മലയാളികളെല്ലാം ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ചിങ്ങമാസപ്പുലരിയിലല്ല ഇക്കുറി അത്തം തുടങ്ങുന്നത്. കര്‍ക്കിടത്തില്‍ ആണ്. കര്‍ക്കിടകം 31നാണ് അത്തം. അതുകൊണ്ടുതന്നെ തൃപ്പൂണിത്തുറ അത്തച്ചമയം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ കര്‍ക്കടകത്തില്‍ തന്നെ ആരംഭിച്ചു.
സാധാരണയായി 'അത്തം പത്ത്' എന്ന കണക്കിലാണ് മലയാളികള്‍ തിരുവോണം ആഘോഷിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ആ പതിവിനും മാറ്റം വന്നിരിക്കുന്നു. അത്തം കഴിഞ്ഞ് പത്താമത്തെ ദിവസമല്ല, മറിച്ച് പതിനൊന്നാം ദിവസമാണ് തിരുവോണം വരുന്നത്. ഓഗസ്റ്റ് 26-നാണ് (ചിങ്ങം 10) ഇത്തവണ തിരുവോണം ആഘോഷിക്കുന്നത്.
സാധാരണയായി അത്തം കഴിഞ്ഞ് പത്താം ദിവസമാണ് തിരുവോണം വരാറുള്ളതെങ്കിലും, ഇത്തവണ ഇടയ്ക്കുള്ള ചോതി നക്ഷത്രം രണ്ട് സൂര്യോദയങ്ങളിലായി വ്യാപിച്ചു വരുന്നതാണ് ഈ വ്യത്യാസത്തിന് കാരണം. ചിങ്ങത്തില്‍ തന്നെ തിരുവോണം ആഘോഷിക്കണം എന്നതിനാല്‍ കര്‍ക്കടകത്തിലെ അത്തം മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കുകയായിരുന്നു.
ഇതോടെ പത്തു ദിവസത്തിന് പകരം പതിനൊന്ന് ദിവസത്തെ നീണ്ട പൂക്കളാഘോഷങ്ങളോടെയാണ് ഇത്തവണ മലയാളികൾ പൊന്നോണത്തെ വരവേൽക്കുന്നത്. ഓരോ വീട്ടുമുറ്റത്തും അത്തം നാൾ മുതൽ തന്നെ പുതുമയാർന്ന പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. മഹാബലി തമ്പുരാനെ സ്വീകരിക്കാൻ കൂടുതൽ ദിവസങ്ങൾ ലഭിച്ച അവസരത്തിന്റെ സന്തോഷത്തിലാണ് കേരളക്കരയാകെ. നാടും നഗരവും മാവേലിയുടെ വരവിനായുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ്.