Untitled design - 1

TOPICS COVERED

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയ ഐ എച്ച് ആർ ഡി ഹെഡ് ആഫീസിലെ അഡ്മിനിസ്ട്രറ്റീവ് ഓഫീസർ  നന്ദകുമാറിനെ തൽസ്ഥാനത്ത് നിന്നും നീക്കി. സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയായിരുന്ന നന്ദകുമാർ കൊളത്താപ്പിള്ളി സി പി എം സംഘടനാ നേതാവായിരുന്നു.ആരോഗ്യ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായി വിരമിച്ച നന്ദകുമാറിനെ ഇടതു സർക്കാർ  ഐ എച്ച് ആർഡിയിൽ അഡ്മിനിസ്ട്രറ്റീവ് ആഫീസറായി നിയമിക്കുകയായിരുന്നു. അച്ചു ഉമ്മനെ ആക്ഷേപിക്കുന്ന തരത്തിൽ 2023 ആഗസ്റ്റിലാണ് അധിക്ഷേപ പരാമർശം നടത്തിയത്.

ഇതു സംബന്ധിച്ച് അച്ചു ഉമ്മൻ അന്ന് പൂജപ്പുര പോലീസിൽ പരാതി നല്കിയിരുന്നു. പൂജപ്പുര പോലീസിൽ കീഴടങ്ങിയ നന്ദകുമാറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം പോലീസ് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. സംഭവം വിവാദമായതോടെ നന്ദകുമാർ മാപ്പ് അപേക്ഷിച്ചെങ്കിലും  കേസ് ഇപ്പോഴും നിലനില്കുകയാണ്.

ഇതു സംബന്ധിച്ച് കോൺഗ്രസും യൂത്ത് കോൺഗ്രസും ഉൾപ്പെടെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്ന്  പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നന്ദകുമാറിനെ തൽസ്ഥാനത്തു നിന്നും   നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇടതുസർക്കാർ അത് മുഖവിലയ്ക്കെടുത്തില്ല. യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ഐ എച്ച് ആർ ഡി എംപ്ലോയ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രവിമൈനാഗപ്പള്ളിയുടേയും ജനറൽ സെക്രട്ടറി തെങ്ങമം അനീഷിന്റേയും നേതൃത്വത്തിൽ ഭാരവാഹികൾ മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും നേരിൽ കണ്ട് അഡ്മിനിസ്ട്രേറ്റീവ് ആഫിസർ നന്ദകുമാറിനെ അടിയന്തിരമായി നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചു.

ഇതോടെ കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ ഇടപെട്ട് നന്ദകുമാറിനെ തൽസ്ഥാനത്തു നിന്ന് നീക്കാൻ നിർദ്ദേശം നല്കി. പകരക്കാരിയായി മുൻ അഡിഷണൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ലതാ പണിക്കരെ നിയമിച്ച് ഉത്തരവാകുകയും ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ആഫീസറായി നിയമിതയായ ലതാ പണിക്കർ ഇന്നലെ ചാക്കയിലെ ഐ എച്ച് ആർ ഡി ഹെഡ് ആഫീസിലെത്തി ചുമതലയേറ്റു. ഐ എച്ച് ആർ ഡി എംപ്ലോയ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രവി മൈനാഗപ്പള്ളി ജനറൽ സെക്രട്ടറി തെങ്ങമം അനീഷ് , വൈസ് പ്രസിഡന്റ് കെ.ജയകുമാർ എന്നിവർ ചേർന്ന് ലതാ പണിക്കരെ സ്വീകരിച്ചു. സണ്ണികുട്ടി ഏബ്രഹാം എഴുതിയ ഉമ്മൻ ചാണ്ടിയുടെ ആത്മകഥയായ കാലം സാക്ഷി എന്ന പുസ്തകവും എംപ്ലോയ്സ് കോൺഗ്രസ് നേതാക്കൾ  ലതാ പണിക്കർക്ക് സമ്മാനിച്ചു.

ENGLISH SUMMARY:

Nandakumar's removal from his post as Administrative Officer at IHRD marks a significant development following the defamation comments made against Achu Oommen. The decision comes after sustained pressure and a recent intervention by the higher education department.