Image Credit: facebook/santhoshgeorgekulangara

Image Credit: facebook/santhoshgeorgekulangara

  • 'ഒരു സായിപ്പിനും, ഒരറബിക്കും, ഒരാദരവും നിങ്ങളോട് തോന്നുന്നില്ല. നിങ്ങളാണ് ദുബായ് ഉണ്ടാക്കിയത്, നിങ്ങളില്ലാരുന്നെങ്കിൽ ദുബായ് ഉണ്ടാകില്ല എന്നൊക്കെ പറയുന്നത് അങ്ങനെ മാത്രം കണ്ടാല്‍ മതി'

കേരളം വിട്ട് യുവതലമുറ കൂട്ടത്തോടെ വിദേശത്തേക്ക് ചേക്കേറുന്നത് നാട്ടിലെ പരാധീനതകള്‍ കൊണ്ടാണെന്നും വിദേശത്ത് അവര്‍ സുഖിക്കുകയല്ലെന്നും സഞ്ചാരിയും സംരംഭകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. അഭിമാനത്തോടെ മക്കള്‍ നാട്ടില്‍ നില്‍ക്കണമെങ്കില്‍, പ്രായമാകുമ്പോള്‍ അവരെ കണ്ട് മരിക്കണമെന്നുണ്ടെങ്കില്‍ പുതിയ ആശയങ്ങളും പദ്ധതികളും കേരളത്തില്‍ വരണമെന്നും അതിനെയെല്ലാം കണ്ണടച്ച് എതിര്‍ക്കുകയല്ല വേണ്ടെതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. 

ഹൈസ്പീഡ് ട്രെയിന്‍ ഉള്‍പ്പടെയുള്ളവ വരണം. വിമാനത്താവളങ്ങളെക്കാള്‍ നല്ലത് അതിവേഗ ട്രെയിനാണെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര കൂട്ടിച്ചേര്‍ത്തു. കൊച്ചി മെട്രോ സുന്ദരമായി നടക്കുന്നുണ്ടെന്നും സ്വിഗ്ഗിയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന കാലവും ഗൂഗിള്‍പേയിലൂടെ കച്ചവടം നടത്തുന്നതും പങ്ക് സങ്കല്‍പ്പിക്കാത്ത കാര്യങ്ങളാണെന്നും എന്നാല്‍ ടെക്നോളജി മനുഷ്യ ജീവിതത്തിന് പുത്തന്‍ വേഗം നല്‍കിയെന്നും വികസനത്തോട് മുഖം തിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ: 'എങ്ങനെ നമ്മൾ നന്നാവും? നമ്മുടെ മക്കള്, നമ്മുടെ മക്കള് വിദേശരാജ്യങ്ങളിൽ പോയി സുഖിക്കുകയല്ലെന്ന് തിരിച്ചറിയണം. ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, അതൊരു കുറച്ചിലായിട്ടും വീണ്ടും ഒരു പരിഹാസമായിട്ടല്ല പറയുന്നത്. നിങ്ങളുടെ മക്കള്‍ വിദേശത്ത് ജോലി ചെയ്യേണ്ടി വരുന്നുണ്ടെങ്കിൽ, പശ്ചിമ ബംഗാളിൽ നിന്നൊരാള്‍ കേരളത്തിൽ ജോലി ചെയ്യേണ്ടി വരുന്ന അതേ അവസ്ഥ തന്നെയാണെന്ന് തിരിച്ചറിയണം. ഒരു വ്യത്യാസവുമില്ല അതിന്. ഒരു സായിപ്പിനും, ഒരറബിക്കും, ഒരാദരവും നിങ്ങളോട് തോന്നുന്നില്ല. നിങ്ങളാണ് ദുബായ് ഉണ്ടാക്കിയത്, നിങ്ങളില്ലാരുന്നെങ്കിൽ ദുബായ് ഉണ്ടാകില്ല എന്നൊക്കെ പറയുന്നത്, അത്രയൊക്കെ കൂട്ടിയാൽ മതി. 

കഴിഞ്ഞ 30 കൊല്ലമായി ഇത് നന്നായിട്ട് അനുഭവിക്കുന്ന ഒരാളാണ് ഞാന്‍. കേരളത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ ഈ ലോകം ചുറ്റുന്നയാളാണ്. ഓരോ മലയാളി സമൂഹത്തിനൊപ്പം, അവിടുത്തെ കൂട്ടായ്മകൾക്കൊപ്പം, മിക്കവാറും രണ്ടുമാസം കൂടുമ്പോഴെങ്കിലും ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ഒരാളാണ്. അവരനുഭവിക്കുന്നത് എന്താണെന്ന് എനിക്ക് കൃത്യമായിട്ട് അറിയാം. വീട്ടുകാരോട് അതെല്ലാം വിളിച്ച് പറയുന്നുണ്ടാവില്ല. അഭിമാനത്തോടെ സ്വന്തം നാട്ടിൽ നമ്മുടെ മക്കൾ ഇവിടെ നിൽക്കണമെങ്കിൽ, നമുക്ക് വയസാകുമ്പോൾ അവരെ കണ്ടുകൊണ്ട് മരിക്കണമെങ്കിൽ, ഇത്തരം പദ്ധതികൾ വരണം, പുതിയ ആശയങ്ങൾ വരണം.

അത് നടപ്പാക്കാൻ ടെക്നോളജി അറിയുന്നവരുണ്ടെന്നേ. നമ്മൾ കിടന്ന് വിഷമിക്കേണ്ട കാര്യമില്ല. കൊച്ചി മെട്രോ വന്നത് നമ്മുടെ ബുദ്ധി ഉപയോഗിച്ചിട്ടാണോ? ഡിഎംആര്‍സി അതിന്റെ ആശയം കൊടുത്തു, ടെക്നോളജി കൊടുത്തു, വൃത്തിയായിട്ട് തൂണുകൾ പണിതു, പാലം പണിതു. ഒരു കുഴപ്പവുമില്ലാതെ അത് ഭംഗിയായിട്ട് ഓടുന്നില്ലേ? കേരളത്തിലെ എന്‍ജിനീയര്‍മാരെല്ലാം കൂടെ കൂടി അതിന് വരച്ചുകൊടുക്കേണ്ടി വന്നില്ലല്ലോ. അലൈന്‍മെന്‍റ് ഒന്നും തെറ്റിയിട്ടില്ലല്ലോ. ടെക്നോളജി ലോകത്തുണ്ട്. നമ്മുടെ ബുദ്ധി അതിന് വേണമെന്ന് നിർബന്ധമൊന്നുമില്ല. ജപ്പാന് ടെക്നോളജിയുണ്ട്, ജര്‍മനിക്ക് ടെക്നോളജിയുണ്ട്, ചൈനയ്ക്ക് ടെക്നോളജിയുണ്ട്. ഹൈസ്പീഡ് ട്രെയിനുള്ള ടെക്നോളജി ലോകത്ത് തെളിയിക്കപ്പെട്ടതാണ്. നമ്മള്‍ അഭിപ്രായം പറയാതിരുന്നാല്‍ മതി. അപ്പോള്‍ ഈ പറഞ്ഞ മേഖലയിലൊക്കെ മാറ്റങ്ങളുണ്ടാകും. കാര്‍ഷിക മേഖല പോലും മാറ്റങ്ങള്‍ക്ക് വിധേയകമാകും. 

എല്ലാ ജില്ലയിലും വിമാനത്താവളങ്ങള്‍ വന്നാല്‍ പോരേയെന്ന് പലരും പറയും. വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ള ആരും അത് സമ്മതിക്കില്ല. ഇന്നത്തെ കാലത്ത് വിമാനത്തിൽ കയറി എയർപോർട്ടിൽ കയറി, അകത്തുകേറി ചെക്ക് ഇന്‍ ചെയ്ത് വിമാനത്തിൽ കയറണം, അതിന് രണ്ടു മണിക്കൂർ മുൻപ് അവിടെ ചെല്ലണം. അരമണിക്കൂര്‍ കൊണ്ട് പോകേണ്ട ദൂരത്താണ് ഈ രണ്ടുമണിക്കൂര്‍ മുന്‍പ് പോകേണ്ടത്. കാലാവസ്ഥ മാറിയാല്‍ വിമാനയാത്ര പ്രശ്നമാകും. മഴ വന്നാലും കൊടുങ്കാറ്റ് വന്നാലും പ്രശ്നമാകും. തന്നെയുമല്ല ഇന്ത്യ പോലുള്ള രാജ്യത്ത് ഒരു ജില്ലയിൽ നിന്ന് അടുത്ത ജില്ലയിലേക്ക് പറക്കാൻ, അല്ലെങ്കിൽ രണ്ടു ജില്ല അപ്പുറം ഉള്ള ഒരു പട്ടണത്തിലേക്ക് വിമാനങ്ങൾ പറക്കുക എന്ന് പറയുന്നത് ദിവസത്തിൽ ഒന്നോ ദിവസത്തിൽ മൂന്നോ ഒക്കെ പരമാവധി നടന്നേക്കാം. ഇപ്പോള്‍ ഈ തിരുവനന്തപുരം-കൊച്ചി, തിരുവനന്തപുരം-കോഴിക്കോട് പോലും നമുക്കറിയാം ആവശ്യത്തിന് വിമാനങ്ങൾ ഉണ്ടോയെന്ന് സംശയമാണ്. നമുക്ക് ആവശ്യനേരത്ത് കിട്ടാറില്ല. പാതിരാത്രിക്ക് വല്ലതുമൊക്കെ ഒരു ഫ്ലൈറ്റുണ്ടെന്ന് തോന്നുന്നു. 

നിങ്ങളാഗ്രഹിക്കുമ്പോള്‍ നിങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ചെന്നാല്‍ ഓരോ അരമണിക്കൂറിലും ട്രെയിന്‍ വരും, മുക്കാല്‍ മണിക്കൂറു കൊണ്ട് എത്തേണ്ട സ്ഥലത്ത് ചെല്ലാമെന്ന് വന്നാല്‍ മനുഷ്യന്‍റെ മനോഭാവം മാറും.  ജീവിത വീക്ഷണം മാറും. സങ്കല്‍പങ്ങള്‍ മാറും. പുതിയ പുതിയ ആശയത്തിലുള്ള വ്യവസായങ്ങള്‍ വരും'. 

ENGLISH SUMMARY:

Traveler and entrepreneur Santhosh George Kulangara stated that Kerala's youth migrating abroad are not living in comfort, but facing conditions similar to migrant workers elsewhere. He urged society to embrace modern infrastructure projects, including high-speed trains, to retain young talent within the state. Highlighting that high-speed rail is far more efficient than inter-district air travel, he noted that proven international technology can execute such developments easily. He stressed that adopting new concepts will transform Kerala's economy, industries, and agricultural sector for future generations.