ഇന്ത്യയിലെ ആദ്യത്തെ  സ്വകാര്യ വിമാനക്കമ്പനിയായിരുന്നു ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ്.  കമ്പനിയുടെ  ഉടമയായ മലയാളി വ്യവസായി തഖിയുദ്ദീന്‍ അബ്ദുള്‍ വാഹിദ് വെടിയേറ്റ് കൊല്ലപ്പെട്ടതോടെ ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ് നിലംപതിച്ചു. കമ്പനി പൂട്ടിയെങ്കിലും ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സിന്‍റെ ഓര്‍മകള്‍ പുതുക്കി കമ്പനി ജീവനക്കാരായിരുന്നവര്‍ കൊച്ചിയില്‍ ഒത്തു ചേര്‍ന്നു.

1991ല്‍ കേന്ദ്ര സര്‍ക്കാര്‍  വ്യോമയാന മേഖലയില്‍ കൊണ്ടുവന്ന  ഓപ്പണ്‍ സ്കൈ നയത്തിന് പിന്നാലെയാണ് മലയാളി വ്യവസായിയായ തഖിയുദ്ദീന്‍ അബ്ദുള്‍ വാഹിദ് ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നത്. മുംബൈ ആയിരുന്നു ആസ്ഥാനം. 1992 മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കാണ് ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സിന്‍റെ ആദ്യ വിമാനം പറന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം  ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ജീവനക്കാരില്‍  ഭൂരിഭാഗവും മലയാളികള്‍. ചുരുങ്ങിയ കാലം കൊണ്ട് ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ് ആകാശപ്പാതയില്‍ കളം പിടിച്ചു. 

1995 നവംബര്‍ 13 ന്  തഖിയുദ്ദീന്‍ അബ്ദുള്‍ വാഹിദ് മുംബൈയില്‍ വെടിയേറ്റു കൊല്ലപ്പെട്ടതോടെ കമ്പനിയുടെ പതനം ആംരംഭിച്ചു. 1996 ഓഗസ്റ്റില്‍  ഈസ്റ്റ് വെസ്റ്റ് എയ്ര്‍ലൈന്‍സ് സര്‍വീസുകള്‍ അവസാനിപ്പിച്ചു. കമ്പനിയിലെ ജീവനക്കാരും മാനേജമെന്‍റും പലവഴി പിരിഞ്ഞെങ്കിലും അവര്‍ തമ്മിലുള്ള ബന്ധം അവസാനിച്ചില്ല. മുപ്പത് വര്‍ഷത്തിനു ശേഷം  ഈസ്റ്റ് വെസ്റ്റ് എയ്ര്‍ലൈന്‍സിലെ  ജീവനക്കാരായിരുന്നവര്‍ കൊച്ചിയില്‍ ഒരുമിച്ചു കൂടി. പഴയതൊഴിലിടത്തെ സൗഹൃദം പുതുക്കി, ഓര്‍മകള്‍ പങ്കിട്ടു.  

ഒരു മലയാളി രാജ്യത്തിന്‍റെ ആകാശപ്പാത വെട്ടിപ്പിടിച്ച കഥ കൂടിയാണ് വിസ്മൃതിയിലേക്കാണ്ടു പോകാതെ ഈസ്റ്റ് –വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാരുടെ കൂട്ടായ്മ  ഓര്‍മിപ്പിക്കുന്നത്.

ENGLISH SUMMARY:

East West Airlines, India's first private airline, is being remembered by former employees in Kochi. The airline's journey, initiated by Malayali businessman Takhieuddin Abdul Wahid, ended tragically with his assassination, leading to the company's downfall.