• കാന്‍സര്‍ ചികില്‍സയ്ക്കുളള വില കുറഞ്ഞ മരുന്നുല്‍പാദിപ്പിക്കാന്‍ ഒരു ഇന്ത്യന്‍ കമ്പനിയെ അനുവദിച്ചുകൊണ്ടുളള ചരിത്രപരമായ ഉത്തരവില്‍ ഒപ്പുവച്ച മികച്ച ഭരണകര്‍ത്താവ്

പി.എച്ച് കുര്യന്‍ എന്ന മികച്ച ഭരണകര്‍ത്താവ്, ഐഎഎസ് ഉദ്യോഗസ്ഥന്‍ ചരിത്രത്താളുകളില്‍  ഇടംപിടിക്കുന്നത് മനുഷ്യപക്ഷത്ത് നിന്ന് എടുത്ത തീരുമാനങ്ങളിലൂടെയാണ്. അതില്‍ ഏറ്റവും പ്രധാനം കാന്‍സര്‍ രോഗികളുടെ കുടുംബം തകര്‍ത്തിരുന്ന മരുന്നുകളുടെ വില കുറയാന്‍ കാരണമായ ഉത്തരവിലെ അദ്ദേഹത്തിന്‍റെ ഒപ്പും. 2012ല്‍ പി.എച്ച് കുര്യന്‍ ഇന്ത്യന്‍ പേറ്റന്‍റ് കണ്‍ട്രോളര്‍ ജനറല്‍ എന്ന പദവി വഹിക്കുന്ന സമയം, കാന്‍സര്‍ ചികില്‍സയ്ക്കുളള വില കുറഞ്ഞ മരുന്നുല്‍പാദിപ്പിക്കാന്‍ ഒരു ഇന്ത്യന്‍ കമ്പനിയെ അനുവദിച്ചുകൊണ്ടുളള ചരിത്രപരമായ ഉത്തരവില്‍ പി.എച്ച് കുര്യന്‍ ഒപ്പു വച്ചു. ഇന്ത്യയില്‍ ആദ്യമായിട്ടായിരുന്നു നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗിച്ച് ഒരു ഇന്ത്യന്‍ കമ്പനിക്ക് മരുന്ന് ഉല്പാദിപ്പാക്കാന്‍ അനുവാദം നല്കുന്നത്. 

Also Read: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ അന്തരിച്ചു

മരുന്നു കമ്പനികള്‍ കാന്‍സര്‍ രോഗികളെ പിഴിയുന്ന കാലമായിരുന്നു. വിലകൂടിയ  മരുന്നു വാങ്ങാന്‍ കഴിയാതെ പ്രിയപ്പെട്ടവര്‍ ജീവനു വേണ്ടി പിടയുന്നത് ബന്ധുക്കള്‍  നിസഹായരായി കണ്ടു നില്‍ക്കേണ്ടി വന്ന കാലം. ജര്‍മ്മന്‍ കമ്പനിയായ ബേയര്‍ കോര്‍പറേഷന്‍ നെക്സാവര്‍ എന്ന കമ്പനി നാമത്തില്‍ വൃക്ക,കരള്‍, കാന്‍സര്‍ രോഗികള്‍ക്കുളള മരുന്ന് വിപണിയിലെത്തിച്ചിരുന്നു. ഒരു മാസത്തെ ചികില്‍സയ്ക്ക് മൂന്നു ലക്ഷത്തോളം രൂപയും ഒരു വര്‍ഷത്തെ ചികില്‍സയ്ക്ക് 33 ലക്ഷത്തിലേറെയുമായിരുന്നു ചെലവ്. 

ഈ മരുന്നുല്പാദിപ്പിക്കാനുളള അവകാശം 'നാറ്റ്കോ' എന്ന എന്ന ഇന്ത്യന്‍ കമ്പനിക്ക് നല്കിയാണ് പി എച്ച് കുര്യന്‍  വിപ്ളവം നടത്തിയത്. തുടര്‍ന്ന് നാറ്റ്കോ , സിപ്ള തുടങ്ങിയ കമ്പനികള്‍ വിലക്കുറവുളള , ഗുണമേന്മയുളള മരുന്ന് ഉല്പാദിപ്പിച്ച് വിപണിയിലെത്തിച്ചു. നാറ്റ്കോ വെറും 8800 രൂപയ്ക്കാണ് മരുന്ന് രോഗികള്‍ക്ക് ലഭ്യമാക്കിയത്. ബേയര്‍ കോര്‍പറേഷന്‍ കോടതി കയറി. നിയമ വശങ്ങള്‍ ഇഴകീറി പഠിച്ച് പി.എച്ച് കുര്യന്‍ ഇറക്കിയ ഉത്തരവിനു മുമ്പില്‍ ബഹുരാഷ്ട്ര കമ്പനി മുട്ടുമടക്കി. കോടതി ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുകൂലമായി വിധിയെഴുതി. 

68 പേജിലായി പി.എച്ച് കുര്യന്‍ തയാറാക്കിയ ഉത്തരവ് മരുന്നു കമ്പനികളുടെ ചൂഷണങ്ങള്‍ തുറന്നു കാട്ടുന്ന ആധികാരിക രേഖ കൂടിയായി. അദ്ദേഹത്തിന്‍റെ തീരുമാനം  വിലക്കുറവില്‍ മരുന്ന് ലഭ്യമാക്കാനുളള നീക്കങ്ങള്‍ക്കും തുടക്കം കുറിച്ചു. ഒടുവില്‍  പി.എച്ച് കുര്യന്‍ അതേ അര്‍ബുദ രോഗത്തിന് കീഴടങ്ങുമ്പോള്‍ സാധാരണക്കാരായ രോഗികളുടെ ജീവന്‍ രക്ഷിച്ച കാരുണ്യദൂതനായി കൂടി എക്കാലവും ഒാര്‍മിക്കപ്പെടും.

How IAS Officer P. H. Kurian Fought Pharma Giants to Save Cancer Patients:

Former IAS officer P. H. Kurian earned a lasting place in history for his human-centric policy decisions as an administrator. In 2012, while serving as the Indian Controller General of Patents, he issued a landmark 68-page order granting India's first compulsory license to Indian pharmaceutical firm Natco to produce a generic version of the expensive cancer drug Nexavar. This decision shattered the monopoly of German pharmaceutical giant Bayer, crashing the monthly treatment cost from over ₹3 lakh to just ₹8,800. Kurian's courageous legal stand liberated thousands of kidney and liver cancer patients from financial ruin, etching his legacy as a compassionate savior for cancer patients prior to his own passing from cancer.