അഫ്ഗാനിസ്ഥാന്‍ യാത്രയില്‍ താലിബാന്‍ തടഞ്ഞുവച്ചതിനു ശേഷം അരുണിമ കേരളത്തിലെത്തി. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ കാബൂളില്‍ നിന്നും ഡല്‍ഹിയിലെത്തിയ ശേഷം വിമാന മാര്‍ഗമാണ് അരുണിമ നാട്ടിലെത്തിയത്. യാത്രയില്‍ സഹായിച്ച ഇന്ത്യന്‍ എംബസിക്കും സുരേഷ് ഗോപിക്കും നന്ദി പറയുന്നതായി അരുണിമ ഫേസ്ബുക്കില്‍ കുറിച്ചു. ബാമിയനില്‍ നിന്നും കാബൂളിലേക്കുള്ള യാത്ര മുതല്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടലുണ്ടായെന്നും അരുണിമ പറഞ്ഞു. 

Also Read: 'സഹായിച്ചത് ഇന്ത്യന്‍ എംബസി, കാബൂളിലേക്ക് പോകുന്നു'; അഫ്ഗാനിസ്ഥാനില്‍ നിന്നും പുതിയ വിഡിയോയുമായി അരുണിമ

ഇന്ത്യന്‍ എംബസിയും സുരേഷ് ഗോപിയും അച്ഛനെ വിളിച്ചു സംസാരിക്കുകയായിരുന്നുവെന്നും പിന്നീട് തന്നെ വിളിച്ച് എല്ലാ സൗകര്യങ്ങളും ചെയ്തുതന്നുവെന്നും അരുണിമ കുറിച്ചു. 'താമസിച്ചിരുന്ന ഹോട്ടലിലേക്ക് ബാമിയന്‍ പ്രൊവിന്‍സിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്നു. സുരക്ഷ ഉറപ്പാക്കി. വാഹനം തന്നു കാബൂളിലേക്ക് എത്തിച്ചു. അവിടെ ഇന്ത്യന്‍ എംബസിക്ക് കൈമാറി. കാബൂളില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ എംബസിയിലെ ഡ്രൈവര്‍ വന്നു ഹോട്ടലിലേക്ക് കൊണ്ടു പോയി. ഡല്‍ഹിയിലേക്ക് വരാനുള്ള വിമാനവും ഇന്ത്യന്‍ എംബസി എടുത്തിരുന്നു' എന്നും അരുണിമ കുറിച്ചു. 

കാബൂള്‍ വിമാനത്താവളത്തില്‍ വലിയ ദുരിതമാണ് നേരിട്ടതെന്ന് അരുണിമ കുറിച്ചു. 'രാവിലെ അഞ്ചരയോടെ എംബസിയിലെ ഡ്രൈവര്‍ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയി. ചെക്കിങ് സമയത്ത് വിമാനം വൈകുമെന്ന് അറിയിച്ചു. പിന്നീട് 12 മണിയായപ്പോള്‍ എന്താണ് നടക്കുന്നതെന്ന് ഒരു അറിവുമില്ല. ചോദിച്ചവര്‍ക്കും ഉത്തരമില്ല. വിശ്രമിക്കുന്ന ഇടത്ത് ചോദിക്കാൻ പോലും ഒരു സ്റ്റാഫില്ലായിരുന്നു. വിമാനത്താവളത്തില്‍ കറന്‍റില്ലായിരുന്നു. പറദയായിരുന്നു ഇട്ടിരുന്നത്. ഡൽഹി എത്തിയാൽ മാത്രമെ വസ്ത്രം മാറ്റാന്‍ പറ്റുകയുള്ളൂ. ഇത്തരമൊരു അനുഭവം ആദ്യമായമാണ്. ഒരു മണിക്കാണ് ബോര്‍ഡിങ് ആരംഭിച്ചത്. വിമാനത്തില്‍ ഞാന്‍ മാത്രമായിരുന്നു പെൺകുട്ടി. എയർഹോസ്റ്റസും പൈലറ്റും എല്ലാം ആണുങ്ങള്‍' അരുണമി എഴുതി. 

Also Read: 'താലിബാന്‍ വിട്ടയച്ചു; വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല'; ഇനി 500 കിലോ മീറ്റര്‍ കൂടിയെന്ന് അരുണിമ

പെര്‍മിറ്റില്ലാതെ യാത്ര ചെയ്തതിന്‍റെ പേരിലാണ് അരുണിമയെ താലിബാന്‍ തടഞ്ഞത്. തനിച്ച് ഒരു സ്ത്രീക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും പെര്‍മിറ്റ് എടുക്കണമെങ്കില്‍ ഗൈഡ് വേണമെന്നും താലിബാന്‍ അറിയിച്ചു. എന്നാല്‍ കഴിഞ്ഞ 27 ദിവസമായി താന്‍ തനിച്ചാണ് അഫ്ഗാനിലൂടെ യാത്ര ചെയ്തതെന്ന് മനസിലാക്കിയതോടെ ഗുരുതര നിയമലംഘനം നടത്തിയെന്ന് താലിബാന്‍ പറഞ്ഞുവെന്നും അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചുവെന്നും അരുണിമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കയ്യും കാലും പിടിച്ചാണ് അറസ്റ്റ് ഒഴിവാക്കിയതെന്നും എന്തോ സംഭവിക്കാന്‍ പോകുകയാണെന്ന് തോന്നിയെന്നും അവര്‍ വെളിപ്പെടുത്തി.

 

ENGLISH SUMMARY:

Malayali traveler Arunima returned safely to Kerala after being detained by the Taliban during her solo trip to Afghanistan. She was rescued and brought back via Kabul and Delhi with the timely intervention of the Indian Embassy and Union Minister Suresh Gopi. Describing the ordeal, she highlighted the severe hardships faced at Kabul Airport, including blackouts, lack of facilities, and strict dress enforcement. Taliban officials had accused her of serious legal violations for traveling solo without a permit or a guide, but she managed to avert arrest before being escorted safely to the embassy.