താൻ ട്രാൻസ്‌മെൻ ആയിരുന്നുവെന്ന ആരോപണങ്ങളിലും അറസ്റ്റിലും പ്രതികരിച്ച് യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ ധന്യ. ട്രാൻസ്ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമായിരുന്നു ധന്യയുടെ പ്രതികരണം.  

ഇന്നലെ അറസ്റ്റ് ചെയ്‌ത ധന്യയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ തന്റെ അച്ഛന്റെ ഫോണാണ് ഉപയോഗിക്കുന്നതെന്ന് ധന്യ പറയുന്നു. തൃശൂർ സിറ്റി സൈബർ പൊലീസ് എടുത്ത കേസിൽ അവിടെ നിന്നുള്ള ഉദ്യോഗസ്ഥർ കാസര്‍കോട് എത്തിയാണ് ധന്യയെ ചോദ്യം ചെയ്തത്. താൻ ഗർഭിണി ആയിരുന്നതുകൊണ്ടും ആരോഗ്യാവസ്ഥ മോശമായതുകൊണ്ടുമാണ് ഉദ്യോഗസ്ഥർ കാസര്‍കോട് എത്തിയത്. തനിക്കെതിരെയുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ആയിരുന്നതുകൊണ്ട് അറസ്റ്റ് ഉണ്ടാകില്ല എന്നാണ് വിചാരിച്ചതെന്നും ധന്യ പറയുന്നു.

'ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ആണെങ്കിലും അറസ്റ്റ് രേഖപ്പെടുത്തുമെന്ന നിയമം അറിയില്ലായിരുന്നുവെന്നും അത് ഇന്നാണ് മനസിലായത്. അറസ്റ്റിന് ശേഷം രണ്ട് പേരുടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ശേഷം തന്റെ വീട്ടിലെത്തി പരിശോധന നടത്തുകയും ഫോൺ പിടിച്ചെടുത്തു'- ധന്യ പറഞ്ഞു. അതേസമയം ധന്യയുടെ ഫോൺ വിശദമായ പരിശോധനയ്ക്കായി അയക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

'നാല് വർഷങ്ങൾക്ക് മുൻപ് താൻ ട്രാൻസ്‌മെൻ ആയിരുന്നുവെന്ന പ്രചാരണം വ്യാജമാണ്. താൻ ഷോട്ട് ഹെയർ ആക്കിയ സമയത്തെ കാര്യമാണ് പ്രചരിക്കുന്നത്. അന്ന് തന്നോട് ഒരുപാട് പേർ ട്രാൻസ്‌മെൻ ആണോയെന്ന് ചോദിച്ചിരുന്നു. ഒരുപാട് പെൺകുട്ടികൾ ഇഷ്ടമാണെന്ന് പറഞ്ഞ് സന്ദേശങ്ങൾ അയച്ചിരുന്നു. എന്നാൽ അതിലൊന്നും പ്രതികരിച്ചിട്ടില്ല. മുടി വെട്ടിയതുകൊണ്ട് മാത്രം ഒരാൾ എങ്ങനെയാണ് ട്രാൻസ്‌മെൻ ആകുന്നത്. ഇത്തരം പ്രചാരണങ്ങൾ അവസാനിപ്പിക്കണം'- ധന്യ വിഡിയോയിൽ പറഞ്ഞു.

അതേസമയം തൃശൂർ സ്വദേശിയായ ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ധന്യയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

ENGLISH SUMMARY:

Helen of Sparta, also known as SR Dhanya, has responded to allegations of being transgender and her recent arrest. She stated that she was unaware of the law that allowed for arrest even on bailable offenses and that her phone was confiscated by the police.