ummanchandi

TOPICS COVERED

പുറന്തള്ളിയ ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ ഡൽഹി ട്രാവൻകൂർ പാലസിൽ തിരിച്ചെത്തി. പറിച്ചു നീക്കിയ ഉമ്മൻ ചാണ്ടിയുടെ  ശിലാഫലകം പുനസ്ഥാപിച്ചു. പിണറായി സർക്കാർ കാലത്ത് നീക്കിയ ശിലാഫലകം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ ബഷീറിന്‍റെ കർശന നിർദേശത്തിന് പിന്നാലെയാണ് പുനസ്ഥാപിച്ചത്.  

2023 ഓഗസ്റ്റ് നാലിന് നവീകരിച്ച ഡൽഹി ട്രാവൻകൂർ പാലസിന്റെ ഉദ്ഘാടന വേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രാജഭരണ കാലത്തുനിന്ന് കൈമാറി കിട്ടിയ ട്രാവൻകൂർ ഹൗസ് കേരള സർക്കാർ നവീകരിച്ചതിനെ കുറിച്ചുള്ള വർണനയാണ് പ്രസംഗത്തിലൂടെ നടത്തിയിരുന്നത്. എന്നാൽ മറ്റൊരു ഭരണ സംവിധാനത്തിലേക്കുള്ള മാറ്റത്തിൽ നവീകരണ പ്രവർത്തനങ്ങൾക്ക് 8 വർഷം മുമ്പ് തുടക്കം കുറിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടതാണ് അന്നവിടെ കണ്ടത്. 2015 ഓഗസ്റ്റ് നാലിന് ട്രാവൻകൂർ പാലസിന്‍റെ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടി അനാച്ഛാദനം ചെയ്ത മാർബിൾ ഫലകം ട്രാവൻകൂർ പാലസിൽ നിന്ന് ഇളക്കി മാറ്റി. അതേ ഇടത്തിൽ പിണറായിയുടെ പേരുള്ള ഫലകം സ്ഥാപിച്ചു. പറിച്ചെടുത്ത ഉമ്മൻചാണ്ടിയുടെ പേരുള്ള ഫലകം വളപ്പിൽ മണ്ണും ചെളിയും മൂടി കിടന്നു.

നീണ്ട ഇടവേളക്കുശേഷം വീണ്ടും ഒരു ഭരണമാറ്റത്തിൽ ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ തിരിച്ചെത്തുകയാണ്. ഡൽഹിയിലെത്തിയ മന്ത്രി പി.കെ ബഷീറിനോട് കേരള ഹൗസിലെ NGO അസോസിയേഷനാണ് ശിലാഫലകത്തിന്‍റെ കാര്യം അറിയിച്ചത്. കാര്യങ്ങൾ ബോധ്യപ്പെട്ട മന്ത്രി ഉടൻ ഫലകം പുനസ്ഥാപിക്കാൻ  കർശന നിർദ്ദേശം നൽകി. ദിവസങ്ങൾക്കകം മിനുക്കിയെടുത്ത ഉമ്മൻചാണ്ടിയുടെ പേരുള്ള ഫലകം എത്തി. നിലവിൽ  ട്രാവൻകൂർ പാലസിന്റെ പ്രധാന കവാടത്തിലെത്തിലെത്തിയാൽ ഒരു പോലെ കാണാം മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയുടെയും പിണറായി വിജയന്‍റെയും പേരെഴുതിയ ഫലകങ്ങൾ. 

ENGLISH SUMMARY:

Oommen Chandy's legacy has been reinstated at Delhi's Travancore Palace with the re-installation of his removed plaque. This move comes after strict instructions from Public Works Department Minister P.K. Basheer, signifying a significant political and historical acknowledgment.