എരുമേലിയിലെ ആമക്കുന്ന് പാലത്തിന്‍റെ ഉദ്ഘാടനമാണ് സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ മേഖലയിലും ചര്‍ച്ചയാകുന്നത്. വേറെയൊന്നും കൊണ്ടല്ല, ചടങ്ങിന് സ്ഥലം എംഎൽഎ ക്ഷണിക്കുകയും മുൻ എംഎൽഎ എത്തി പാലം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഉദ്ഘാടന ഫലകത്തിലാകട്ടെ, പൂഞ്ഞാര്‍ എംഎല്‍എ എന്ന് മാത്രമാണ് രേഖപ്പെടുത്തിയതും. രാഷ്ട്രീയ വൈരം കൊണ്ട് പരസ്പരം നോക്കാന്‍ പോലും മടിക്കുന്ന കാലത്ത് ഹൃദ്യമായ കാഴ്ചയാകുകയാണ് ആമക്കുന്ന് പാലത്തിന്‍റെ ഉദ്ഘാടനം.
വാഴക്കാല– ആമക്കുന്ന് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം ആരംഭിച്ചത്. എന്നാല്‍ യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ് നിർമാണം പൂർത്തിയായത്. ഒടുവില്‍ പാലം ഉദ്ഘാടനത്തിന് സജ്‍ജമായപ്പോള്‍ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎയും സെബാസ്റ്റ്യൻ കുളത്തുങ്കലും ചേർന്ന് നാടിനു സമർപ്പിച്ചു. പൊതുസമ്മേളനത്തില്‍ പാലം ഉദ്ഘാടനം ചെയ്തതായി മുന്‍ എംഎല്‍എ സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രഖ്യാപിക്കുകയും ചെയ്തു.
പാലത്തിന്‍റെ യഥാർഥ അവകാശി മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ മാത്രമാണെന്നും വികസനത്തുടർച്ചയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു താനെന്നും എം.ജെ.സെബാസ്റ്റ്യൻ പറഞ്ഞു. പാലത്തിന്റെ ഫലകത്തിലും തന്‍റെ പേര് ഒഴിവാക്കണമെന്ന് എം.ജെ.സെബാസ്റ്റ്യൻ എംഎൽഎയുടെ നിർദേശമുണ്ടായിരുന്നു. തുടര്‍ന്ന് ‘ഉദ്ഘാടനം: പൂഞ്ഞാർ എംഎൽഎ’ എന്നു മാത്രമാണു ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
2018ലെ വെള്ളപ്പൊക്കത്തെ തുടർന്നാണ് എരുമേലി വലിയതോടിനു കുറുകെയുള്ള ആമക്കുന്ന് പാലത്തിനു കേടുപാടുകൾ സംഭവിച്ചത്. അറ്റകുറ്റപ്പണികൾ നടത്തിയാൽ പാലം സുരക്ഷിതമല്ലെന്നും കണ്ടതിനെ തുടർന്നാണ് 15.5 മീറ്റർ നീളത്തിൽ പുതിയപാലം നിർമിച്ചത്. പുതിയ പാലം യാഥാർഥ്യമായതോടെ വാഴക്കാല, ആമക്കുന്ന് ഭാഗത്ത് താമസിക്കുന്ന 300ൽ പരം കുടുംബങ്ങൾക്കാണ് ഗതാഗതസൗകര്യം സജ്ജമായത്.