ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച 'മിസ' എന്ന നാടകത്തിനെതിരെ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഒരു കലാരൂപത്തിൻ്റെ രാഷ്ട്രീയ ദൗത്യത്തെയും ചരിത്രബോധത്തെയും മറന്ന് കാലാവധി കഴിഞ്ഞ കണ്ണുകൾ കൊണ്ട് ചുരുക്കി കണ്ടതിൻ്റെ ദുരന്തമാണ് മിസ ഉയർത്തിയ വിവാദമെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന നാടകത്തിനെതിരായ അപവാദ പ്രചരണങ്ങൾക്കെതിരെ ഒട്ടേറെപ്പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 

ആക്ടിവിസ്റ്റും അടിയന്തിരാവസ്ഥയുടെ രക്തസാക്ഷിയും കലാകാരിയുമായ സ്നേഹലതാ റെഡ്ഡിയുടെ രാഷ്ട്രീയ സാമൂഹികജീവിതമാണ് മിസ എന്ന നാടകത്തിന്‍റെ ഇതിവൃത്തം. ഇതിലെ ചില ഭാഗങ്ങൾ മാത്രമെടുത്ത് എഡിറ്റ് ചെയ്ത് അശ്ലീലച്ചുവയോടെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന്  നാടകത്തിൽ അഭിനയിച്ച ചിന്നൂസ് ചിലങ്ക പ്രതികരിച്ചു. 'എൻ്റെ ലക്ഷ്യം സഫലമായി. നാടകം കൊള്ളേണ്ടിടത്തൊക്കെ ചെന്നു കൊണ്ടു' എന്നും ചിന്നൂസ് ചിലങ്ക പറഞ്ഞു. 

ചിന്നൂസ് ചിലങ്കയുടെ പ്രതികരണത്തിൽ 'സദാചാര സോറിയാസിസത്തെ കുത്തിപ്പുണ്ണാക്കുന്ന പാറ്റകളെക്കുറിച്ച്  അഭിമാനമാണ്' എന്നാണു ശാരദക്കുട്ടി കുറിച്ചത്. 'പാറ്റകൾ പല തരത്തിലാണ് കാലഹരണപ്പെട്ട കണ്ണുകളെ കുത്തിപ്പൊട്ടിക്കാൻ പറന്നടുക്കുന്നത്. കണ്ണുകൾ കഴുകി, ലെൻസുകൾ മാറ്റി വെച്ചില്ലെങ്കിൽ ഈ പാറ്റകൾ അവ കുത്തിപ്പൊട്ടിക്കും' എന്നും അവർ കൂട്ടിച്ചേർത്തു. 

ഭരണകൂടഭീകരതയെ കുറിച്ചാണ് 'മിസ' പറയുന്നതെന്നും താൻ ഇനിയും സ്‌നേഹലതാ റെഡ്ഡിയായും ബിൽക്കിസ് ബാനുവായുമെല്ലാം അരങ്ങിലെത്തുമെന്നും ചിന്നൂസ് ചിലങ്ക വ്യക്തമാക്കിയിട്ടുണ്ട്.  'മിസ' എന്ന നാടകവും അതിലെ രംഗങ്ങളും സദാചാര വാദികളെ ഇന്നും അസ്വസ്ഥമാക്കുന്നതില്‍ അത്ഭുതമില്ലെന്ന്  വികെ സനോജ് എംഎല്‍എ പ്രതികരിച്ചിരുന്നു. 

'കരിമ്പിന്‍ തോട്ടങ്ങളിലും ഫാക്ടറികളിലും ചൂഷണം അനുഭവിക്കുന്ന സ്ത്രീ തൊഴിലാളികളില്‍ നിന്ന് ആരംഭിച്ച് ഇന്നും തുടരുന്ന അധികാരത്തിന്റെയും ചൂഷണത്തിന്റെയും കഥകളിലൂടെയാണ് മിസ എന്ന നാടകം സഞ്ചരിക്കുന്നത്. അതിലെ ഒരു രംഗത്തെ മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കുന്നവര്‍, മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത് അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ഒരു ജനത അനുഭവിച്ച തീഷ്ണമായ പീഡനങ്ങളെയാണ്'- സനോജ് കുറിച്ചു. നാടകം ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൻ്റെ പൊതുസമ്മേളന വേദിയിൽ ആഗസ്റ്റ് 22 ന് വീണ്ടും അവതരിപ്പിക്കുമെന്നും സനോജ് പറഞ്ഞു.

ENGLISH SUMMARY:

Misa play controversy has sparked discussions, with writer Sharadakutty commenting on the political and historical dimensions of the art form. The play, based on the life of activist Snehalatha Reddy, has faced backlash and accusations of obscenity on social media, prompting responses from actors and political figures.