ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണനാളിൽ സദ്യയൊരുക്കി ആഘോഷങ്ങളിൽ ആറാടുമ്പോൾ, ആറൻമുളയിൽ ഉണ്ണാവ്രതം എടുക്കുന്ന കുടുംബങ്ങളുണ്ട്. ക്ഷേത്ര ഊരായ്മ കുടുംബങ്ങളായ തെക്കേടത്ത്, പുത്തേഴത്ത്, ചെറുകര ഇല്ലങ്ങളിലെ അംഗങ്ങൾ ഓണനാളിൽ ഉമിനീരുപോലും ഇറക്കാതെ 'ഉണ്ണാവ്രതം' അനുഷ്ഠിക്കുന്നു. പൂർവികരുടെ പാപപരിഹാരത്തിനായി നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന ഭക്തിയുടെയും ആത്മസമർപ്പണത്തിന്റെയും വേറിട്ട ആചാരമാണിത്.
നാടൊട്ടുക്കും തിരുവോണസദ്യയുടെ സമൃദ്ധി ആഘോഷിക്കുമ്പോഴാണ് ആറൻമുളയിലെ ഈ ഊരായ്മ ഇല്ലങ്ങളിലെ അംഗങ്ങൾ കഠിനമായ ഉപവാസമെടുക്കുന്നത്. തലമുറകളായി കൈമാറിവന്ന കഠിനമായ ഒരു പ്രായശ്ചിത്തത്തിന്റെ കഥയാണ് ഈ ഉണ്ണാവ്രതത്തിന് പിന്നിലുള്ളത്.
നൂറ്റാണ്ടുകൾക്ക് മുൻപ് ആറൻമുള ക്ഷേത്രത്തിലെ നെല്ലളവ് നടന്നിരുന്നത് കണ്ണങ്ങങ്ങാട്ട് മഠത്തിലായിരുന്നു. ഒരിക്കൽ അളവ് കഴിഞ്ഞ് ആളുകളെല്ലാം മടങ്ങിയെങ്കിലും, ധാന്യത്തിനായി എത്തിയ ദരിദ്രയായ ഒരു സ്ത്രീ അവിടെ കാത്തുനിന്നത് ആരും കണ്ടില്ല. പിറ്റേന്ന് തിരുവോണപ്പുലർച്ചെ കണ്ണങ്കാട്ട് മഠത്തിൽ ആ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അറിയാതെ സംഭവിച്ചതാണെങ്കിലും, അഗതിയായ ഒരു സ്ത്രീ പട്ടിണി കിടന്ന് മരിക്കാൻ ഇടയായതിൽ പ്രായശ്ചിത്തം ചെയ്യേണ്ടത് അനിവാര്യമായി വന്നു. നാട്ടുകാർ മുഴുവൻ വിഭവസമൃദ്ധമായി ഓണസദ്യ ഉണ്ണുമ്പോൾ, തങ്ങൾ പട്ടിണിയിരിക്കുക എന്നതായിരുന്നു പ്രായശ്ചിത്തമായി നിശ്ചയിക്കപ്പെട്ട പരിഹാരം
വൈകിട്ട് ദീപാരാധന തൊഴുത്, ഭഗവാന് നിവേദിച്ച ഇളനീരും കദളിപ്പഴവും പ്രസാദമായി സ്വീകരിച്ച ശേഷമേ ഇവർ വ്രതം അവസാനിപ്പിക്കുകയുള്ളൂ. ചോതി അളവിൽ നെല്ല് നൽകുന്ന കുടുംബങ്ങളാണ് വ്രതം അനുഷ്ഠിക്കുന്നത്