2500 വര്‍ഷം മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്നവരെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അന്നത്തെ ശേഷിപ്പുകള്‍ ഇന്നുമുണ്ടോ? കണ്ണൂര്‍ കരിവെള്ളൂരില്‍ ചെന്നാല്‍ അതിനുത്തരമുണ്ട്. മഹാശിലായുഗത്തിലെ ശേഷിപ്പുകള്‍ പുരാവസ്തു വകുപ്പ് കണ്ടെത്തി.
മഹാശിലായുഗ കാലത്ത് മൃതശരീരം സംസ്കരിച്ച് അതിനുമുകളിലുണ്ടാക്കി വെച്ചിരുന്നതാണ് കുടക്കല്ലുകള്‍. ടണ്‍ കണക്കിന് ഭാരമുള്ള ഓരോ കല്ലും ഇന്ന് ഉയര്‍ത്താന്‍ ക്രൈയിന്‍ സഹായം വേണം. അന്ന് എന്തുപയോഗിച്ചാകും ഉയര്‍ത്തിയിട്ടുണ്ടാവുക?
കരിവെള്ളൂര്‍ ചെമ്പോട്ടിക്കുന്നില്‍ പെരിക്കമന ഇല്ലത്തിന്‍റെ ഭൂമിയിലാണ് പ്രാചീന മനുഷ്യരുടെ ശേഷിപ്പുകള്‍ കണ്ടെത്തിയത്. കാടുമൂടിക്കിടന്ന ഭൂമിയിലെ കുടക്കല്ലുകള്‍ നശിച്ചുപോകാതിരിക്കാന്‍ പുരാവസ്തു വകുപ്പെത്തി സംരക്ഷിക്കാന്‍ തീരുമാനിച്ചു. കുഴിച്ച് പരിശോധിച്ചപ്പോള്‍ കുടക്കല്ലിരുന്ന സ്ഥലത്തുനിന്ന് പ്രാചീനകാലത്തെ മണ്‍പാത്രങ്ങവും അക്കാലത്ത് ജീവിച്ചവരുടെ എല്ലുകളും കിട്ടി. പുരാവസ്തു വകുപ്പ് ഇവ മ്യൂസിയത്തിൽ സൂക്ഷിക്കും.
കരിവെള്ളൂരില്‍ പ്രാചീന മനുഷ്യർ ജീവിച്ചിരുന്നുവെന്നതിന് തെളിവായ എല്ലുകളും പാത്രങ്ങളും പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. പ്രദേശത്ത് ആകെ ഏഴ് കുടക്കല്ലുകളും തൊപ്പിക്കല്ലുകളുമാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്നെണ്ണം മാത്രമാണ് സംരക്ഷിച്ചു നിര്‍ത്താനായത്. ബാക്കി കാലക്രമേണ നശിച്ചുപോയി. പുരാതന കാല ശേഷിപ്പുകള്‍ കാണാന്‍ ഇന്ന് ചെമ്പോട്ടിക്കുന്നിലേക്ക് കാഴ്ചക്കാരെത്തുകയാണ്.