ajith-organ-donation-2

TOPICS COVERED

 

കൊല്ലം കോർപ്പറേഷൻ കൗൺസിലറും വിദ്യാഭ്യാസ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബി. അജിത് കുമാറിന്റെ (53) അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനേകും. കുരീപ്പുഴ കോനവെട്ടത്ത് വീട് സ്വദേശിയായ അജിത് കുമാർ കൊല്ലം ഡിവിഷൻ 7-ലെ കൗൺസിലറാണ്. ജൂലൈ 19 ഞായറാഴ്ച രാവിലെ സ്ട്രോക്ക് സംഭവിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (മെഡിസിറ്റി) പ്രവേശിപ്പിച്ചത്. 

 

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1:00 മണിയോടെ ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.സഹോദരങ്ങളായ സുരേഷ് കുമാറും അജിത കുമാരിയും ഉൾപ്പെടുന്ന കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. അജിത് കുമാർ അവിവാഹിതനാണ്. കെ-സോട്ടോയുടെ മേൽനോട്ടത്തിലാണ് അവയവങ്ങൾ കൈമാറുന്നത്. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടാമത്തെ വൃക്ക കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിലും കണ്ണുകൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലും ചികിത്സയിലുള്ള രോഗികൾക്ക് കൈമാറും.

 

കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെ ആശുപത്രികളിലേക്ക് അവയവങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് 2:00 മണിയോടെ 'ഗ്രീൻ കോറിഡോർ' പാത സജ്ജീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കിംസ് ആശുപത്രിയിലേക്കും അവയവങ്ങൾ എത്തിക്കും. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന നേതാവിന്റെ വേർപാടിലും അഞ്ചുപേരുടെ ജീവിതത്തിലേക്ക് വെളിച്ചമായി മാറുകയാണ്. അജിത് കുമാറിന്റെ പൊതുദർശനവും സംസ്കാര ചടങ്ങുകളും ഇന്ന് നടക്കും

ENGLISH SUMMARY:

The organs of B. Ajith Kumar (53), Kollam Corporation councillor and chairman of the Education and Sports Standing Committee, will give a new lease of life to five people. A native of Kureepuzha Konavettath Veedu, Ajith Kumar was the councillor of Division 7 in Kollam. He was admitted to Travancore Medical College Hospital (Medicity) in Kollam after suffering a stroke on the morning of Sunday, July 19.