കെഎസ്ആർടിസിക്ക് ബസ് വാങ്ങാന്‍ 40 ലക്ഷം രൂപ സംഭാവന നൽകി വ്യവസായി. അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ് ആണ് മുഖ്യമന്ത്രി വി ഡി സതീശന് 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിതെന്നും കോർപറേഷനെ പിന്തുണയ്ക്കാൻ കൂടുതൽ പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി പി ജോൺ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ തുടങ്ങിയവരും പങ്കെടുത്തു.
അങ്കമാലിയില്‍ ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനി നടത്തുന്നയാളാണ് ജോസ്. കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാനുള്ള താല്‍പര്യം ജോസ് ആദ്യം അറിയിച്ചത് അങ്കമാലി എംഎല്‍എ കൂടിയായ മന്ത്രി റോജി എം ജോണിനെയാണ്. ചൊവ്വാഴ്ച ഗതാഗത മന്ത്രി സി.പി ജോണിനോട് റോജി ഇക്കാര്യം പറഞ്ഞു. താൻ നൽകുന്ന ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തണമെന്നത് മാത്രമാണ് ജോസിന്റെ ഡിമാന്റ്. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് വേണമെന്നും അദ്ദേഹം ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. ജോസ് പറയുന്ന റൂട്ടിൽ ബസ് സർവീസ് നടത്തുന്ന കാര്യത്തിൽ ഗതാഗത മന്ത്രി ഉറപ്പുനൽകി.
സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി, പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് ബസുകൾ സ്‌പോൺസർ ചെയ്യാൻ കെഎസ്ആർടിസി അവസരമൊരുക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് പുറമെ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചും ബസുകൾ നൽകാം.
കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് നേരത്തെ കെഎസ്ആർടിസിക്ക് ഒരു ബസ് വാങ്ങാൻ തുക സംഭാവന ചെയ്തപ്പോൾ ഈ മാതൃക പിന്തുടരാൻ കൂടുതൽ പേർ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഗതാഗത മന്ത്രി സി.പി ജോൺ വ്യക്തമാക്കി. ജോസ് നൽകിയ ചെക്ക് ഗതാഗത മന്ത്രി കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കറിനെ ഏൽപ്പിച്ചു.