akhil-marar

TOPICS COVERED

സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് ഇനിമുതൽ വിട്ടുനിൽക്കുമെന്ന് നടനും സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർ.  തന്റെ ശബ്ദം ഇനി തനിക്ക് വേണ്ടി മാത്രമായി ഒതുക്കി സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കുമെന്ന് അഖിൽ മാരാർ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ തീരുമാനത്തിന് കാരണമായ കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് അഖിലിന്റെ പോസ്റ്റ്.

അനാവശ്യമായി മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ചു ഒരുപാട് പേരെ വെറുപ്പിച്ചു. സത്യത്തിൽ താൻ എന്ത് തെറ്റാണു ചെയ്തതെന്ന് എപ്പോഴും ആലോചിക്കാറുണ്ട് എന്ന് തുടങ്ങുന്ന പോസ്റ്റിൽ വിവിധ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടും ഏറ്റ തിരിച്ചടികളും അഖിൽ എണ്ണി പറയുന്നു. നടൻ ദിലീപിനെ പിന്തുണച്ചതിൽ നിന്ന് ലഭിച്ച വെറുപ്പാണ് അഖിൽ ഒന്നാമതായി പറയുന്നത്. 

'അന്ന് കുറെ പേര് പറഞ്ഞു ഞാൻ പണം വാങ്ങി സംസാരിക്കുന്നു എന്ന്. തെണ്ടി തിരിഞ്ഞു കുത്തു പാള എടുത്തു നിന്ന നാളിൽ പോലും എനിക്കൊരു 5000 രൂപ വേണം എന്ന് ഞാൻ ആരോടും ചോദിച്ചിട്ടില്ല. ദിലീപ് വിഷയത്തിൽ അയാളിൽ ഒരു സത്യം ഉണ്ടെന്ന് കരുതി സമൂഹം അയാളെ ഇല്ലാതാക്കാൻ നോക്കുന്നു എന്ന് കണ്ടു മാത്രം പിന്തുണച്ചു. ദിലീപിന് വേണ്ടി പല തവണ എന്നെ വിളിച്ചിട്ടുള്ള നാദിർഷ, ദിലീപിന്റെ ജീവിതം തകർത്ത പിടി തോമസിന്റെ ഭാര്യ മത്സരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ ആയിട്ട് കൂടി എനിക്കൊരു ആശംസ പോലും നൽകിയില്ല. മാത്രമല്ല പിഷാരടിക്കു വേണ്ടി പ്രോഗ്രാം ചെയ്തു കൊടുക്കാൻ പോയി'. 

രണ്ടാമതായി വേടനെ എതിർത്തത്തിലൂടെ കിട്ടിയ വെറുപ്പിനെ അഖിൽ ഓർമ്മിപ്പിച്ചു. 'രാമക്ഷേത്രത്തിൽ ക്ഷണിച്ചിട്ട് പോലും പോകാത്ത ഞാൻ വേടന്റെ രാമനെ കുറിച്ചുള്ള പ്രസ്താവനയിൽ എതിർത്തു. അതോടെ ദളിത്‌ സമൂഹം അനാവശ്യമായി എന്റെ ശത്രുവായി. എന്റെ നാട്ടിൽ ഭൂരിപക്ഷം വരുന്ന NSS നെ എതിർത്തു KPMS ന് വേണ്ടി സംസാരിച്ചതായിരുന്നു കോൺഗ്രസ്സിൽ ഉള്ള കാലം എനിക്ക് പുറത്ത് പോകേണ്ടി വന്ന കാരണങ്ങളുടെ തുടക്കം'.

പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന് കണ്ടപ്പോൾ മുഖ്യമന്ത്രിയെ ശക്തമായി എതിർത്തു. അതിന്റെ പേരിൽ സർക്കാരിന്റെയും പാർട്ടിയുടെയും ശത്രു ആയി'- അഖിൽ പറയുന്നു. 'ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിൽ അമേരിക്കൻ ഇടപെടലിൽ പിന്മാറിയ മോദിയുടെ രീതി ഭാരതീയന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നയപ്പോൾ അതിനെ ശക്തമായി എതിർത്തു. ഫലമോ BNS പ്രകാരം കേരളത്തിലെ ആദ്യത്തെ രാജ്യ ദ്രോഹി'. 

'എമ്പുരാൻ വിഷയത്തിൽ പ്രിത്വിരാജ് ചെയ്തത് ശെരിയല്ല എന്ന് പറഞ്ഞത് കേരളത്തിൽ സമാധാനമായി ജീവിക്കുന്ന മനുഷ്യർ ഒരു സിനിമയുടെ പേരിൽ തമ്മിൽ അടിക്കരുത് എന്ന് ചിന്തിച്ചിട്ടാണ്. ദിവസേന പല പ്രശ്നങ്ങൾ പറഞ്ഞു എന്നെ വിളിക്കുന്ന കൊട്ടാരക്കരയിലെ എന്റെ നാട്ടുകാർക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യണം എന്ന ചിന്ത മാത്രമാണ് അവിടെ മത്സരിക്കണം എന്ന് ചിന്തിപ്പിച്ചത്. രണ്ടര വർഷങ്ങൾക്ക് മുൻപ് കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങിയിട്ടും എന്റെ അഡ്രസ് ഇന്നും കോട്ടത്തലയിലെ ആണ്'.

'ആ നാട് എനിക്കൊന്നും തന്നിട്ടില്ല എങ്കിലും എന്റെ മഹാ ഗണപതിയുടെ മണ്ണിൽ എന്തെങ്കിലും ചെയ്യണം എന്ന ചിന്ത. പക്ഷേ ഞാൻ അത് പൂർണമായും ഉപേക്ഷിക്കുക ആണ്. അവനവനു വേണ്ടിയല്ലാതെ അപരന് വേണ്ടി സംസാരിച്ചു ശത്രുക്കളെ ഉണ്ടാക്കിയ എനിക്ക് നാളിതുവരെ എന്താ യാതൊരു പ്രശ്ങ്ങളും ഇല്ലാതെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയുന്നതെന്ന് ചോദിച്ചാൽ എന്റെ സത്യം തിരിച്ചറിയുന്ന ഒരു ശക്തി എന്റെ കൂടെയുണ്ട്.വിരലിൽ എണ്ണാവുന്ന കൂട്ടുകാർ മാത്രമേ അന്നും ഇന്നും ഉള്ളു. എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രമായി ഒതുക്കി സന്തോഷത്തോടെ ഞാൻ എന്റെ കുടുംബത്തിന് വേണ്ടി ജീവിക്കും'- അഖിൽ കുറിച്ചു. 

ENGLISH SUMMARY:

Akhil Marar is stepping away from social and political commentary, stating his voice will now be only for himself and his family. This decision follows numerous instances where his outspokenness on various issues led to him alienating many people.