തിരുവനന്തപുരം നഗരത്തില്‍ നിന്ന് മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മൃഗശാല മാത്രമല്ല, ഒരു നൂറ്റാണ്ടിലേറെയായി തലസ്ഥാന നഗരത്തിന്‍റെ ഭാഗമായ സെന്‍ട്രല്‍ ജയിലും മാറ്റിയേക്കും. ഇത് മുഖ്യമന്ത്രിയുടെ ആവശ്യമല്ല. ജയിലുകളേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് എന്നിവരുടെ ശുപാര്‍ശയാണ്.
പൂജപ്പുര സെന്‍ട്രല്‍ ജയില്‍ മാത്രം മാറ്റണമെന്നല്ല ശുപാര്‍ശ. കേരളത്തില്‍ നഗരത്തിലുള്ള പഴയ ജയിലുകളെല്ലാം മാറ്റണം. പ്രത്യേകിച്ച് വിയ്യൂര്‍ ഒഴികെയുള്ള സെന്‍ട്രല്‍ ജയിലുകള്‍. അതില്‍ പൂജപ്പുരയും കണ്ണൂരും ഉറപ്പായും മാറ്റണമെന്നുമാണ് ശുപാര്‍ശ
സുരക്ഷാ പ്രശ്നവും സൗകര്യക്കുറവുമാണ് കാരണം. കണ്ണൂര്‍ സെന്‍ട്രല്‍ 1861ലും പൂജപ്പുര 1889ലും പണിതതാണ്. നൂറ്റമ്പത് വര്‍ഷത്തോളം പഴക്കമുള്ള ഈ ജയിലുകളില്‍ അപകട ഭീഷണിയുണ്ട്. മാത്രവുമല്ല, തടവുകാര്‍ക്ക് രക്ഷപെടാവുന്ന തരത്തിലുള്ള ബലക്ഷയവും ജയിലിന്‍റെ പലഭാഗത്തുമുണ്ട്. ഇതുകൂടാതെ തടവുകാരുടെ എണ്ണം പെരുകിയപ്പോള്‍ സൗകര്യം കുറഞ്ഞു. പഴയ നിര്‍മാണമായതുകൊണ്ട് പുതുക്കിപ്പണിയാനും പറ്റില്ല. അതിനാല്‍ നഗരത്തില്‍ നിന്ന് മാറി സ്ഥലം കണ്ടെത്തി, പുതിയ കെട്ടിടം പണിയണമെന്നാണ് ശുപാര്‍ശ. ഒരു മാസം മുന്‍പ് കൈമാറിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.