girl-breaks-down-during-interrogation-in-grandfather-murder-case
  • തീരെ ചെറുപ്പത്തിലെ അമ്മ തന്നെ ഉപേക്ഷിച്ച് പോയതും ആരും സ്നേഹിക്കാനില്ലാതിരുന്നതുമാണ് ഒടുവില്‍ തന്നെ കൊലപാതകിയാക്കിയതെന്ന് പെണ്‍കുട്ടി

കരുവാറ്റയില്‍ മുത്തച്ഛനെ കൊന്ന കേസില്‍ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി. തീരെ ചെറുപ്പത്തിലെ അമ്മ തന്നെ ഉപേക്ഷിച്ച് പോയതും ആരും സ്നേഹിക്കാനില്ലാതിരുന്നതുമാണ് ഒടുവില്‍ തന്നെ കൊലപാതകിയാക്കിയതെന്ന് പെണ്‍കുട്ടി പറയുന്നു. താന്‍ ജനിച്ച് അധികം കഴിയുന്നതിന് മുന്‍പ് അമ്മ ബന്ധം വേര്‍പെടുത്തി വിദേശത്ത് പോയെന്നും അവിടെ വച്ച് പരിചയപ്പെട്ട ആളെ രണ്ടു വര്‍ഷം മുന്‍പ് വിവാഹം കഴിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. 

അമ്മ ഇല്ലാത്തതിനാല്‍ തന്നെ ബന്ധുക്കളില്‍ നിന്ന് അത്ര നല്ല അനുഭവമല്ല തനിക്കുണ്ടായതെന്നും പലവട്ടം വീട്ടില്‍ നിന്ന് ഒളിച്ചോടിയെന്നും  പെണ്‍കുട്ടി കരഞ്ഞുകൊണ്ട് പറയുന്നു. കൊല്ലം സ്വദേശിയായ അച്ഛന്റെ വീട്ടിലും അമ്മയുടെ മാതാപിതാക്കളുടെ പരവൂരിലുള്ള വീട്ടിലുമായാണ് ഏഴാം ക്ലാസുവരെ പെണ്‍കുട്ടി താമസിച്ചത്. പുനര്‍വിവാഹത്തോടെ അമ്മ താനുമായി പൂര്‍ണമായും അകന്നുവെന്നും കുട്ടി പറയുന്നു. വളരെ അടുത്തബന്ധുവില്‍ നിന്നുണ്ടായ മോശം പെരുമാറ്റവും കുട്ടിയുടെ മാനസിക നിലയെ ബാധിച്ചുവെന്നും പൊലീസ് വിലയിരുത്തുന്നു. 

കൊലപാതകത്തിന് ശേഷം പിടിയിലായ പെണ്‍കുട്ടി കൂസലില്ലാതെയാണ് തുടക്കത്തില്‍ പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചത്. മുത്തച്ഛന്‍ തന്റെ കാര്യങ്ങളില്‍ അമിതമായി ഇടപെട്ടിരുന്നുവെന്നും ഫോണ്‍ ഉപയോഗിക്കുന്നതടക്കം വിലക്കിയെന്നും പെണ്‍കുട്ടി പറഞ്ഞു. കുടുംബത്തെ കുറിച്ച് ചോദിച്ചതോടെ പൊട്ടിക്കരയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആണ്‍ സുഹൃത്തുക്കള്‍ കൂടുതലായി ഉണ്ടായതും വീട്ടില്‍ വൈകി എത്തുന്നതും മുത്തച്ഛന്‍ ചോദ്യം ചെയ്തിരുന്നുവെന്നും ഇത് വൈരാഗ്യത്തിനിടയാക്കിയെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. 

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മുത്തച്ഛനെ കൊല്ലാനായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ ശ്രമം. എന്നാല്‍ 2017 ല്‍ പുറത്തിറങ്ങിയ സ്പൈഡര്‍ എന്ന തമിഴ് സിനിമ കണ്ടതോടെ തലയില്‍ കല്ലിട്ട് കൊല്ലാമെന്ന് തീരുമാനിച്ചു. ഇതിനായി വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് പെണ്‍കുട്ടി ഉറപ്പാക്കി. കൊലപാതകം നടന്ന ദിവസം വീടിന്റെ ഓടിളക്കുകയും ചെയ്തു. പക്ഷേ മച്ച് കണ്ടതും ഈ ശ്രമം ഉപേക്ഷിച്ചു. പിന്നീടാണ് പ്ലാന്‍ ബി നടപ്പിലാക്കിയതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. 

ENGLISH SUMMARY:

During police interrogation regarding her grandfather's murder in Karuvatta, a 13-year-old girl broke down in tears, revealing that feeling unloved and being abandoned by her mother at a young age deeply impacted her. She shared that her mother left for abroad shortly after her birth and later remarried, leaving the girl to shuttle between relatives and facing difficult experiences that strained her mental well-being. Initially nonchalant about her arrest, the teenager confessed that her grandfather's strict oversight of her phone usage and late outings motivated her anger. Inspired initially by the Tamil film Spider (2017), she planned to use a heavy stone after attempting to poison him, ultimately resorting to the fatal attack when her initial methods failed.