• 'സ്വന്തം ഉമ്മായെ എടുത്ത് പൊക്കാന്‍ ആരുടെയും സൗകര്യം നോക്കേണ്ട ആവശ്യമില്ല. അതിന്‍റെ സന്തോഷത്തില്‍ ചെയ്ത കാര്യമാണ്. വേറെ ആള്‍ക്കാരാരുമല്ല ഉമ്മാനെ എടുത്തത്. ഞങ്ങള്‍ സന്തോഷത്തിലാണ്'

സ്വകാര്യ വസ്ത്ര വ്യാപാരശാലയില്‍ മികച്ച സെയില്‍സ് നടത്തിയതിന് സമ്മാനമായി സ്കൂട്ടര്‍ ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുന്ന യുവതിയുടെയും സഹപ്രവര്‍ത്തകരുടെയും വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിഡിയോ പുറത്തുവന്നതിന് പിന്നാലെ യുവതിയെ എടുത്തുയര്‍ത്തി സന്തോഷം പ്രകടിപ്പിച്ചതില്‍ സഭ്യമല്ലാത്ത തരത്തിലുള്ള കമന്‍റുകളും നിറഞ്ഞു. വസ്ത്രവ്യാപാരകേന്ദ്രത്തില്‍   ജീവനക്കാരിയായ ആമിനയും മകന്‍ അനസുമാണ് വിഡിയോയിലുള്ളത്. സന്തോഷം വന്നപ്പോള്‍ ഉമ്മയെ താന്‍ എടുത്ത് പൊക്കിയതാണെന്നും അതില്‍ നെഗറ്റീവ് കമന്‍റുകളിടുന്നവരോട് ഒന്നും പറയാനില്ലെന്നും അനസ് വിഡിയോയില്‍ വ്യക്തമാക്കി. 

അനസിന്‍റെ വാക്കുകള്‍ ഇങ്ങനെ: 'ഞാന്‍ അനസ്, ഇതെന്‍റെ ഉമ്മ ആമിന. ഞങ്ങളിപ്പോള്‍ മഹാറാണിയുടെ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോ കണ്ടിരുന്നു. അതിന് കുറേ നെഗറ്റീവ് കമന്‍റ്സും കാര്യങ്ങളും കണ്ടു. ഇതെന്‍റെ ഉമ്മയാണ്. ആരും തെറ്റിദ്ധരിക്കേണ്ട. വേറെ അന്യസ്ത്രീയൊന്നുമല്ല. ഉമ്മ അവിടെ ഒന്‍പത് കൊല്ലമായി വര്‍ക്ക് ചെയ്യുന്നതാണ്. ഞാനിപ്പോള്‍ രണ്ടുവര്‍ഷവുമായി. 

ഉമ്മായ്ക്കൊരു അംഗീകാരം കിട്ടിയപ്പോള്‍, അവിടുത്തെ ഏറ്റവും ബെസ്റ്റ് സെയില്‍ എന്ന അംഗീകാരം നേടിയപ്പോള്‍ ... അതിനൊരു സ്കൂട്ടറാണ് സമ്മാനം കിട്ടിയത്. അതിന്‍റെ സന്തോഷത്തില്‍ ഞാന്‍ ഉമ്മാനെ എടുത്തു പൊക്കിയതാണ്. സ്വന്തം ഉമ്മായെ എടുത്ത് പൊക്കാന്‍ ആരുടെയും സൗകര്യം നോക്കേണ്ട ആവശ്യമില്ല. അതിന്‍റെ സന്തോഷത്തില്‍ ചെയ്ത കാര്യമാണ്. വേറെ ആള്‍ക്കാരാരുമല്ല ഉമ്മാനെ എടുത്തത്. ഞങ്ങള്‍ സന്തോഷത്തിലാണ്'- അനസ് വിശദീകരിച്ചു.

ENGLISH SUMMARY:

Anas, a employee at Maharani textiles, clarified a viral video where he was seen lifting a colleague in joy, following backlash and vulgar comments on social media. The video captured the moment when his mother, Amina, received a scooter for being recognized as the best salesperson after working there for nine years. Anas explained that he lifted his own mother out of sheer happiness for her achievement, stating he does not need permission to express joy for his mother. He urged people not to misunderstand or leave negative comments, confirming they both work at the establishment and share this moment of pride.