• സൂര്യാ ഫെസ്റ്റിവലിലൂടെ ആയിരക്കണക്കിന് കലാകാരന്മാര്‍ക്ക് അവസരമൊരുക്കിയ മലയാളത്തില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ഉപാജ്ഞാതാവാണ് സൂര്യ കൃഷ്ണമൂര്‍ത്തി

നാടക പ്രവര്‍ത്തകനും കലാ സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി വിടവാങ്ങുമ്പോള്‍ കലാകേരളം തിരിച്ചറിയാനിരിക്കുന്നതേയുള്ളു ആ വിടവിന്റെ ആഴം. സൂര്യാ ഫെസ്റ്റിവലിലൂടെ ആയിരക്കണക്കിന് കലാകാരന്മാര്‍ക്ക് അവസരമൊരുക്കിയ മലയാളത്തില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ഉപാജ്ഞാതാവാണ്. 

കലാകേരളത്തിന് സൂര്യശോഭ പകര്‍ന്ന അനേകായിരം കലാകാരന്മാര്‍ക്ക് വെളിച്ചം പകര്‍ന്ന, പ്രസ്ഥാനവും പേരും ഒന്നിച്ച മേല്‍വിലാസം – സൂര്യ കൃഷ്ണമൂര്‍ത്തി. വിമര്‍ശിച്ചാലും പ്രശ്നമില്ല, എം. കൃഷ്ണന്‍നായരുടെ വായനയില്‍ ഒന്ന് ഇടംപിടിച്ചാല്‍ മതിയെന്ന് എഴുത്തുകാര്‍ ആഗ്രഹിച്ചതുപോലെയാണ് കലാകാരന്മാര്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ കണ്ണില്‍പ്പെടാന്‍ സ്വപ്നം കണ്ടത്. അങ്ങനെ സൂര്യ വെളിച്ചത്തില്‍ കലാരംഗത്തെത്തിയ എത്ര എത്ര പേര്‍. 

27 വര്‍ഷം ഐ.എസ്.ആര്‍.ഒയില്‍ പ്രവര്‍ത്തിച്ച സൂര്യ കൃഷ്ണമൂര്‍ത്തി 1977ലാണ് സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി രൂപീകരിച്ചത്. തിരുവനന്തപുരത്ത് എല്ലാവര്‍ഷവും ഒക്ടോബറില്‍ തുടങ്ങി 100 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന സൂര്യ ഫെസ്റ്റിവല്‍ കലാത്ഭുങ്ങളില്‍ ഒന്നായി മാറി. സെനറ്റ് ഹാളും ടാഗോറും വേദിയൊരുക്കിയ സൂര്യയ്ക്ക് തൈക്കാട്ടെ വീടിനോട് ചേര്‍ന്ന് ഗണേശത്തില്‍ സ്ഥിരം വേദിയൊരുക്കാനായി. യേശുദാസും പത്മ സുബ്രഹ്മണ്യവും പതിറ്റാണ്ടുകള്‍ ഇടമുറിയാതെ സൂര്യയുടെ ഭാഗമായി. എം.എസ്. സുബ്ബലക്ഷ്മിയും ഉസ്താദ് ബിസ്മില്ലാ ഖാനും ഭീം സെന്‍ ജോഷിയും പണ്ഡിറ്റ് ജസ്രാജുമൊക്കെ സൂര്യയിലൂടെയാണ് മലയാളിയുടെ അടുത്തെത്തിയത്. ഇന്ന് നാല്‍പതോളം രാജ്യങ്ങളില്‍ സൂര്യയ്ക്ക് ഘടകങ്ങളുണ്ട്. 

പുലരി, തുടക്കം, തുടര്‍ച്ച, നീലവെളിച്ചം, അവതാരം, സ്ത്രീപര്‍വം, മുറിവുകള്‍, സമവാക്യം, സൂര്യകാന്തി തുടങ്ങി രചനയും സംവിധാനവും നിര്‍വഹിച്ച നാടകങ്ങള്‍ ആയിരക്കണക്കിന് വേദികളില്‍ തകര്‍ത്താടി. ഏറെ ചര്‍ച്ചയായ മേല്‍വിലാസം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി. മലയാളത്തില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെയും തീയറ്റര്‍ ഓഫ് ഫ്രീഡം എന്ന പുതിയ രംഗകലയുടെയും ഉപജ്ഞാതാവാണ്.

കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ദേശീയ രാജ്യാന്തര തലത്തില്‍ 75 ബഹുമതികളാല്‍ ആദരിക്കപ്പെട്ടു. ഏറ്റവും മികച്ച സ്റ്റേജ് ക്രാഫ് ആന്‍ഡ് ഡയറക്ഷനുള്ള രാഷ്ട്രപതിയുടെ ബഹുമതിയും സംഗീത നാടക അക്കാദമി ഫെലോഷിപ്പും നേടുന്ന ഏറ്റവും പ്രായം കുറ‍ഞ്ഞ വ്യക്തിയുമായി. 

ജീവിത വീക്ഷണത്തിലും സൂര്യ ടച്ച് വേറിട്ടതായിരുന്നു. മകള്‍ സീതയുടെ വിവാഹത്തിന് ആര്‍ഭാടങ്ങള്‍ എല്ലാം ഒഴിവാക്കി, വീട്ടിലെ പൂജാമുറി കതിര്‍മണ്ഡപമാക്കി. വിവാഹത്തിന് സ്വരുക്കൂട്ടി വച്ചിരുന്ന ലക്ഷങ്ങള്‍ നിര്‍ധനരായ 20 വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന് നല്‍കി. 

കോട്ടയത്ത് ജനിച്ച നടരാജ കൃഷ്ണമൂര്‍ത്തി, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിച്ച് വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ പ്രവേശിച്ച ശേഷമാണ് മനസിന്‍റെ ഭ്രമണപഥം കലയുടെ പ്രപഞ്ചത്തിലേക്ക് മാറി സൂര്യ കൃഷ്ണമൂര്‍ത്തിയായത്. സര്‍ഗാത്മകതയുടെ സൂര്യ വെളിച്ചം സമൂഹത്തില്‍ പ്രസരിപ്പിക്കാന്‍ ചാലക ശക്തിയാവുകയായിരുന്നു എപി.ജെ. അബ്ദുള്‍ കലാമിന്റെ ശിഷ്യന് കാലം ഏല്‍പ്പിച്ച നിയോഗം. അത് വജ്രത്തിളക്കത്തോടെ നിര്‍വഹിച്ചാണ് മടക്കം. 

ENGLISH SUMMARY:

Renowned theater activist, cultural organizer, and pioneer of light and sound shows in Malayalam, Soorya Krishnamoorthy, leaves behind an irreplaceable void in Kerala's artistic landscape. A former ISRO engineer and disciple of Dr. A.P.J. Abdul Kalam, he founded the Soorya Stage and Film Society in 1977, organizing the world-famous Soorya Festival that brought legendary artists to Kerala and expanded to nearly 40 countries. Throughout his illustrious career, he directed numerous acclaimed plays, wrote the screenplay for the movie Melvilasom, and served as Chairman of the Kerala Sangeetha Nataka Akademi, earning over 75 national and international honors. Known for his unique life values, he exemplified simplicity by redirecting his daughter's wedding funds to support the education of underprivileged students.