കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയെ തള്ളിയ മുഖ്യമന്ത്രിക്കെതിരെ എസ്.എസ്.എഫ്. മതം വ്യാഖ്യാനിക്കലല്ല സ്റ്റേറ്റിന്റെ ധർമ്മമെന്നും മുഖ്യമന്ത്രി ഭരണം നടത്തിയാല്‍ മതിയെന്നും എസ്.എസ്.എഫ്. കേരള ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. എപി വിഭാഗം സുന്നികളുടെ യുവജന വിദ്യാർഥി സംഘടനയാണ് എസ്.എസ്.എഫ്.
Also Read: ‘സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരല്ല’; കാന്തപുരത്തിന്റെ പരാമർശത്തെ തള്ളി മുഖ്യമന്ത്രി
ബിജെപി നേതാവ് മുഖ്യമന്ത്രിയുടെ നട്ടെല്ലിന്‍റെ ഉറപ്പ് പരിശോധിച്ചപ്പോള്‍ തന്നെ ഇന്നു നടത്തിയ പ്രസ്താവന പ്രതീക്ഷിച്ചതാണെന്ന് എസ്.വൈ.എസ്. നേതാവ് റഹ്മത്തുള്ള സഖാഫി ഫെയ്സ്ബുക്കില്‍ കുറിച്ചു. പൊതു പ്രഭാഷണത്തില്‍ നിന്നും അടർത്തിയെടുത്ത ഒരു വാക്കിൽ തൂങ്ങി കാന്തപുരത്തിന് ഇസ്‍ലാമിക ചരിത്ര ബോധം പോലുമില്ലെന്ന് പ്രസ്താവിച്ചത് പദവിയോട് ചേർന്നതായില്ല. അന്യ പുരുഷന്മാരുമായി അനിയന്ത്രിതമായി ഇഴകിച്ചേർന്നുള്ള രംഗപ്രവേശം വലിയ നാശമുണ്ടാക്കുമെന്നാണ് കാന്തപുരം പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
'ഇത് പണ്ടേ പറയുന്നതും എല്ലാ രക്ഷിതാക്കളും അവരെ മക്കളെ ഓർമിപ്പിക്കുന്നതുമാണ്. ഇനി അങ്ങനെ കൂടിക്കലർന്ന് നിയന്ത്രണമില്ലാതെ പെരുമാറിയാൽ എന്ത് നാശമാണ് ഉണ്ടാവുകയെന്ന് കേരളത്തിലെ സ്ത്രീപീഡന കേസുകളുടെ കണക്ക് പറഞ്ഞു തരും. ഇവിടെയാണ് സ്ത്രീകൾക്ക് ആപത്ത് വരാതിരിക്കാൻ അനിയന്ത്രിതമായ രംഗപ്രവേശം, സ്ത്രീ പുരുഷ സങ്കലനം ഒരു പ്രധാന കാരണമാകുന്നുണ്ട് എന്ന മത നേതാക്കളുടെ വീക്ഷണം പ്രസക്തമാകുന്നത്' അദ്ദേഹം എഴുതി.
ഈ പറഞ്ഞതില്‍ വസ്തുതയുണ്ടോ എന്നു പരിശോധിച്ച് ആവശ്യമെങ്കിൽ ഇടപെടേണ്ട മുഖ്യമന്ത്രി ആരെയെങ്കിലും ഭയന്നോ മാധ്യമ അജന്‍ഡയ്ക്ക് തല വെച്ചോ ബാലിശമായ പ്രസ്താവനകൾ നടത്തുന്നത് ഖേദകരമാണെന്നും റഹ്മത്തുള്ള സഖാഫി എഴുതി.
ഇസ്‍ലാമിക ചരിത്രത്തില്‍ ബിസിനസ് നടത്തിയ ഖദീജ ബീവിയെയും സൈന്യാധിപയായ ആയിഷ ബീവിയെയും ബിൽക്കീസ് രാജ്ഞിയെയും സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ കാന്തപുരത്തിന്റെ വാക്കുകളെ തളളിയത്. സ്ത്രീകൾ വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്ന വാദം പുരോഗമന കേരളത്തിന് യോജിച്ചതല്ലെന്നും ഇസ്ലാമിക ചരിത്രത്തെപോലും വളച്ചൊടിക്കുന്ന ഇത്തരം പരാമർശങ്ങളെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.