റൗഡി ലിസ്റ്റില്‍പെട്ട കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിയെ തടഞ്ഞത് വിവാദവും കേസുമൊക്കെയായിരിക്കുകയാണ്. ഈ അവസരത്തില്‍ എന്താണ് റൗഡി ലിസ്റ്റ്, റൗഡി ലിസ്റ്റില്‍പെട്ടവരാണോ ഒരു പ്രദേശത്തെ ഏറ്റവും വലിയ ക്രിമിനല്‍സ് എന്നറിയാം.

റൗഡി ലിസ്റ്റ് എന്നാണ് പൊതുവെ പറയാറെങ്കിലും റൗഡി ഹിസ്റ്ററി ഷീറ്റ്  അഥവാ ആര്‍എച്ച്എസ് എന്നാണ് പൊലീസ് പറയുന്നത്. റൗഡി എന്ന വാക്കിന് ചട്ടമ്പി, തെമ്മാടി, ആഭാസന്‍ എന്നൊക്കെയാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെ ഒരു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശല്യക്കാരും സ്ഥിരം പ്രശ്നക്കാരുമായവരെ  ഉള്‍പ്പെടുത്തിയിരിക്കുന്ന ഷീറ്റ് എന്ന് അര്‍ത്ഥം.

ഇത് വെറുതെയങ്ങ് എഴുതി തയാറാക്കാന്‍ പറ്റില്ല. സ്റ്റേഷന്‍റെ ചുമതലയുള്ള സി.ഐ അല്ലങ്കില്‍ എസ്.ഐ ഒരാളെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള കാര്യകാരണങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് തയാറാക്കണം. ഇത് ഡിവൈഎസ്പി അംഗീകരിച്ചാല്‍ ആ വ്യക്തി റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടും.

റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ എത്ര കേസ് വേണം, എന്തെല്ലാം കേസ് വേണം എന്ന് കൃത്യമായ നിബന്ധനയൊന്നുമില്ല. അടിപിടി, മോഷണം, പൊതുസ്ഥലത്ത് ചീത്തവിളി തുടങ്ങി നാട്ടില്‍ സ്ഥിരം ശല്യക്കാരനാണെങ്കില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താം. ഗുരുതരമായ രണ്ട് കേസുള്ളവരെയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന അനൗദ്യോഗിക നിര്‍ദേശം പൊലീസില്‍ നിലനില്‍ക്കുന്നുണ്ട്. 

ഒരു പ്രദേശത്തെ ഏറ്റവും വലിയ ക്രിമിനല്‍സ് ഉള്‍പ്പെടുന്നത് അല്ല റൗഡി ലിസ്റ്റ്. റൗഡി ലിസ്റ്റില്‍ ഉള്ളതിനേക്കാള്‍ ഗുരുതരമായ കേസുകളില്‍ പെട്ടവര്‍ ഉള്‍പ്പെടുന്നത് കെഡി ലിസ്റ്റാണ്.  അറിയപ്പെടുന്ന സ്ഥിരം കുറ്റവാളികള്‍ എന്ന് അര്‍ത്ഥം. അതിലും ഗുരുതരമായ കേസില്‍പെട്ടവര്‍ ഉള്‍പ്പെടുന്ന പട്ടികയെ ഡിസി ലിസ്റ്റ് എന്ന് പറയും. ഒന്നിലധികം പൊലീസ് സ്റ്റേഷനുകളില്‍ തുടര്‍ച്ചയായി കേസില്‍പെട്ടവരാണ് ഈ ലിസ്റ്റില്‍ വരുന്നത്. അതായത് പൊലീസിലെ ക്രിമിനല്‍ പട്ടികയിലെ ഏറ്റവും ചെറിയ, തുടക്കമാണ് റൗഡി ലിസ്റ്റ് എന്ന് ചുരുക്കം.

റൗഡി ലിസ്റ്റില്‍പെട്ടാല്‍ ഉടനടി അറസ്റ്റും ജയില്‍വാസവുമൊന്നും ഇല്ല. പക്ഷെ നിരന്തര നിരീക്ഷണത്തിലായിരിക്കും. പൊലീസിന് ആവശ്യമുള്ളപ്പോളൊക്കെ വീട്ടിലെത്തി പരിശോധിക്കാം. കരുതല്‍ തടങ്കലിലാക്കാം. വീണ്ടും വീണ്ടും കേസില്‍പെട്ടാല്‍ കാപ്പാ ചുമത്താന്‍ പോലും പൊലീസിന് എളുപ്പമാകും. ഒരിക്കല്‍ റൗഡി ലിസ്റ്റില്‍ പെട്ടാല്‍ അതില്‍ നിന്ന് ഊരിപ്പോരുക എളുപ്പമല്ല. കുറഞ്ഞത് 10 വര്‍ഷമെങ്കിലും കേസില്‍പെടാതെ, പ്രശ്നമുണ്ടാക്കാതെ കഴിഞ്ഞാല്‍ മാത്രമാണ് പട്ടികയില്‍ നിന്നൊഴിവാക്കാന്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കുക.

റൗഡി ലിസ്റ്റ് എന്നല്ല, കെഡി, ആര്‍സി പോലുള്ള ഏത് ലിസ്റ്റില്‍ പെട്ടവരായാലും അവരും അധികാര സ്ഥാനത്തുള്ളവരും തമ്മില്‍ അടുപ്പമുണ്ടാകരുതെന്നാണ് ചട്ടം. ഇത്തരക്കാര്‍ മുഖ്യമന്ത്രിയേയോ മന്ത്രിമാരെയോ ഗവര്‍ണറെയോ ഒക്കെ പ്രോഗ്രാമിന് ക്ഷണിച്ചാല്‍ അവര്‍ റൗഡി ലിസ്റ്റില്‍പെട്ടവരാണെന്ന് ഇന്‍റലിജന്‍സ് ഔദ്യോഗികമായി അറിയിക്കും. എന്നുകരുതി പരിപാടിക്ക് പോകരുതെന്ന് നിയമമൊന്നുമില്ല. പോകണോ ഒഴിവാക്കണോയെന്നത് ക്ഷണിക്കപ്പെടുന്നയാളുടെ തീരുമാനം അനുസരിച്ചിരിക്കും.