നടി റിനി ആൻ ജോർജ് രാഹുൽ മാങ്കൂട്ടത്തിലിനെതിനെതിരെ ഉന്നയിച്ച ആരോപണങ്ങളിലെ വസ്തുത തനിക്ക് മനസിലായതായി രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെതിനെതിരായ റിനിയുടെ തുറന്നുപറച്ചിൽ ആസൂത്രിതമല്ലായിരുന്നെന്ന് താൻ 99 ശതമാനവും വിശ്വസിക്കുന്നതായി രാഹുൽ ഈശ്വർ പറഞ്ഞു. ഇരുവരും പങ്കെടുക്കുന്ന റിയാലിയറ്റി ഷോയ്ക്കിടെ റിനിയോട് സംസാരിച്ചതിൽ നിന്നാണ് കാര്യങ്ങൾ മനസിലായതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
'മനഃപൂർവം ആരെയെങ്കിലും കുടുക്കണമെന്ന് വിചാരിച്ച് ആരുടെയെങ്കിലും പ്രേരണയാലല്ല റിനി ആരോപണങ്ങൾ ഉന്നയിച്ചത്. യാതൊരുവിധ ഗൂഢാലോചനയും അതിൽ ഇല്ലായിരുന്നുവെന്ന് മനസിലാക്കുന്നു' എന്നും രാഹുൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഹുലിന്റെ പേരെടുത്ത് പറയാതെയായിരുന്നു റിയാലിയറ്റി ഷോയ്ക്കിടെ ഇരുവരും സംസാരിച്ചത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ചുള്ള സംഭാഷങ്ങൾക്കിടയിൽ, രാഹുൽ തെറ്റുകൾ മനസിലാക്കി തിരികെ വരണമെന്നും വിവാഹിതനാകണമെന്നും ആഗ്രഹിക്കുന്നതായി റിനിയും പറഞ്ഞു. തെറ്റ് തിരുത്തി രാഷ്ട്രീയ ജീവിതത്തിലേക്ക് തിരികെ വരണമെന്ന് രാഹുൽ ഈശ്വറും രാഹുൽ മാങ്കൂട്ടത്തിലിനോടായി പറഞ്ഞു. പേരുപറയതെ തന്നേയായിരുന്നു ഇരുവരുടെയും സംഭാഷണങ്ങൾ.
കേരളത്തിലെ ഒരു യുവനേതാവ് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നുമുള്ള റിനിയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് പാലക്കാട് എംഎൽഎയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ ആരോപണങ്ങളും കേസുകളും ഉയർന്നുവന്നത്. റിനിയുടെ തുറന്നുപറച്ചിൽ ആസൂത്രിതമായിരുന്നുവെന്നും രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നുമാണ് രാഹുൽ ഈശ്വർ അടക്കമുള്ളവർ വാദിച്ചിരുന്നത്. സ്ത്രീവിരുദ്ധ പ്രസ്താവന നടത്തി എന്നാരോപിച്ച് രാഹുല്‍ ഈശ്വറിനെതിരെ റിനിയും, തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് റിനിക്കെതിരെ രാഹുലും പൊലീസിൽ പരാതി നല്‍കിയിരുന്നു.