ജീവിതത്തില്‍ താന്‍ സ്വീകരിച്ച നിലപാടുകളുടെ പേരിലും പിന്തുണകളുടെ പേരിലും ഏറെ വിമര്‍ശനങ്ങളും പഴികളും കേട്ടിട്ടുണ്ടെന്ന് എംഎന്‍ കാരശേരി. പ്രശ്നാധിഷ്ഠിതമാണ് താന്‍ നല്‍കുന്ന പിന്തുണയും എതിര്‍പ്പുമെന്ന് കാരശേരി നേരേ ചൊവ്വേയില്‍ പറയുന്നു. സത്യം പറയുന്നവനെപ്പോലെയും നന്‍മകള്‍ ചെയ്യുന്നവനെപ്പോലെയും വെറുക്കപ്പെടുന്ന ഒരാളില്ലെന്നും കാരശേരി പറയുന്നു.
എത്രയോ കാലമായിട്ട് വളരെ ഗൗരവമുള്ള കാര്യങ്ങളിൽ നിലപാടുകൾ എടുക്കുന്നു. അതിന്റെ പേരിൽ ഒരുപാട് ശത്രുക്കൾ ഉണ്ടായിട്ടുണ്ട്. ശത്രുക്കളുടെ ഇടയിലാണ് കാരശ്ശേരി മാഷിന്റെ ജീവിതം എന്ന് പറയാമോ?
ഒരു സംശയവുമില്ല. ‘സത്യം പറയുന്നവനെപ്പോലെ വെറുക്കപ്പെടുന്ന ആരുമില്ല ലോകത്ത്’ എന്ന് പ്ലേറ്റോ പറയുന്നുണ്ട്. സത്യം പറയുന്നവനെപ്പോലെ വെറുക്കപ്പെടുന്ന ആരുമില്ല! ആലോചിച്ചു നോക്കൂ. സത്യം പറഞ്ഞതുകൊണ്ടാണ് സോക്രട്ടീസിന് വിഷം കൊടുത്തത്, സത്യം പറഞ്ഞതുകൊണ്ടാണ് ക്രിസ്തുവിനെ കുരിശിൽ തറച്ചത്, സത്യം പറഞ്ഞതു കൊണ്ടാണ് ഗാന്ധിജിയെ വെടിവെച്ചുകൊന്നത്. കളവ് പറയുന്ന ആരെയെങ്കിലും ആരെങ്കിലും കൊല്ലാറുണ്ടോ? ഹിറ്റ്ലറെ ആരും കൊന്നിട്ടില്ല, അദ്ദേഹം ആത്മഹത്യ ചെയ്തതാണ്.
Also Read: എന്റെ ശരിക്കുള്ള പേര് മോദി, ഉപ്പൂപ്പായുടെ പേരും മോദി: എം.എന്‍.കാരശേരി
അപ്പോ ഈ സംഘപരിവാറിനെ, സി.പി.എമ്മിനെ, കോൺഗ്രസിനെ, അതുപോലെതന്നെ വർഗ്ഗീയ കക്ഷികളെ, മൗലികവാദം പ്രചരിപ്പിക്കുന്നവരെ, ഇവരെയെല്ലാം എതിർത്തതിന്റെ പേരിൽ കുറെ തെറി കിട്ടിയിട്ടുണ്ട്. അപ്പോ ആസ്വദിച്ച തെറി ഏതെങ്കിലും ഉണ്ടോ, സർഗ്ഗാത്മകമായിട്ടെങ്കിലും? കാരണം അതിന്റെ ഭാഷ, നർമ്മം അങ്ങനെയെങ്കിലും ഇഷ്ടപ്പെട്ട ഒന്ന്.
ഒരു ഉദാഹരണം ഞാൻ പറയാം. ഒരു നാലഞ്ചു കൊല്ലം മുൻപാണ്. ഫെയ്സ്ബുക്കിൽ ഞാന്‍ ഒരു പോസ്റ്റിട്ടു, എന്താണെന്ന് എനിക്ക് കൃത്യമായി ഓർമയില്ല, അതിന്റെ അടിയിൽ ഒരാൾ വന്നിട്ട് ‘പോടാ നായിന്റെ മോനേ’ എന്ന് ഒരു കമന്റിട്ടു. ഞാൻ ഉടനെ ‘താങ്ക്യൂ’ എന്ന് അടിച്ചു. ‘കൊണ്ട് പോടാ നിന്റെ താങ്ക്യൂ’, ആർക്കാടാ നിന്റെ താങ്ക്യൂ വേണ്ടത്? എന്നായിരുന്നു അടുത്ത കമന്റെന്നും കാരശേരി പറയുന്നു.