കോടികള്‍ ചെലവിട്ട് നിര്‍മിച്ച സംസ്ഥാനത്തെ മറ്റൊരു സുപ്രധാന പദ്ധതി കൂടി ഇല്ലാതാകുന്നു. സ്ത്രീകളുടേയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമിട്ട് കോഴിക്കോട് ആരംഭിച്ച രാജ്യത്തെ ആദ്യ ജെന്‍ഡര്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ജന്‍ഡര്‍ പാര്‍ക്കിന്‍റെ അകാലമരണം മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പാക്കിയപ്പോള്‍ പാര്‍ക്കിനെ പുനരുജീവിപ്പിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
2021 ഫെബ്രുവരി 14നായിരുന്നു ജെന്‍ഡര്‍ പാര്‍ക്കിന്‍റെ കൊട്ടിഘോഷിച്ച ഉദ്ഘാടനം. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകന്‍. ഐക്യരാഷ്ട്ര സഭയുടെ വനിതാവിഭാഗത്തിന്‍റെ സഹകരണത്തോടെയായിരുന്നു പാര്‍ക്കിന്‍റെ നിര്‍മാണം. 300 കോടി രൂപയായിരുന്നു പദ്ധതിയുടെ ആകെ ചെലവ്. 24 ഏക്കര്‍ വിസ്തൃതിയില്‍ ജെന്‍ഡര്‍ മ്യൂസിയം, ജെന്‍ഡര്‍ ലൈബ്രറി, കോണ്‍ഫറന്‍സ് സെന്‍റര്‍ , ആംഫി തിയറ്റര്‍ എന്നിവ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കി. ആദ്യഘട്ടത്തില്‍ ഷി ടാക്സി അടക്കമുള്ള പദ്ധതികള്‍ ഏറെ ജനശ്രദ്ധ നേടിയെങ്കിലും പിന്നീട് ജെന്‍ഡര്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനം മന്ദീഭവിച്ചു. ആരും തിരിഞ്ഞുനോക്കാനില്ലാതായി.
എല്‍ഡിഎഫ് സര്‍ക്കാര്‍ അഭിമാന പദ്ധതിയായാണ് ജെന്‍ഡര്‍ പാര്‍ക്കിനെ അവതരിപ്പിപ്പിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ട് യാതൊരു ഇടപെടലും എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായില്ല. വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കിനെ പുനരുജ്ജീവിപ്പിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാരിനും കാര്യമായ ഇടപെടലുകള്‍ നടത്താനായിട്ടില്ല.