ഇത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാളിൽ മുഖ്യാതിഥിയായി മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ. ഇത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലെ മെസ്കൽ സ്ക്വയറിലാണ് ലക്ഷത്തിലധികം പേർ പങ്കെടുത്ത ചടങ്ങ് നടന്നത്.
'മെസ്കൽ ഫെസ്റ്റിവൽ' എന്ന പേരിലാണ് ഇത്യോപ്യൻ ഓർത്തഡോക്സ് സഭയിൽ സ്ലീബാ പെരുന്നാൾ അറിയപ്പെടുന്നത്. ആത്മീയ ആരാധനയ്ക്കൊപ്പം ഇത്യോപ്യയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഈ പെരുന്നാൾ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടതാണ്.
ഇത്യോപ്യൻ ഓർത്തഡോക്സ് സഭാതലവൻ പരിശുദ്ധ ആബൂനാ മഥ്യാസ് പാത്രിയർക്കീസിന്റെ ക്ഷണപ്രകാരമാണ് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത്.
ഇരുസഭാതലവന്മാരും ചേർന്ന് പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. രാജ്യത്തിന്റെ തലസ്ഥാനമായ അഡിസ് അബാബയിലെ മെസ്കൽ സ്ക്വയറിൽ നടന്ന ചടങ്ങിൽ സർക്കാർ പ്രതിനിധികൾ, മെത്രാപ്പൊലീത്തമാർ, വൈദികർ, സന്യസ്തർ എന്നിവർക്കുപുറമേ ലക്ഷക്കണക്കിന് വിശ്വാസികളും പങ്കെടുത്തു.