കളിമണ്ണില്‍ വിസ്മയം വിരിയിക്കുന്ന ഒരിടമുണ്ട് തിരുവനന്തപുരം നഗരത്തിനടുത്ത്-സെന്റര്‍ ഫോര്‍ ക്രിയേറ്റിവ് സിറാമിക്‌സ്. ശില്‍പ്പിയും ചിത്രകാരനുമായ എസ്.ആര്‍ ബൈജു രൂപം നല്‍കിയ കലാകേന്ദ്രം. ഒരല്‍പ്പം മണ്ണും ചെളിയും മതി, ഇവിടെ പാത്രങ്ങളും കലാവസ്തുക്കളും ആഭരണങ്ങളുമടങ്ങുന്ന പോഴ് സലിനിലെ ചാരുതകള്‍ പിറക്കാന്‍. വരൂ, കാണാം അതിശയകരമായ ആ പുനര്‍ജനി.
തോന്നക്കല്‍ ഗ്രാമം മുതല്‍ ടോക്കിയോ വരെ. ലോകത്തിന്‍റെ പലഭാഗത്തു നിന്നും ശേഖരിച്ച കളിമണ്ണുകള്‍. എസ്. ആര്‍. ബൈജുവെന്ന കലാകാരന്‍റെ കൈയിലെത്തുമ്പോള്‍ അവ അതിമനോഹരമായ അപൂര്‍വ്വ കലാസൃഷ്ടികളായി പിറവിയെടുക്കുന്നു. സെറാബാഗ്– ബൈജുവിന്‍റെ കലാകേന്ദ്രത്തിന്‍റെ വിളിപ്പേര് അതാണ്. തിരുവനന്തപുരം ചെമ്പഴന്തിക്കടുത്ത് ശാന്തവും മനോഹരവുമായ ഒരിടം. ഇവിടെയാണ് മണ്‍പാത്രങ്ങളും കൗതുകവസ്തുക്കളും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പോ ഴ്സലിന്‍ വസ്തുക്കള്‍ പിറക്കുന്നത്.
ലോകമെമ്പാടു നിന്നും കലാവിദ്യാര്‍ഥികള്‍, ആര്‍ക്കിടെക്റ്റുകള്‍, ഡിസൈനര്‍മാര്‍ എന്നിവര്‍ കലാവിദ്യതേടിയെത്തുന്ന ഗുരുകുലം കൂടിയാണിത്. ചൈനാക്‌ളേ, ഫയര്‍ക്‌ളേ, ബോള്‍ ക്‌ളേ. ഈ മൂന്നിനം കളിമണ്ണാണ് ഇവിടെ പലതുമായി രൂപം മാറുന്നത്. ഇവകൊണ്ട് നിര്‍മ്മിക്കുന്ന വസ്തുക്കള്‍ 850 മുതല്‍ 1500 വരെ ഡിഗ്രി സെല്‍സ്യസ് വരെ ചൂടില്‍ ചുട്ടെടുക്കുന്നു. പിന്നീട് ഗ്‌ളേസിങ്ങ്, ചായമിടല്‍ എന്നിങ്ങനെ മോടി പിടിപ്പിക്കലുകള്‍.
കുഞ്ഞ് കൗതുക വസ്തുക്കള്‍ മുതല്‍ അപൂര്‍വ്വമായ വോള്‍ ഹാങ്ങിങ്ങുകള്‍വരെ. കലയും ക്രാഫ്റ്റും ചേരുമ്പോള്‍ ഉടലെടുക്കുന്നത് അതിമനോഹര കലാവസ്തുക്കളാണ്. ലോകത്തെ ഏറ്റവും പഴയ കലാരൂപങ്ങളിലൊന്നാണ് മണ്‍വസ്തു നിര്‍മാണം. ടെറാകോട്ട മുതല്‍ പോഴ്‌സലിന്‍വരെ. അതൊരു സംസ്‌ക്കാരമാണ്. മണ്ണും മനുഷ്യനുമായുള്ള ബന്ധത്തിന്‍റെ നേര്‍ക്കാഴ്ച. ഇനിയൊരുമണ്‍പാത്രം കാണുമ്പോള്‍, ഒരു കോഫി മഗ്ഗില്‍ തൊടുമ്പോള്‍, ഒരു പൂപാത്രത്തില്‍ അലങ്കാരം തീര്‍ക്കുമ്പോള്‍ ഓര്‍ക്കുക, ഇതിന് പിറകില്‍ ദിവസങ്ങളും മാസങ്ങളും പണിപ്പെടുന്ന കലാകാരന്‍മാരുണ്ട്. അവര്‍ മെനയുന്നത് വെറും മണ്‍പാത്രമല്ല, ആയിരക്കണക്കിന് വര്‍ഷം മുന്‍പ് മനുഷ്യന്‍ കണ്ടെത്തിയ ഒരു കലാരൂപത്തിന്റെ കാലാതീതമായ തുടര്‍ച്ചയാണ്.