charadu-pinnikali
  • പരമ്പരാഗതമായ രീതിയിലാണ് കലാരൂപം അവതരിപ്പിച്ചതെന്നും കൃത്യമായ പരിശീലനത്തിന് ശേഷം കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിലാണ് ഇത് സംഘടിപ്പിച്ചതെന്നും സമാജം ഭാരവാഹികൾ വ്യക്തമാക്കി.

ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തിയ ചരടു പിന്നികളിയിൽ കുട്ടിയെ ചരടിൽ കെട്ടിതൂക്കിയ സംഭവം സോഷ്യൽ മീഡിയയിൽ വിവാദമായിട്ടുണ്ട്. ഡാൻസ് കളിക്കുന്നതുവരെ കുട്ടികളെ കെട്ടിതൂക്കുന്നതിനെയാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്. ആ കുട്ടികളെ മാറ്റിയിട്ട് ചുറ്റും കളിക്കുന്ന ആർക്കെങ്കിലും തൂങ്ങി കിടക്കാമായിരുന്നു എന്ന് നിരവധി പേർ സോഷ്യൽ മീഡിയയിൽ കുറിച്ചു. സംവിധായകനായ അരുൺ ​ഗോപി നീചം, നികൃഷ്ടം, അപരിഷ്കൃതം എന്നാണ് ചിത്രം പങ്കുവച്ച് കുറിച്ചത്. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ബഹ്‌റൈൻ കേരളീയ സമാജം രം​ഗത്തെത്തി.  

ബഹ്റൈൻ കേരളീയ സമാജത്തിന്റെ വനിതാവേദി സെപ്റ്റംബർ 18 ന് അവതരിപ്പിച്ച ചരടു പിന്നിക്കളിയാണ് വിവാദമായത്. ഫോട്ടോകളും വിഡിയോയും കണ്ട് ‌വിമർശിക്കുന്നത് നിർഭാഗ്യകരവും വാസ്തവവിരുദ്ധവുമാണെന്ന് ബഹ്റൈൻ കേരളീയ സമാജം വ്യക്തമാക്കി. പാട്ടിനും ചുവടുകൾക്കുമൊപ്പം ചരടുകൾ പിന്നി രൂപങ്ങൾ സൃഷ്ടിക്കുകയും, പിന്നീട് അതു അഴിക്കുകയും ചെയ്യുക എന്നതാണ് ഈ കലാരൂപം ചെയ്യുന്നത്. കുട്ടികളും ഈ കലാരൂപത്തിന്റെ ഭാഗമാണ്. കുട്ടികൾ പ്രായമായവരുടെ ചുമലിൽ കയറിനിന്നു റോപ്പിൽ പിടിച്ചു നിൽക്കുകയും അവർക്കുചുറ്റും ചരടുകൊണ്ട് ഒരു കവചം തീർക്കുകയും ചെയ്യുന്നതാണ് ഇതിന്റെ സാമ്പ്രദായിക രീതിയെന്ന് ബഹ്റൈൻ കേരളീയ സമാജം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

ദിവസങ്ങളോളം പരീശലനം നടത്തുകയും, ഭാരവാഹികൾ പരിശീലനം നേരിട്ട് കണ്ട് കുട്ടികൾക്ക് ഒരുവിധ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെന്നു ബോധ്യപ്പെടുകയും ചെയ്തതത്തിനു  ശേഷമാണ് വേദിയിൽ അവതരിപ്പിച്ചത്.  പങ്കെടുത്ത കുട്ടികളും മാതാപിതാക്കളും ആസ്വദിക്കുകയും  ചെയ്തിരുന്നുവെന്നും ബഹ്റൈൻ കേരളീയ സമാജം വ്യക്തമാക്കി. വാർത്തകളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെയും വനിതകളുടെയും സുരക്ഷിതത്വത്തിനും മുൻഗണന നൽകുമെന്നും കമ്മിറ്റി വ്യക്തമാക്കി. 

ENGLISH SUMMARY:

A major controversy erupted on social media regarding a 'Charadu Pinni Kali' performance organized by the women's wing of the Bahrain Keraleeya Samajam on September 18. Critics and social media users, including movie director Arun Gopy, strongly condemned the act showing young children suspended from ropes during the dance. Responding to the backlash, the Bahrain Keraleeya Samajam issued a clarification stating that the viral photos were being misinterpreted out of context. The organizers assured that the traditional performance was executed after days of safe practice under supervision, ensuring no physical discomfort was caused to the participating children.