ഈ ഓണക്കാലത്ത് താമരപ്പൂവിന് എന്താണ് പ്രസക്തി. ഇതിന് പാലക്കാട് നിന്ന് പ്രസക്തമായ ഉത്തരമുണ്ട്. താമര സദ്യ. താമര വിഭവങ്ങൾ കൊണ്ടുള്ള ഈ സദ്യ താമരയുടെ ഔഷധഗുണങ്ങൾ മുഴുവൻ ഉൾക്കൊള്ളുന്നതാണ്.
പത്മഭോജനം എന്ന പേരിലാണ് പഴയ കാലത്ത് ഈ സദ്യ നടത്തിയിരുന്നത്. താമര ഇല , താമരപ്പൂവ്, താമരത്തണ്ട്, താമരക്കിഴങ്ങ് എന്നിവയാണ് ഈ സദ്യക്കായി ഉപയോഗിക്കുന്നത്. ഈ ഓണക്കാലത്ത് രാമശ്ശേരി ഗാന്ധി ആശ്രമം ഈ സദ്യവട്ടം പുനരാവിഷ്കരിക്കുകയാണ്. താമരപ്പൂ തോരൻ , താമര തണ്ട് കറി, താമരയില സൂപ്പ്, താമരപ്പുളിശ്ശേരി, താമര അവിയൽ, താമരപ്പായസം തുടങ്ങി 18 വിഭവങ്ങളാണ് താമര സദ്യക്കായി ഒരുക്കുന്നത്. ഒപ്പം തുമ്പപ്പൂച്ചോറും. താമരയുടെ ഔഷധഗുണങ്ങൾ തിരിച്ചറിഞ്ഞ് പരമ്പരാഗതമായി വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം നടത്തിയിരുന്ന സദ്യയാണിത്. ഇത് പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ കൂടിയാണ് രാമശ്ശേരി ഗാന്ധി ആശ്രമവും നവജീവനം ട്രസ്റ്റും ചേർന്ന് ഈ സദ്യ വീണ്ടും തയാറാക്കുന്നത്. ഓണസദ്യയുടെ ഈ കാലത്ത് താമരസദ്യയും വേറിട്ട അനുഭവമായി മാറുന്നു.