ചികിത്സയ്ക്കിടെ നവജാത ശിശുവിന്റെ  ശരീരത്തിൽ സൂചി കയറിയെന്ന പരാതിയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്ന് മെഡിക്കൽ കോളജ് സൂപ്രണ്ടിന് കൈമാറും. ആരോഗ്യപ്രവർത്തകരെ പൂർണമായും സംരക്ഷിക്കുന്ന റിപ്പോർട്ടാണ് അന്വേഷണസംഘം തയ്യാറാക്കിയത്. 

കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും അഞ്ജുവിന്റെയും ഒരു വയസ്സുള്ള മകളുടെ ശരീരത്തിൽ ഒരിഞ്ച് നീളമുള്ള സൂചി കാണപ്പെട്ടതിലാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ കൈകഴുകിയത്. 2025 ജൂൺ 24 ന് ജനിച്ച കുഞ്ഞിനെ NICU വിൽ ആക്കിയതിന് ശേഷമാണ് വാരിയെല്ലിന്റെ വലതുഭാഗത്ത് ചുവന്ന തടിപ്പ് കണ്ടത്. ഉടൻ തന്നെ കുഞ്ഞിന്റെ അമ്മ ഇത് ഡോക്ടർമാരെ കാണിച്ചതാണ്. തുടർന്ന് സ്കാനിങ് നടത്തുകയും ചെയ്തു. 

ഒരു കുഴപ്പവും ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞ് ജൂൺ 30ന് ഡിസ്ചാർജ് ആയി.  ഇതിനുശേഷവും കുഞ്ഞിന് നിരന്തരം വേദനയും ശാരീരിക അസ്വസ്ഥതയും ആയിരുന്നു.  അതിവേദന ആയപ്പോഴാണ് ഈ വർഷം ജൂലൈ ഒൻപതിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിനെ കാണിച്ചതും സൂചി കണ്ടെത്തിയതും, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും. 

എന്നാൽ ഇതിലൊന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് പിഴവ് ഇല്ലെന്നാണ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് സൂചി കുഞ്ഞിന്റെ ശരീരത്തിൽ കയറാൻ സാഹചര്യമില്ല. അത് തെളിയിക്കാനും കഴിഞ്ഞിട്ടില്ല എന്നാണ് ഡോക്ടർമാരുടെ വാദം. 

പിന്നെയെങ്ങനെ കുഞ്ഞിന്റെ ശരീരത്തിൽ ചുവന്നപാടും സൂചിയും ഉണ്ടായി എന്ന ചോദ്യത്തിന് ഉത്തരമില്ല. അന്ന് സ്കാനിങ് നടത്തിയതിലെ പിഴവ് ആണോയെന്നും സ്ഥിരീകരിക്കുന്നില്ല. കുഞ്ഞിനെ NICU വിൽ കിടത്തിയപ്പോൾ കിടക്കയിൽ നിന്ന് ശരീരത്തിൽ കയറിയതാകാം എന്നാണ് കുഞ്ഞിന്റെ മാതാപിതാക്കൾ പറയുന്നത്. എന്നാലിതിന് എന്താണ് തെളിവെന്ന് ചോദിച്ച് ആശുപത്രി അധികൃതർക്ക്  രക്ഷപ്പെടാൻ വഴികളേറെയാണ്.

ENGLISH SUMMARY:

Kottayam Medical College news indicates that an inquiry report has cleared the Kottayam Medical College Hospital of negligence in the case of a needle found in a newborn's body. The three-member committee's report, led by the Deputy Superintendent, will be submitted to the Medical College Superintendent.