collector-bro-kasaragod
  • കലക്ടർ തങ്ങൾക്ക് മകനാണെന്നും കാസർകോട് നിന്നും പോകുന്നതിൽ വിഷമമുണ്ടെന്നും അമ്മമാരും മനസ് തുറന്നു

ജില്ലാ കലക്ടർ ആയിരുന്ന അർജുൻ പാണ്ഡ്യൻ  പടിയിറങ്ങുമ്പോൾ കാസർകോട്ടെ ജനങ്ങൾക്ക് അതൊരു വൈകാരിക വിടവാങ്ങൽ കൂടിയാണ്. പടിയിറക്കത്തിലും പരവനടുക്കം തണൽ അന്തേവാസികൾക്കായി ഒരു ബോട്ട് യാത്രയും ഒരുക്കിയാണ് മുൻ  കലക്ടറുടെ മടക്കം. 

കാസർകോട്ട് പരവനടുക്കം തണൽ  ഗവ. വൃദ്ധ സദനത്തിലെ അമ്മമാർക്ക് ഒരാഗ്രഹം, ഒരു യാത്ര പോകണം. ഈ ആഗ്രഹം കുറച്ച് നാൾ മുമ്പ് അമ്മമാർ കലക്ടർ അർജുൻ പാണ്ഡ്യനുമായി  പങ്കുവെച്ചിരുന്നു. ആ ആഗ്രഹമാണ് കലക്ടറായുള്ള തന്‍റെ  അവസാന പ്രവർത്തി ദിവസത്തിൽ അർജുൻ പാണ്ഡ്യൻ സാധിച്ചു കൊടുത്തത്. തേജസ്വിനി നദിയിലൂടെ നടത്തിയ ബോട്ട് സവാരി തങ്ങളുടെ പ്രിയപ്പെട്ട കലക്ടർക്കൊപ്പം അവർ നെഞ്ചോട് ചേർത്തുവച്ചു.

‌പ്രിയപ്പെട്ടവർക്ക് ഒപ്പം ചിരിച്ചും കളിച്ചും പാടിയും അവർ സന്തോഷിച്ചു. ഏറെ നാളത്തെ ആഗ്രഹം സഫലമാക്കാൻ സാധിച്ചത് സന്തോഷമെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. കലക്ടർ തങ്ങൾക്ക് മകനാണെന്നും കാസർകോട് നിന്നും പോകുന്നതിൽ വിഷമമുണ്ടെന്നും അമ്മമാരും മനസ് തുറന്നു. 

ഞങ്ങളെ കാണാൻ  ഇനിയും വരില്ലേ എന്ന് അമ്മമാര്‍ ചോദിക്കുമ്പോൾ, വീണ്ടും വരുമെന്നുള്ള ഉറപ്പുനല്‍കി ഒരായിരം ഓർമകൾ സൂക്ഷിച്ചുകൊണ്ടാണ് അർജുൻ പാണ്ഡ്യൻ ഐഎഎസിന്റെ മടക്കം. 

ENGLISH SUMMARY:

Arjun Pandian, the former Kasaragod Collector, embarked on an emotional farewell, fulfilling the wish of the residents at Paravanadukkam Thanal Government Old Age Home with a memorable boat trip on the Thejaswini River. His final act as Collector was to ensure their long-cherished dream of a journey was realized, creating cherished memories for everyone involved.