കന്യാകുമാരിയില്‍ സൂര്യോദയം കാണാന്‍ പോകുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്. തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയിലെത്താന്‍ ഇനി ഒന്നര മണിക്കൂര്‍ മതിയാകും. കാരോട്–കന്യാകുമാരി ബൈപാസ് നിര്‍മാണം പൂര്‍ത്തിയാവുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ ചരക്ക് നീക്കങ്ങള്‍ക്കും ബൈപാസ് ഉത്തേജനമാകും.
സൂര്യന്‍ ഉദിച്ചുയരുന്നത് കണ്‍കുളിര്‍ക്കെ കാണാന്‍ കന്യാകുരമാരിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി യാത്ര ഒരു പ്രശ്നമേയല്ല. ജനിബിഡമായ, ഗതാഗതക്കുരുക്ക് രൂക്ഷമായ പാറശാല – കളൈക്കാവിള – മാര്‍ത്താണ്ഡം വഴി കുരുങ്ങി പോകുന്നതിന് പകരം, കന്യാകുമാരിയിലേക്ക് കുതിച്ച് പായാന്‍ ഇനി ആഴ്ചകളുടെ കാത്തിരിപ്പ് മാത്രം. കാരോട് നിന്നും കന്യാകുമാരി വരെയുള്ള 53.7 കിലോമീറ്റര്‍ ബൈപാസിന്‍റെ പണി 80 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു.
25 ഫ്ലൈ ഓവറുകളും പതിനാല് ചെറിയ പാലങ്ങളും ചേര്‍ന്നതാണ് ബൈപാസ്. 23 എണ്ണത്തിന്‍റെ പണി പൂര്‍ത്തിയായി. കാരോട് നിന്ന് ഏതാനും കിലോമീറ്ററുകള്‍ റോഡിന്‍റെ ഒരു വശം ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ പൂര്‍ണമായും ഗതാഗത യോഗ്യമാകുമെന്നാണ് ദേശീയ പാത അതോറിറ്റിയുടെ പ്രതീക്ഷ. ഡിസംബറില്‍ ഔദ്യോഗിക ഉദ്ഘാടനമുണ്ടാകും.
കരമാര്‍ഗമുള്ള ചരക്ക് നീക്കം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വിഴിഞ്ഞം വലിയൊരു കുതിപ്പിന് ഒരുങ്ങുമ്പോഴാണ് കാരോട് – കന്യാകുമാരി ബൈപാസും യാഥാര്‍ത്ഥ്യമാകുന്നത്. എന്‍.എച്ച് 66നെ തമിഴ്നാട്ടിലെ എന്‍ എച്ച് 44 മായി ബന്ധിപ്പിക്കുന്നു എന്നതാണ് ബൈപാസിന്‍റെ പ്രധാന സവിശേഷത. വിഴിഞ്ഞത്തിന്‍റെ ചരക്കുകള്‍ ദേശീയപാത 44 ലെത്തിച്ചാല്‍, അവിടെ നിന്ന് തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലേക്കും, ബംഗ്ലൂരു, ഹൈദരബാദ്, നാഗ്പൂര്‍, ഗ്വാളിയോര്‍, ഡല്‍ഹി വഴി ജമ്മു കാശ്മീര്‍ വരെ നീളുന്ന ദേശീയപാത നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി 2453 കോടി ചെലവിട്ട് നിര്‍മിക്കുന്ന ബൈപാസ് മാറും.