പ്രതീകാത്മക ചിത്രം

  • ജാഗ്രതയാണേലും കൂടിപ്പോയാല്‍ പ്രശ്നമാണ്. കെഎസ്ആര്‍ടിസിയുടെ അമിതജാഗ്രതയില്‍ യാത്രക്കാരന്റെ ഉറക്കം നഷ്ടപ്പെട്ടു

ഇങ്ങനെയുമുണ്ടോ ഒരു ജാഗ്രത. അതും കെഎസ്ആര്‍ടിസിയില്‍ നിന്ന്. ബസ് കണ്ടക്ടറുടെ അമിത ജാഗ്രതയില്‍ ഉറക്കം നഷ്ടപ്പെട്ട ഒരു യാത്രക്കാരന്റെ അനുഭവമാണ് വാര്‍ത്തയാകുന്നത്. നെയ്യാറ്റിൻകര–തൃശൂർ സൂപ്പർ ഫാസ്റ്റിനു തിരുവല്ലയിൽനിന്നു രാവിലെ 8.10നു കയറാൻ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ പുലർച്ചെ 4.38 മുതൽ വിളിച്ച് ഉണർത്തി കണ്ടക്ടര്‍ യാത്ര ഓർമിപ്പിച്ചു.

അതും ഒരുവട്ടമല്ല. ഇങ്ങനെ അങ്ങോട്ട് മണിക്കൂര്‍ ഇടവിട്ട് വിളിച്ചുകൊണ്ടേയിരുന്നു. യാത്രക്കാരനെ സമയത്തിന് മുമ്പേ ബസ് സ്റ്റേഷനിലെത്തിച്ചേ കണ്ടക്ടര്‍ അടങ്ങിയുള്ളൂ. തിരുവല്ലയിൽനിന്നു കോട്ടയത്തേക്കു യാത്ര ചെയ്ത ഫോട്ടോഗ്രാഫര്‍ക്കാണ് ഈ അനുഭവമുണ്ടായത്. പലര്‍ക്കും ഏറ്റവും നന്നായി ഉറക്കം കിട്ടുന്ന സമയമാണ് പുലര്‍ച്ചെ നേരം. ഫോട്ടോഗ്രാഫര്‍ രാജേഷ് ബാബുവിനെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നെയ്യാറ്റിൻകര ഡിപ്പോയിൽനിന്നും വണ്ടി പുറപ്പെട്ട സമയം, പുലര്‍ച്ചെ 4.36ന് തന്നെ ആദ്യം വിളിച്ചു.

ബസ് പുറപ്പെടുകയാണെന്നും കൃത്യസമയത്ത് തിരുവല്ല സ്റ്റാൻഡിൽ എത്തണമെന്നുമായിരുന്നു നിർദേശം. കണ്ടക്ടര്‍ ജാഗ്രത തുടര്‍ന്നു. പിന്നീട് 5.20നും 7.33നും 8.03നും കണ്ടക്ടർ മൊബൈൽ ഫോണിൽ വിളിച്ച് യാത്ര ഓർമപ്പെടുത്തി.

കെഎസ്ആര്‍ടിസിയുടെ അതീവ ജാഗ്രത മൂലം ഉറക്കം നഷ്ടപ്പെട്ടെന്നാണ് രാജേഷ് ബാബു പറയുന്നത്. രാവിലെയുള്ള തിരക്ക് കാരണം മുൻകൂട്ടി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തതായിരുന്നു ഫോട്ടോഗ്രാഫര്‍ രാജേഷ് ബാബു.

Wake-Up Call Overkill: KSRTC Conductor Calls Passenger 4 Times Starting at 4:36 AM:

Photographer Rajesh Babu, who booked an 8:10 AM KSRTC Super Fast bus from Thiruvalla to Kottayam, had his morning sleep disrupted by a conductor's extreme vigilance. The conductor first called him at 4:36 AM as soon as the bus departed from its initial depot in Neyyattinkara. The conductor continued to call the passenger three more times—at 5:20 AM, 7:33 AM, and 8:03 AM—to constantly remind him to reach the bus stand on time. Although intended as a helpful reminder, the repeated early morning calls left the passenger completely deprived of rest.