ജലട്രാക്കുകളിൽ കുതിക്കുന്ന ചുണ്ടൻവള്ളങ്ങൾക്കൊപ്പം കരകളിലെ ആരവങ്ങളും സഞ്ചരിക്കും. പുന്നമടയിലെത്തി ആ കാഴ്ച കാണാൻ കഴിയാത്തവർക്കായി കമന്‍റേറ്റർമാർ അതു വാക്കുകളാൽ വരച്ചുകാട്ടും. ഒരുപക്ഷേ, കേരളത്തിൽ ഏറ്റവും പ്രചാരമുള്ള ദൃക്സാക്ഷി വിവരണങ്ങളിലൊന്ന് നെഹ്റു ട്രോഫി വള്ളം കളിയുടേതാണ്. വള്ളം കളിയുടെ ത്രസിപ്പ് പ്രേക്ഷകരിലെത്തിക്കാൻ ഇത്തവണ മനോരമ ന്യൂസിനൊപ്പം സന്തോഷ് വെളിയനാട് എന്ന കമന്‍റേറ്ററും ഉണ്ട്.
പുന്നമടയിൽ വെട്ടിവെട്ടി നീങ്ങുന്ന ഓളങ്ങളുണ്ട്. അവിടെ നിൽക്കുമ്പോൾ ഓളപ്പരപ്പിന് മുകളിലൂടെ ചുണ്ടൻ വള്ളങ്ങൾ പാഞ്ഞുപോകുന്നത് കുട്ടനാടൻ മനസുകളിൽ നിറയും. എൻ പി ചെല്ലപ്പൻ നായർ, ഹരികുമാർ വാലെത്ത്, കെ.പി.എം.ഷരീഫ്, പി.ഡി.ലൂക്ക്, രവീന്ദ്രൻ നായർ തുടങ്ങി കമന്‍ററി ബോക്സിൽനിന്നു വാക്കുകളുടെ ജലപ്പൂരം തീർത്തവർ അനവധി. പുതുതലമുറയിലുമുണ്ട് വാക്കുകളാൽ ജലകേളി തീർക്കുന്നവർ. അതിൽ ഒരാളാണ് സന്തോഷ് വെളിയനാട്. ഗഗനനീലിമയിൽ കുളിച്ച ആകാശത്തിനുകീഴിലെ പുന്നമടയിൽ ശനിയാഴ്ച വാക്കുകളുടെ വർണവും വസന്തവും തീർക്കാൻ, ചുണ്ടൻ വള്ളങ്ങളുടെ ചലനവും, കുതിപ്പും പറയാൻ മനോരമ ന്യൂസ് സംഘത്തിനൊപ്പം സന്തോഷ് വെളിയനാടും ചേരും.