childdepartmentt

TOPICS COVERED

തിരുവനന്തപുരത്ത് അങ്കണവാടികളിലേക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിയതിലെ തട്ടിപ്പില്‍ ചൈല്‍ഡ് ഡെവലപ്മെന്‍റ് പ്രോജക്ട് ഓഫീസർക്ക് സസ്പെൻഷൻ. ഐസിഡിഎസ് തിരുവനന്തപുരം അർബൻ ത്രീ സി.ഡി.പി.ഒ സജിതാ വി.നായരെയാണ് സസ്പെൻഡ് ചെയ്തത്. അങ്കണവാടികളിലേക്ക് വാങ്ങിയ കളിപ്പാട്ടങ്ങളിൽ യഥാർഥ വില മായ്ച്ച് ഉയർന്ന തുക രേഖപ്പെടുത്തി തട്ടിപ്പ് നടത്തിയെന്ന മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. 

ഐസിഡിഎസ് തിരുവനന്തപുരം അര്‍ബന്‍ ത്രീ ഓഫീസിന് കീഴിലുള്ള അങ്കണവാടികളിലേക്ക് വാങ്ങിയ ബില്‍ഡിങ് ബ്ലോക്സ്, പിക്ച്ചര്‍ ചാര്‍ട്ട് തുടങ്ങിയ കളിപ്പാട്ടത്തിന്‍റെ വിലയിലായിരുന്നു തട്ടിപ്പ്. കരാര്‍ നല്‍കിയതില്‍ ഉള്‍പ്പെടെ ചൈല്‍ഡ് ഡെവലപ്മെന്‍റ് പ്രോജക്ട് ഓഫീസര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തി. ഒരുലക്ഷത്തില്‍ കൂടുതല്‍ തുകയ്ക്ക് പര്‍ച്ചേസ് നടത്തുകയാണെങ്കില്‍ ടെന്‍ഡര്‍ വിളിക്കണമെന്ന നടപടിക്രമം പാലിച്ചില്ല.

യഥാർത്ഥ വിലയേക്കാൾ ഉയർന്ന തുകയ്ക്കാണ് കളിപ്പാട്ടങ്ങൾ വാങ്ങിയത്. യഥാർത്ഥ വില കറുത്ത മഷി കൊണ്ട് മായ്ച്ച് ഉയർന്ന തുക രേഖപ്പെടുത്തിയ സ്റ്റിക്കർ ഒട്ടിച്ചിരിക്കുകയായിരുന്നു. 35,475 രൂപയാണ് ഇതുവഴി നഷ്ടമുണ്ടായത്. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 165 അങ്കണവാടികള്‍ക്ക് കളിപ്പാട്ടങ്ങൾ വാങ്ങാൻ അനുവദിച്ച 4,95,000 രൂപയിലാണ് ക്രമക്കേട് നടന്നത്. വിഷയത്തിൽ വിശദ അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടു.

ENGLISH SUMMARY:

Thiruvananthapuram anganwadi toy scam details emerge as a Child Development Project Officer has been suspended following reports of irregularities in toy purchases. This action follows a Manorama News report highlighting a scam where original prices of toys for Anganwadis were altered to show inflated amounts, causing a significant financial loss.