അമ്മത്തൊട്ടിലിന് ഇന്ന് ചരിത്രനിമിഷം. അമ്മത്തൊട്ടിലിന്‍റെ താരാട്ട് ഈണത്തിലേയ്ക്ക് ആയിരാമത്തെ അതിഥിയെത്തി. ഇന്ന് പുലര്‍ച്ചെ ചാറ്റല്‍മഴയത്താണ് തൈക്കാട്ടെ ശിശുക്ഷേമ സമിതിയുടെ ഓഫീസിനോട് ചേര്‍ന്നുളള അമ്മതൊട്ടിലില്‍ പെണ്‍കുഞ്ഞിന്‍റെ കരച്ചിലുയര്‍ന്നത്. അമ്മമാര്‍ ഓടിയെത്തി നെഞ്ചോട് ചേര്‍ത്തതോടെ സുരക്ഷിത കരങ്ങളുടെ ചൂടറിഞ്ഞ് കണ്‍മണിയുറങ്ങി. 

2002 നവംബര്‍ 14 ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത്  തിരുവനന്തുപുരത്താണ് ആദ്യത്തെ അമ്മത്തൊട്ടില്‍ തുടങ്ങുന്നത്. ആദ്യത്തെ കണ്‍മണിക്ക് നിത്യയെന്ന് പേരിട്ടു. മഴയും വേനലും നിളയും കതിരും തുളസിയും പ്രകൃതിയുമൊക്കെ പിന്നാലെ അതിഥികളായെത്തി. ഓരോരുത്തരും പോറ്റമ്മമാരുടെ സ്നേഹത്തണലിലേയ്ക്ക്  ദത്തുപോയി. ഏറ്റവും അധികം കുട്ടികളെ ലഭിച്ചത് തിരുവനന്തപുരത്താണ്, 667 പേര്‍. 

വിവാഹത്തിനും മുമ്പ് ഗര്‍ഭിണിയാകുന്ന അമ്മമാര്‍, വിവാഹബന്ധത്തിന് പുറത്തുണ്ടാകുന്ന കുഞ്ഞുങ്ങള്‍, പ്രായപൂര്‍ത്തിയെത്തുംമുമ്പേ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കേണ്ടി വരുന്നത് തുടങ്ങിയ സാമൂഹ്യ സാഹചര്യങ്ങളില്‍ പെടുന്നവരാണ് അമ്മത്തൊട്ടിലുകളെ തേടി വരുന്നതില്‍ ഏറിയ പങ്കും.  25 പേരൊഴികെ എല്ലാവരും പുതിയ മാതാപിതാക്കളുടെ സംരക്ഷണത്തില്‍ ജീവിതത്തിന്‍റെ സുഖവും സന്തോഷവും കരുതലും അറിഞ്ഞു വളരുകയാണ്. 

ENGLISH SUMMARY:

Ammathottil celebrates a historic moment with the arrival of its thousandth guest, a baby girl found during a light rain at the Thycad Child Welfare Committee. This milestone highlights the crucial role of the Mother's Cradle in providing a safe haven for abandoned infants.