ ലക്ഷ്യം, മൊട്ടേമ്മൽ ബാലകൃഷ്ണന്റെ മകൻ ബിനീഷ് ആയിരുന്നില്ല. എന്റെ പേരിന്റെ അറ്റത്ത് വന്ന പേര് ഉണ്ടല്ലോ—‘കോടിയേരി’ എന്ന നാമം. അതായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം ഒൻപത് വർഷവും നിറവേറ്റി എന്ന ചാരിതാർഥ്യത്തോടെ ലക്ഷ്യവും മാർഗവും പിഴച്ച വാർത്ത പാതാളക്കുഴിയിലേക്ക് പതിച്ചു. ആരെങ്കിലും മാപ്പ് പറഞ്ഞോ? കോടിയേരിയോട്?!! എന്റെ അച്ഛനോട്?

അതിന് ശേഷം വന്ന മെർക്കിസ്റ്റൺ ഭൂമി ഇടപാട് കേസ് ഓർമയില്ലേ? അന്നും ഉണ്ടായി കുറെ കോലാഹലങ്ങൾ. അച്ഛൻ ആഭ്യന്തരവകുപ്പ് മന്ത്രിയായിരിക്കെ സർക്കാർ നൽകിയത് തലസ്ഥാനത്തെ പ്രശസ്തമായ മൻമോഹൻ ബംഗ്ലാവായിരുന്നു. മരപ്പട്ടി ശല്യവും കെട്ടിടത്തിന്റെ പരിതാപകരമായ അവസ്ഥയും മൂലം അവിടെ വാസയോഗ്യമായിരുന്നില്ല. മന്ത്രിയായ ആദ്യഘട്ടത്തിൽ അദ്ദേഹം പാർട്ടി നൽകിയ എ.കെ.ജി. ഫ്ലാറ്റിലായിരുന്നു താമസം. എന്നാൽ പിന്നീട് മൻമോഹൻ ബംഗ്ലാവിലേക്ക് തന്നെ മാറി.

വാസ്തുദോഷം മാറാൻ മന്ത്രി പൂജ നടത്തിയെന്നായി അടുത്ത ആരോപണം. വാതിലും ജനലും പൊളിച്ചെന്നായി അടുത്തത്. പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ സർക്കാർ ഭവനം പുതുക്കിപ്പണിതതിന് കോടിയേരി കേട്ട ആക്ഷേപത്തിന് കണക്കില്ല. അങ്ങനെ ഈ വീട്ടിൽ ഇനി താമസിക്കേണ്ടതില്ലെന്ന് അച്ഛൻ തീരുമാനിച്ചു. മൻമോഹൻ ബംഗ്ലാവ് മാറി. വകുപ്പ് മറ്റൊരു വീട് വാടകയ്ക്ക് എടുത്തുനൽകി. ആ വീടിന്റെ ഉടമസ്ഥനായ സേവി മനോ മാത്യുവിന് പൊൻമുടിയിലെ മെർച്ചിസ്റ്റൺ എസ്റ്റേറ്റ് ഉണ്ടായിരുന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇസ്രോയ്ക്കുവേണ്ടി 81 ഏക്കർ ഭൂമി അയാളിൽനിന്ന് വാങ്ങാൻ കേന്ദ്ര സർക്കാർ സ്ഥാപനമായ ഇസ്രോ തീരുമാനിച്ചു. എന്നാൽ വനംവകുപ്പ് ഇത് പരിസ്ഥിതി ദുർബല പ്രദേശമായതിനാൽ വിൽക്കാൻ കഴിയില്ല എന്ന നിലപാട് എടുത്തു.

പോരേ പൂരം!! ഭൂമി തട്ടിപ്പുകാരനായ ഒരു വ്യക്തിയുടെ വീട്ടിൽ ആഭ്യന്തരമന്ത്രിയുടെ പൊറുതി. അവസാനം മാധ്യമങ്ങൾ കെട്ടിപ്പൊക്കിയ മെർച്ചിസ്റ്റൺ ഭൂമി കേസിൽ സേവി മനോ മാത്യുവിനെ വിജിലൻസ് കോടതി വെറുതേവിട്ടു. കോടിയേരി വഴിവിട്ട് എന്തെങ്കിലും ചെയ്തു എന്ന് കോടതിപോലും പറഞ്ഞില്ല. ഒന്നാലോചിച്ചുനോക്കൂ. ഗവൺമെന്റ് വകുപ്പ് എടുത്തുനൽകിയ വസതിയിൽ താമസിച്ചാലും വിവാദമുണ്ടാകും എന്ന തിരിച്ചറിവ് ഞങ്ങൾക്ക് പുതിയതായിരുന്നു.

പുതിയ കാലത്ത് ഇതൊക്കെ ഒന്ന് ചേർത്തുവായിക്കണം. ഇടതുപക്ഷ മന്ത്രിമാർ വീട് പണിനടത്തുമ്പോൾ ‘മോടിപിടിപ്പിക്കലും’, യു.ഡി.എഫ്. മന്ത്രിമാർ വീട് പണിനടത്തുമ്പോൾ ‘അറ്റകുറ്റപ്പണിയും’ ആകുന്ന പ്രത്യേകതരം ഒരു വ്യവസ്ഥ. കോടിയേരി എന്ന മനുഷ്യനെ കടിച്ചുവലിച്ചശേഷം ആ കേസും പാതാളത്തിലേക്ക് പോയി. പിന്നെ വന്ന പ്രമാദമായ കേസായിരുന്നു പോൾ മുത്തൂറ്റ് വധം. ബിനീഷ് കോടിയേരി ബന്ധം വാർത്തകൾ. അതിലും എന്നിലൂടെ അച്ഛനെയായിരുന്നു ലക്ഷ്യം. അച്ഛൻ അന്നും ആ കേസിലും കൃത്യമായി പൊതുസമൂഹത്തിൽ വന്ന് നിലപാട് പറഞ്ഞു: “ആരോട് ബന്ധം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രതികളെ പിടികൂടും.”

കൊലക്കേസിലെ പ്രതികളെ ഞാൻ ആഭ്യന്തരമന്ത്രിയുടെ വസതിയിൽ ഒളിപ്പിച്ചുവെന്ന് വരെ കഥയുണ്ടായി. എന്റെ ഉറ്റസുഹൃത്തുക്കളാണ് ഓം പ്രകാശ് എന്ന് മാധ്യമങ്ങൾ എഴുതി. ഒളിവിൽ പോയ ആരോപണവിധേയരെ ഒൻപത് ദിവസമേ വേണ്ടിവന്നുള്ളൂ പിടികൂടാൻ. പിടിയിലായവർ തന്നെ എന്നുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടും കാര്യമുണ്ടായില്ല. ഇതിനിടയിൽ നിശ്ചയം ഉറപ്പിച്ച ദിവസം, രണ്ട് വീട്ടുകാരും നേരത്തെ തീരുമാനിച്ച എന്റെ വിവാഹം നടന്നത് ഈ കേസുമൂലം എന്റെ കല്യാണം മുടങ്ങാതെ ഇരിക്കാൻ ആണെന്ന് വേറൊരു കള്ളക്കഥ പരന്നു. ഇതിനിടയിൽ പ്രതികളെ രക്ഷിക്കാൻ പൊലീസ് എസ്‌കോർട്ട് ഉണ്ടാക്കി എന്ന വാർത്ത വന്നു.ഇതെല്ലാം എന്നിലേക്ക് കണക്ട് ചെയ്ത് മാസങ്ങൾ വാർത്തയെഴുതി. അങ്ങനെ മാധ്യമങ്ങൾ മൂലം എന്റെ മധുവിധുകാലം നല്ല ശേലായിരുന്നു.

അവസാനം അതിലും സി.ബി.ഐ. തന്നെ വന്നു. ആ കേസെന്തായി? ബിനീഷ് കോടിയേരി പ്രതിയാണോ? ബിനീഷ് കോടിയേരി പ്രതികളെ രക്ഷിച്ചു എന്ന കണ്ടെത്തൽ സി.ബി.ഐക്ക് ഉണ്ടോ? നേരത്തെ പലവട്ടം കുത്തിമുറിവേൽപ്പിച്ച കോടിയേരിയുടെ രക്തം മോന്തിക്കുടിച്ച് എതിരാളികൾ ദാഹം മാറ്റി!!! എന്നിട്ടരിശം തീരാഞ്ഞിട്ടവൻ ആ പുരയുടെ ചുറ്റും മണ്ടിനടന്നു എന്ന് കുഞ്ചൻ നമ്പ്യാർ വർണിച്ചതുപോലെ. അവിടെക്കൊണ്ട് അവസാനിച്ചോ?

അടുത്തത് ടോട്ടൽ ഫോർ യു എന്ന തട്ടിപ്പ് കഥയായിരുന്നു. ശബരീനാഥ് എന്ന മീശമുളയ്ക്കാത്ത ഒരു പയ്യൻ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇരട്ടി ലാഭവും ഉയർന്ന പലിശയും വാഗ്ദാനം ചെയ്ത് ആളുകളിൽനിന്ന് പണം സ്വീകരിച്ചു. പതിവുപോലെ ഏതാണ്ട് 50 കോടി തട്ടിച്ച് പയ്യൻ നാടുവിട്ടു. നാട്ടുകാരെ പറ്റിച്ച് കുറെ ആഡംബരക്കാറുകളും വാങ്ങി, ഞാൻ യാത്ര ചെയ്യുന്നത് ഈ കാറിലാണ് എന്നായിരുന്നു ആദ്യത്തെ കഥ. എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ ഇങ്ങനെയൊരുത്തനെ നേരിട്ട് കണ്ടിട്ടുപോലും ഇല്ല ഇപ്പോഴും. പക്ഷേ ഞാൻ ഈ പയ്യന്റെ പാർട്ടികളിലെ നിത്യസാന്നിധ്യമാണെന്ന് മാധ്യമങ്ങൾ വെച്ചലക്കി.

ആദ്യം പൊലീസ്, പിന്നെ ക്രൈംബ്രാഞ്ച് അന്വേഷിച്ചു. പതിവുപോലെ എന്റെ കേസാകുമ്പോൾ സി.ബി.ഐ. വന്നില്ലെങ്കിൽ ഒരു മസാല ഇല്ലല്ലോ, അവരും വന്നു. എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു: ബിനീഷ് പ്രതിയല്ല. ബിനീഷിന് ഇയാളുമായി യാതൊരു ബന്ധവുമില്ല. പിന്നീട് വന്നു റഷ്യൻ സുന്ദരിയുമായി ബിനീഷ് കോടിയേരി. 2006 മുതൽ 2011 വരെ, അതായത് അച്ഛൻ ആഭ്യന്തരമന്ത്രിയായിരിക്കെ, എന്ത് കേസ് വന്നാലും പുട്ടിന് പീരയിടുന്നതുപോലെ എന്റെ പേര് പരാമർശിക്കാതെ വാർത്തയ്ക്ക് നിലനിൽപ്പില്ലായിരുന്നു. ഞാൻ മുൻപ് പറഞ്ഞതുപോലെ കേരളത്തിലെ ആളുകൾക്ക് ഒരു കാലത്തെ ഈവനിംഗ് സ്നാക്ക്സ് ആയിരുന്നു ബിനീഷ് കോടിയേരി.

ഒന്നും രണ്ടും മൂന്നും അല്ല, നീണ്ട ഏകദേശം 22 വർഷത്തോളം എന്നെക്കുറിച്ചുള്ള അപസർപ്പക കഥകൾ തുടർന്നു. പറഞ്ഞുപരത്തിയ എല്ലാ കേസിലും കേന്ദ്ര ഏജൻസിയായ സി.ബി.ഐ. തന്നെ കേസ് അന്വേഷിച്ചു. മിക്ക കേസിലും എന്നെ ചോദ്യം ചെയ്തു. ഒരു കേസിലും പക്ഷേ ഒന്നും കണ്ടെത്താനായില്ല. ഇതിനിടയിൽ രവിപിള്ളയുടെ കമ്പനിയിൽ ജോലിക്ക് അദ്ദേഹം എന്നെ നിയോഗിച്ചു. കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തവർക്ക് അറിയാം, പദവി കേട്ടാൽ ഞെട്ടും. പക്ഷേ പണി എല്ലാം ഒന്നു തന്നെ. ഗുണ്ടാപ്പണിയും ചെയ്ത് നടക്കുന്ന ബിനീഷ് കോടിയേരി എങ്ങനെ ഈ കമ്പനിയുടെ വൈസ് പ്രസിഡന്റായി എന്ന് എഴുതി. അവരുടെ ധാരണ രവിപിള്ള പ്രസിഡന്റും ഞാൻ വൈസ് പ്രസിഡന്റുമെന്നായിരുന്നു. അതായത് രവിപിള്ള മാറിയാൽ ഞാൻ കമ്പനി ഉടമയാകും എന്ന് വരെ ചിലർ വിളിച്ചുകൂവി. കമ്പനിയിലെ അസംഖ്യം ആളുകളിൽ ഒരാൾ മാത്രമായ എന്നെ ചുറ്റിപ്പറ്റി ദിവസവും കഥ വന്നതോടെ, ഞാൻ മൂലം സ്ഥാപനത്തിന് ചീത്തപ്പേര് വരാതിരിക്കാൻ നിർബന്ധപൂർവം ഞാൻ രാജിവച്ചു.

കമ്മ്യൂണിസ്റ്റുകാരുടെ മക്കൾ കീറിയ ജീൻസ് ഇടരുത്, ചൂടുവെള്ളത്തിൽ കുളിക്കരുത് തുടങ്ങിയ നിരവധി ശീലങ്ങൾ ഹൃദിസ്ഥമാക്കിയ ആളുകൾ എല്ലാം കൂടി എന്റെ പണിയും കളയിച്ച് നാട്ടിലെത്തിച്ചു. ഇതിനിടയിൽ കൊല്ലം സ്വദേശിയായ മഠത്തിൽ രഘു എന്ന എന്റെ പരിചയക്കാരന് വിമാനത്താവളത്തിൽവച്ച് എന്തോ പ്രശ്നമുണ്ടായി. ഇതോടെ മാധ്യമങ്ങൾ അദ്ദേഹത്തെയും എന്റെ ബിനാമിയാക്കി. എന്റെ ബിനാമികളുടെ ലിസ്റ്റ് എടുത്താൽ തീരില്ല. ഒരു ആയിരം പേരുടെ പേരെങ്കിലും മാധ്യമങ്ങൾ പറഞ്ഞിട്ടുണ്ട്. ഇവർ പ്രചരിപ്പിച്ചത് വച്ചുനോക്കിയാൽ കേരളത്തിന്റെ പല കണ്ണായ ഭൂമിയും എന്റേതാണ്...! എനിക്ക് സ്വിസ് ബാങ്കിൽ വരെ അക്കൗണ്ട് ഉണ്ടെന്ന് ഇവർ എഴുതിയിട്ടുണ്ട്. അച്ഛനെ വേട്ടയാടാൻ വലിയ കേസുകളോ വലിയ ആരോപണങ്ങളോ തന്നെ വേണമെന്നില്ലായിരുന്നു. ചിലപ്പോൾ നൂറ് മീറ്റർ പോലും തികയാത്ത ഒരു യാത്ര മതിയായിരുന്നു.

പാർട്ടി ജാഥയുടെ ഭാഗമായി നടന്ന ഒരു സ്വീകരണത്തിനിടെ സഖാക്കളുടെ നിർബന്ധത്തിന് വഴങ്ങി അച്ഛൻ ഒരു മിനി കൂപ്പറിൽ കയറി. അത്രമാത്രം. അന്ന് അച്ഛൻ മന്ത്രിയല്ല. എം.എൽ.എയുമല്ല. സർക്കാരിന്റെ ഔദ്യോഗിക വാഹനത്തിന് പകരം ആഡംബരക്കാർ തിരഞ്ഞെടുത്തതുമല്ല. സ്വന്തം ആവശ്യത്തിനായി ആ കാറിൽ യാത്ര ചെയ്തതുമല്ല. ഒരു പാർട്ടി പരിപാടിക്കിടെ, സഖാക്കളുടെ നിർബന്ധത്തിന് വഴങ്ങി, ഏതാനും നിമിഷങ്ങൾ—നൂറ് മീറ്ററിൽ താഴെ മാത്രം—അതിൽ കയറി. പക്ഷേ പിന്നീട് നടന്നത് നോക്കൂ.

ആ കാറിന്റെ വില മുതൽ കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതശൈലി വരെ ചർച്ചയായി. മിനി കൂപ്പറിൽ കയറിയ ഏതാനും നിമിഷം ആ മനുഷ്യനെ പിടിച്ച് കമ്മ്യൂണിസത്തിന്റെ ലാളിത്യത്തെ വിചാരണ ചെയ്തു. ഒരു കാറിൽ കയറിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന്റെ അളവുകോലാക്കി. ആ വാഹനത്തിന്റെ പേരുകൊണ്ട് ആ മനുഷ്യനെ നിർവചിക്കാൻ ശ്രമിച്ചു. ആ സംഭവം അച്ഛൻ മരിക്കുന്നതുവരെ പിന്തുടർന്നു.

പക്ഷേ എനിക്ക് നേരെ നടന്ന ഏറ്റവും നിന്ദ്യവും അധാർമികവും മനുഷ്യത്വരഹിതവുമായ ആക്രമണം നടന്നത് 2020ലാണ്. എന്റെ ഒരു പഴയ സുഹൃത്തിന് അയാളുടെ ബിസിനസ് ആവശ്യത്തിനുവേണ്ടി രേഖാമൂലം കരാർ ഉണ്ടാക്കി ബാങ്ക് മുഖേന പണം കടംകൊടുത്തു. ഞാൻ പണം കടംകൊടുത്ത ഘട്ടത്തിലൊന്നും നിയമവിരുദ്ധ മയക്കുമരുന്ന് കച്ചവടം ഉള്ളതായി എന്റെ അറിവിലോ ബോധ്യത്തിലോ ഇല്ല.

പക്ഷേ അയാൾ പിന്നീട് മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞു എന്നാണ് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നിഗമനം. പിടിയിലായ അയാളുടെ ആസ്തിയും വരുമാനവും ഏജൻസികൾ പരിശോധിക്കുക സ്വാഭാവികം. ബാങ്ക് ഡീറ്റെയിൽസ് എടുത്തപ്പോൾ വർഷങ്ങൾക്ക് മുൻപ് ഞാൻ അയച്ച തുകയും അവർ കണ്ടെത്തി. പക്ഷേ അത് കൊടുത്ത ആളുകളെ മുഴുവനും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വിളിച്ചുവരുത്തി. ഞാൻ നൽകിയ തുക മുഴുവനും റസ്റ്ററന്റ് ആവശ്യത്തിന് ചെലവഴിച്ചതാണെന്ന് അവർ കണ്ടെത്തി. ഞാൻ നർകോട്ടിക്‌സ് കേസിൽ പ്രതിയല്ല. പക്ഷേ ഇ.ഡി. 2016 കാലഘട്ടത്തിൽ, ഞാൻ അയച്ച തുകകൊണ്ട് 2020ൽ അയാൾ മയക്കുമരുന്ന് വാങ്ങി ആളുകളെക്കൊണ്ട് തീറ്റിച്ച് കാശുണ്ടാക്കി എന്ന അതീവ വിചിത്ര കഥ ഇ.ഡി. ഉണ്ടാക്കുന്നത് അവിടെ നിന്നാണ്. പണം അയച്ചതിന്റെയും പണം കടമായി നൽകിയതിന്റെയും എല്ലാ രേഖയും ഞാൻ ഏജൻസികൾക്ക് കാട്ടിക്കൊടുത്തു.

പക്ഷേ എന്റെ തലവിധി വേറൊന്നായിരുന്നു. നർകോട്ടിക്‌സ് കേസിൽ ഒരു തരത്തിലും പ്രതിയാക്കാൻ പറ്റില്ല എന്ന ഘട്ടം വന്നപ്പോൾ, എന്നാൽ ഇ.ഡി. കേസ് മാത്രമായി നിൽക്കും എന്നായി. അതിനുമുമ്പേ കുരുക്ക് മുറുക്കിയിട്ട് മുറുകാത്ത കുരുക്ക് മുറുക്കാൻ പലരും നേരിട്ടിറങ്ങി. എനിക്കെതിരെ വന്ന എല്ലാ വാർത്തകൾക്കും ഒരു സ്ഥിരം പാറ്റേൺ ഉണ്ട്. ആദ്യ വാർത്ത ഇങ്ങനെയായിരിക്കും. ഏതെങ്കിലും ഒരു സംഭവം നടക്കും. പിന്നാലെ ‘സി.പി.ഐ.എം. നേതാവിന്റെ മകന്റെ സുഹൃത്ത് പിടിയിൽ’ എന്നോ ഒരു ഗോസിപ്പ് വാർത്ത വരും. ആരാണ് സി.പി.ഐ.എം. നേതാവ് എന്ന് വാർത്തയിലുണ്ടാവില്ല.

സംശയിക്കുന്നെങ്കിൽ ആൺമക്കളുള്ള എല്ലാ സി.പി.ഐ.എം. നേതാക്കളും സംശയനിഴലിലാവണം. പക്ഷേ എല്ലാവർക്കും സംശയിക്കാൻ പാകത്തിന് കളത്തിൽ ഞാൻ നിൽപ്പുണ്ടല്ലോ. അത്രേ ഉദ്ദേശമുള്ളൂ! അതിന്റെ പുറകെ ഏതെങ്കിലും നേതാവ് വാർത്താസമ്മേളനം നടത്തി എന്റെ പേര് പറയും. ‘കോടിയേരിയുടെ മകനെതിരെ വെളിപ്പെടുത്തലുമായി ഡാഷ് നേതാവ്’ എന്ന് വെണ്ടയ്ക്കവരും. അച്ഛന്റെ പ്രതികരണം തേടും. അച്ഛൻ പ്രതികരിച്ചാലും ഇല്ലെങ്കിലും വാർത്തയാണ്.

പ്രതികരിച്ചില്ലെങ്കിൽ വാർത്ത പ്ലാന്റ് ചെയ്തവർക്ക് ബഹുസന്തോഷം. ‘മകനെതിരായ വാർത്തയിൽ പ്രതികരിക്കാതെ കോടിയേരി’ എന്ന് ബ്രേക്കിംഗ്. പിന്നാലെ അന്തിചർച്ച, വാർത്ത, ബ്രേക്കിംഗ്, ഹെഡ്‌ലൈൻ, എന്റെ തല, എന്റെ ഫുൾഫിഗർ... എന്റെ തല, എന്റെ ഫുൾഫിഗർ. എന്റെ കാർ, കാറിൽ ചാരിനിൽക്കുന്ന ഞാൻ. കണ്ടാൽ ഞാൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽപ്പെട്ട ആളാണെന്ന് തോന്നണം. ഗ്രാഫിക്സ് കാർഡ്. അതിൽ മുടി ചെമ്പിച്ച, എന്റെ അധോലോക ലുക്ക്. ഇതൊരു ലൂപ്പാണ്... കറങ്ങിക്കൊണ്ടേയിരിക്കും. ഞാൻപോലും അറിയാതെ ഞാനൊരു അധോലോകമായി മാറിക്കഴിഞ്ഞിരിക്കും. ഇവിടെയും സംഭവിച്ചത് അതുതന്നെ.

ചില നേതാക്കൾ മുള്ളും മുനയും വച്ച് ആഞ്ഞടിച്ചു. ബി.ജെ.പി. ഏറ്റെടുത്തു. മാതൃഭൂമി ദിനപത്രത്തിന്റെ ഫ്രണ്ട് പേജിൽ ഒരു ഫോട്ടോ വന്നു. വെട്ടിയെടുത്ത എന്റെ തല, എന്റെ തലയിൽ മണ്ണിടുന്നു... ബിനീഷ് എന്ന ഞാൻ മണ്ണായി മാറുന്നു...!!!! ആ ചിത്രം ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല. ആ ചിത്രം കണ്ട ശേഷമാണ് നിയന്ത്രണാവസ്ഥയിലായിരുന്ന അച്ഛന്റെ രോഗം കൂടിയത് എന്ന് അമ്മ വിങ്ങിപ്പൊട്ടി പറയാറുണ്ട്. പടയോട്ടങ്ങൾ പലത് കണ്ട മനുഷ്യൻ ആദ്യമായി ആ പേപ്പർ നോക്കി മനസ്സുപിടഞ്ഞിട്ടുണ്ടാവും.

ഇ.ഡി. റെയ്ഡിൽ എന്‍റെ വീട്ടിൽ കൊണ്ടുവന്ന് പ്രതിയുടെ എ.ടി.എം. കാർഡ് വയ്ക്കാൻ നോക്കി. എന്‍റെ ഭാര്യ അത് കണ്ട് കയ്യോടെ ചെറുത്തു. എന്‍റെ രണ്ട് വയസ്സുള്ള കുഞ്ഞിനെ അവർ തടഞ്ഞുവച്ചു. ഉറങ്ങാൻ പോലും സമ്മതിച്ചില്ല. 24 മണിക്കൂറിലധികം ആ റെയ്ഡ് നീണ്ടുനിന്നു. എന്‍റെ അമ്മയെയും ഭാര്യയെയും പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നെ പ്രലോഭിപ്പിച്ച് പലതും പറയിക്കാൻ നോക്കി. പണ്ടൊരു മോഹൻലാൽ സിനിമയിൽ കെ.പി.എ.സി. സണ്ണി റെയ്ഡിന്റെ പേരിൽ കാട്ടിക്കൂട്ടിയതിന്റെ ആയിരം ഇരട്ടി അവർ കാണിച്ചു. ദ്രോഹിച്ചു.

അതിനുശേഷം അവർ ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണോ എന്നറിയാൻ എന്റെ മുടി, നഖം, രക്തസാമ്പിൾ എല്ലാം എടുത്തു. അവസാനം ആ കേസ് എന്തായി? പതിവുപോലെ ബിനീഷ് കോടിയേരി പ്രതിയല്ല. മയക്കുമരുന്ന് കേസിൽ പ്രതിയല്ലാത്ത എന്റെ പേരിലുള്ള ഇ.ഡി. കേസും നിൽക്കില്ല, എനിക്ക് ഉറപ്പുണ്ട്. ഈ കേസ് അച്ഛനെ ആഴത്തിലുലച്ചു. ഈ കള്ളക്കേസ് എന്റെ പേരിൽ ചുമത്തിയില്ലായിരുന്നെങ്കിൽ എന്‍റെ അച്ഛൻ...... എന്‍റെ അച്ഛനെ നഷ്ടപ്പെടുത്തിയ ഈ കേസ് ഞാൻ എങ്ങനെ മറക്കാനാണ്!!

കേസിന്‍റെ തുടക്കത്തിലേ അച്ഛൻ പറഞ്ഞൊരു കാര്യമുണ്ട്. “നിന്റെ പേരിൽ പാർട്ടി മറുപടി പറയില്ല, ഞാനും പറയില്ല. നീ തന്നെ മറുപടി പറയണം. പാർട്ടി അതിന് മറുപടി പറഞ്ഞാൽ പാർട്ടിക്കെതിരെ എതിരാളികൾക്ക് ആക്രമിക്കാൻ ഇത് എപ്പോഴും ആയുധമാവും. എത്രത്തോളം വിശദീകരിക്കുന്നുവോ, അത്രത്തോളം അത് ചർച്ചയാകും. അതുകൊണ്ട് നീ നിരപരാധിയെങ്കിൽ നീ തന്നെ അത് തെളിയിക്കണം. ഒരു പിന്തുണയും നിനക്ക് ഉണ്ടാവില്ല.”

ജയിലിൽ കിടക്കുന്ന എന്നോട് ഫോണിൽ ഇത് പറയുമ്പോൾ അച്ഛന്റെ ഉള്ളിൽ എന്തായിരിക്കും എന്ന് ഇപ്പോൾ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. ഇത്രയും കേസുകൾ ഓരോന്നായി വന്നപ്പോഴും അക്ഷോഭ്യനാവാതെ അതിനെ ചിരിച്ചുകൊണ്ട് നേരിടുകയാണ് കോടിയേരി ചെയ്തത്. മുകളിൽ പറഞ്ഞ ഇത്രയൊക്കെ കേസുകൾ വന്നപ്പോഴും ഒരിക്കൽപോലും പാർട്ടിയെ കവചമാക്കാൻ അച്ഛൻ നിന്നില്ല. എല്ലാം സ്വയം നേരിടണം എന്ന പക്ഷക്കാരനായിരുന്നു കോടിയേരി. ഞാൻ എന്റെ ജീവിതത്തിൽ അത് അക്ഷരംപ്രതി പാലിച്ചിട്ടുണ്ട് എന്ന് ശിരസ്സുയർത്തി എനിക്ക് പറയുവാൻ പറ്റും.

ഞാൻ ജയിലിൽ കിടക്കുന്ന ഘട്ടത്തിൽ അച്ഛനെ തേടി ചിലരെത്തി—സംഘപരിവാറിന്റെ ദൂതുമായി. പ്രശ്നങ്ങൾ എല്ലാം തീർക്കാം. മകന് ജാമ്യം കിട്ടാനുള്ള വഴിതെളിയും. പക്ഷേ ഒരു ചെറിയ ഒത്തുതീർപ്പ് വേണം. ഇലക്ഷൻ കാലമാണല്ലോ. ക്ഷണിക്കപ്പെടാതെ എത്തിയ അതിഥികളുടെ ആഗമനോദ്ദേശം വ്യക്തമായിരുന്നു. ജയിലിൽ കിടക്കുന്ന മകനെ പകരംതന്നാൽ പാർട്ടിയെയും പാർട്ടിക്കൊപ്പം നിൽക്കുന്ന ലക്ഷങ്ങളെയും വഞ്ചിച്ച് അവരുടെ ഓഫർ സ്വീകരിക്കാൻ അയാൾ തയ്യാറാകുമെന്ന മൗഢ്യവുമായി നടക്കുന്ന അവരെ അയാൾ ഒന്ന് ഇരുത്തിനോക്കി. ഇ.ഡിയെ കണ്ട് പേടിച്ച് ബി.ജെ.പിയിൽ ചേരുന്ന കോൺഗ്രസ് നേതാക്കളെ കണ്ട് ശീലിച്ച അവർ, ആ ശീലം വച്ച് ചെന്നുകയറിയ ഇടം തെറ്റിപ്പോയി. ആർ.എസ്.എസിന് കീഴ്പ്പെട്ടുകൊണ്ടുള്ള സമാധാനമോ സഹവർത്തിത്തമോ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത അയാൾ ഒറ്റവാക്കേ പറഞ്ഞുള്ളൂ: “നിങ്ങളുമായി കൈകൊടുത്താലേ എന്റെ മകൻ ജയിലിൽനിന്ന് ഇറങ്ങൂ എങ്കിൽ, അവൻ ആജീവനാന്തം ജയിലിൽ കിടക്കട്ടെ എന്നേ ഞാൻ കരുതൂ...!!” എന്നോട് അതിനെക്കുറിച്ച് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞ വാക്ക് ഇതായിരുന്നു: “എടാ, നേർക്കുനേർ വരുമ്പോൾ സന്ധി ചെയ്യേണ്ടുന്ന ഒന്നല്ല രാഷ്ട്രീയം.”

ഒരു മകനെന്ന നിലയിലും ഒരു പാർട്ടി പ്രവർത്തകനെന്ന നിലയിലും എനിക്ക് എന്‍റെ ഹീറോ അച്ഛനോട് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ ഒരു നിമിഷം. .. അതാണ് എന്റെ അച്ഛൻ. മകന്‍റെ പ്രാണനേക്കാൾ, അവന്‍റെ കാരാഗൃഹവാസത്തേക്കാൾ, അച്ഛന് വലുത് അച്ഛന്‍റെ പാർട്ടിയാണ്!!!! അത്തരം ഒരച്ഛന്റെ മകനായി ജനിച്ചതിൽ ഞാൻ അഭിമാനിക്കാതെ ഇരിക്കുന്നതെങ്ങനെ!!!! 

ജയിലിൽനിന്നിറങ്ങി വീട്ടിലേക്ക് വന്ന എന്നെ കാത്ത് വീടിന്റെ ഉമ്മറത്ത് കോടിയേരി ഉണ്ടായിരുന്നു. കീമോ ചെയ്ത് കറുത്തുപോയ അച്ഛന്റെ ശുഷ്കിച്ച കൈകൊണ്ട് ആ ഉമ്മറത്ത് വച്ച് എന്നെ അച്ഛൻ ഒന്നുചേർത്തുപിടിച്ചു. ഏതാനും നിമിഷങ്ങളേ അത് നീണ്ടുനിന്നുള്ളൂ. മരുന്ന് താങ്ങാൻ ശേഷിയില്ലാത്ത, ഇഞ്ചക്ഷൻ സൂചി കുത്താൻ ഒരിടവും ബാക്കിയില്ലാത്ത ആ കൈത്തണ്ടയ്ക്ക് ഉരുക്കിനേക്കാൾ ബലമുണ്ടായിരുന്നു. അന്നേരം, ആ നിമിഷം ഞാൻ അറിഞ്ഞ ആ ബലം!!

ആ ബലം മതി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിന് ഇനിയങ്ങോട്ടുള്ള അയാളുടെ ജീവിതത്തിന്റെ ഏത് തീച്ചൂളയും താണ്ടാൻ... കേൾവി ഉറച്ച പ്രായം മുതൽ എതിരാളികൾ വൈരാഗ്യത്തോടെയും പാർട്ടി പ്രവർത്തകർ ആവേശത്തോടെയും പറയുന്ന പേരായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണന്റേത്. അത് തന്നെയാണ് 69 പുരുഷായുസ് പിന്നിട്ട ആ കമ്മ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയ ഒസ്യത്ത്. മരണം മുന്നിൽ കണ്ടപ്പോഴൊന്നും വഴിമാറിപ്പോയില്ല. ചാവുവഴികൾ തിരക്കി ചെന്നു മുന്നിലൂടെയും പിന്നിലൂടെയും വന്ന ഒരായുധത്തെയും പേടിച്ചില്ല. വാക്കായും വാചകമായും കുത്തിനോവിച്ച അരോചക ബഹളത്തെയും ആർപ്പായും ആരാധനയായും വന്നുപതിച്ച മുദ്രാവാക്യങ്ങളും ഒരേ നിസംഗതയോടെ കണ്ടു. രണ്ടിനും അധികം ആയുസുണ്ടാവില്ല എന്ന തത്വചിന്തയാണ് എന്റെ അച്ഛന്റെ ജീവിതം എനിക്ക് കാട്ടിത്തരുന്നത്. ലോകം ഒരു അരങ്ങാണെന്നും ഇന്നത്തെ ആർപ്പുവിളിയും ഇന്നലത്തെ അധിക്ഷേപവും തിരശ്ശീല വീഴുമ്പോൾ ഒരുപോലെ നിശ്ശബ്ദമാകുമെന്നും അദ്ദേഹം അറിഞ്ഞിരുന്നു. അധിക്ഷേപത്തിന്റെ കടൽച്ചൊരുക്ക് നിരന്തരം ഏറ്റാലും അചഞ്ചലമായ പർവതത്തെ കാറ്റ് ഇളക്കിയ ചരിത്രമില്ല.

“കോടിയേരി ഉണ്ടായിരുന്നെങ്കിൽ” എന്ന ചില സഖാക്കളുടെ എഴുത്തിനെ, അറിയാവുന്നവരുടെ പറച്ചിലിനെ, പലകാലങ്ങളിലായി അദ്ദേഹത്തിന്റെ സ്നേഹമസൃണമായ വാത്സല്യം അനുഭവിച്ചവർ അങ്ങനെ അച്ഛനെപ്പറ്റി പറയുന്നത് ഇന്നത്തെ പാർട്ടി കാലഘട്ടത്തെ കൂടുതൽ ശക്തിപ്പെടുത്താനാവണം. പല ഘട്ടങ്ങളിലും അവർ കോടിയേരി എന്ന ഉത്തരത്തെ തിരയുന്നത് കൊണ്ടാവണം.

അച്ഛനെക്കുറിച്ച് പറയുമ്പോൾ ഒരു കാര്യം കൂടി പറയാതെ പോകാൻ കഴിയില്ല. കാലത്തിന്‍റെ പൾസ് അറിയുന്ന മനുഷ്യനായിരുന്നു അദ്ദേഹം. കാലം മാറുമ്പോൾ രാഷ്ട്രീയത്തിന്റെ ഭാഷയും മാറുമെന്ന്, മനുഷ്യരുടെ അഭിരുചികൾ മാറുമെന്ന്, ആശയവിനിമയത്തിന്റെ രീതികൾ മാറുമെന്ന്, പുതിയ തലമുറയെ പഴയ അളവുകോൽ കൊണ്ട് മാത്രം അളക്കാൻ കഴിയില്ലെന്നും അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുതിയ മനുഷ്യരെ കണ്ടെത്തുന്നതിലും, പുതിയ കേഡർമാരെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിലും, അവരിലെ കഴിവുകൾ തിരിച്ചറിയുന്നതിലും അച്ഛന് പ്രത്യേകമായൊരു കണ്ണുണ്ടായിരുന്നു.

ഒരു മനുഷ്യനെ കണ്ടാൽ അയാൾ ഇന്ന് എന്താണ് എന്നതിലുപരി നാളെ എന്താകാൻ കഴിയും എന്നാണ് അദ്ദേഹം നോക്കിയിരുന്നത്. അതാണ് സംഘടനാപാടവം. പുതിയ കാലത്തെ സ്വീകരിക്കുമ്പോഴും പഴയ രാഷ്ട്രീയത്തിന്റെ കാതൽ കൈവിടരുതെന്നും, പുതിയ തലമുറയെ മുന്നിലേക്ക് കൊണ്ടുവരുമ്പോഴും പ്രസ്ഥാനത്തിന്റെ ചരിത്രബോധം അവരിലേക്ക് പകരണമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് ഇന്ന് അച്ഛനെ ഓർക്കുമ്പോൾ എനിക്ക് ഒരു നേതാവിനെ മാത്രമല്ല കാണാൻ കഴിയുന്നത്. കാലത്തിന്റെ ചുവടുമാറ്റം കേട്ടിരുന്ന ഒരു രാഷ്ട്രീയ മനുഷ്യനെയാണ് ഞാൻ കാണുന്നത്.

ജനങ്ങൾ സ്വീകരിച്ച, ജനഹൃദയത്തിൽ സ്ഥാനം നേടിയ നേതാവാണ് കോടിയേരി. അതുകൊണ്ടുതന്നെ കോടിയേരിയുടെ ഓർമകളെ വിസ്മൃതിയിൽ ആഴ്ത്താൻ ആരെങ്കിലും ശ്രമിച്ചാൽ കൂടുതൽ ഊർജമായി കോടിയേരി ഉയർന്നുനിൽക്കും. ഈ നാട്ടിൽ ഇടതുപക്ഷം വേണമെന്ന് അതിയായി ആഗ്രഹിക്കുന്ന പരശതം മനുഷ്യരുണ്ട്. അവരുടെ അവസാനത്തെ പ്രതീക്ഷ ഈ ചെങ്കൊടിയിലാണ്. പരാജയങ്ങളിൽ ഉലഞ്ഞുപോയവരുണ്ട്. നിസംഗതയോടെ അതിനെ നോക്കിക്കാണുന്നവരുണ്ട്. എത്ര പരാജയം കണ്ടാലും വിജയത്തിലേക്ക് നീന്തിക്കയറാനുള്ള കരുത്തുള്ളവരുണ്ട്. ഇവരെല്ലാം ചേരുന്നതാണ് ഈ ബഹുജന വിപ്ലവ പ്രസ്ഥാനം. ഇത് ജനങ്ങളുടെ പാർട്ടിയാണ്, ഇത് ആരുടെയും സ്വകാര്യ സ്വത്തല്ല. അതിന്റെ കാതലോ കരുത്തോ ചോർന്നിട്ടില്ല. ജനത്തിന് വേണ്ട കാലത്തോളം നമ്മൾ തോൽക്കില്ല. ജനം പറയുന്നതും പാർട്ടി അനുഭാവികൾ സ്നേഹബുദ്ധ്യാ പറയുന്നതും കേട്ട് പറ്റിയ തിരുത്തലുകൾ വരുത്തി നാം തിരിച്ചുവരും... അതിന്റെ സൂചനകൾ കണ്ടുതുടങ്ങി. കല്ലോടുകല്ല് അടിഞ്ഞ് തകർന്നുപോയ രാജ്യങ്ങളിൽവരെ കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുകാരും ഉയർത്തെഴുന്നേൽക്കുന്നുണ്ടെങ്കിൽ ഈ വളക്കൂറുള്ള മണ്ണിൽ നാം തകരുമെന്ന് കരുതരുത്.

ഒരു വർഷത്തിലധികമാണ് എന്നെ ജയിലടച്ചത്. പരപ്പന അഗ്രഹാരയിലെ പശപശപ്പുള്ള പച്ചരിച്ചോറ് എന്നെ തീറ്റിച്ചത്. ഒന്നും മറക്കുന്നില്ല. എന്റെ കോളേജ് കാലത്ത് ഞാൻ വായിച്ച കഥയായിരുന്നു അലക്സാണ്ടർ ഡ്യൂമയുടെ “The Count of Monte Cristo”. അന്ന് അത് കഥയായിരുന്നു. ജയിലിൽനിന്ന് ഇറങ്ങിയശേഷം ഞാൻ വീണ്ടും ആ കഥ വായിച്ചു. അതിലെ എഡ്മണ്ട് ഡാന്റസിന് എന്റെ ഛായയുണ്ടോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ കഥ അറിയുന്നവർ, വായിച്ചവർ ഈ കഥാപാത്രത്തെ ഓർക്കുന്നത് നന്ന്......

വീണ്ടും അച്ഛനിലേക്ക് വരട്ടെ. വിശ്വവിഖ്യാതനായ ജീൻ വാൽജീന്റെ കഥ പറഞ്ഞാണല്ലോ തുടങ്ങിയത്. മരണമടുത്തെത്തിയ നേരത്ത് ജീൻ വാൽജീൻ തന്റെ മക്കളോട് പറയുന്നുണ്ട്: “There is scarcely anything else in the world but that: to love one another. You will think sometimes of the poor old man who died here. ..... I see a light. Come nearer. I die happy. Let me put my hands upon your dear beloved heads.” അച്ഛൻ ഇല്ലാതായപ്പോഴാണ് സ്നേഹമെന്നത് കഠിനമായ വിശപ്പുപോലെയാണെന്ന് എനിക്ക് മനസ്സിലായിത്തുടങ്ങിയത്...

 

ENGLISH SUMMARY:

On the fourth death anniversary of former CPI(M) state secretary Kodiyeri Balakrishnan, his son Bineesh Kodiyeri shared an emotional and critical post on social media addressing past media and political hunts. Bineesh detailed how various political controversies over 22 years—including the Kiliroor case, Merchiston land deal, Paul Muthoot murder case, Total 4 U scam, and the Bengaluru ED case—were used to target his father's political career. He highlighted that central investigating agencies like the CBI never made him an accused in these cases, emphasizing how the name 'Kodiyeri' was weaponized against his family. Furthermore, Bineesh revealed that his father rejected political compromise offers from the Sangh Parivar even while facing severe illness and imprisonment of his son, leaving behind a legacy of ideological firmness.