cigarette-smoking

TOPICS COVERED

പുകവലി ശീലം ഉണ്ടായിരുന്നതിന്‍റെ പേരില്‍ മെഡിക്ലെയിം നിരസിക്കാൻ സാധിക്കില്ലെന്ന് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധി. ഇൻഷുറൻസ് പോളിസിയിലെ ഒഴിവാക്കൽ വ്യവസ്ഥകൾ മെഡിക്കൽ തെളിവുകളില്ലാതെ അനുമാനങ്ങളുടെ പേരില്‍ പ്രയോഗിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മൂവാറ്റുപുഴ സ്വദേശിനി ഷൈബി ജോസ് സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. 

രോഗി മുൻപ് പുകവലിച്ചിരുന്നുവെന്ന ആശുപത്രി രേഖയിലെ പരാമർശം ചൂണ്ടിക്കാണിച്ച് പിതാവ് ജോസ് മത്തായിയുടെ ഇന്‍ഷൂറന്‍സ് ക്ലെയിം നിരസിച്ച കമ്പനിയുടെ നടപടിക്കെതിരെയാണ് ഷൈബി ജോസ് കോടതിയെ സമീപിച്ചത്. അന്നനാളത്തിലെ അർബുദത്തെ തുടർന്ന് ജോസ് മത്തായിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയ്ക്കായി 4,63,928 രൂപ ചെലവായി. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ്പ് പദ്ധതി പ്രകാരം ക്ലെയിം സമർപ്പിച്ചെങ്കിലും രോഗി മുൻപ് പുകവലിച്ചിരുന്ന ആളാണെന്ന കാരണത്തില്‍ ക്ലെയിം നിരസിക്കുകയായിരുന്നു. പുകവലിച്ചതു മൂലം ഉണ്ടാകുന്ന രോഗങ്ങൾ പോളിസി പരിധിയിൽ വരില്ലെന്നുള്ള ഒഴിവാക്കൽ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ക്ലെയിം നിരസിച്ചത്. 

കമ്പനിയുടെ നടപടി വീഴ്ചയാണെന്ന് ഡി.ബി ബിനു, വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. രോഗം പുകവലി കൊണ്ടോ ലഹരിവസ്തുക്കളുടെ ഉപയോഗം കൊണ്ടോ മാത്രമാണ് ഉണ്ടായതെന്ന് ശാസ്ത്രീയമായോ മെഡിക്കൽ വിദഗ്ദ്ധരുടെ അഭിപ്രായം വഴിയോ തെളിയിക്കാനുള്ള ബാധ്യത ഇൻഷുറൻസ് കമ്പനിക്കാണ്. കേവലം അനുമാനങ്ങളുടെ പുറത്ത് കമ്പനികൾക്ക് ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ​ഇൻഷുറൻസ് കരാറുകളിലെ വ്യവസ്ഥകളിൽ എന്തെങ്കിലും തരത്തിലുള്ള അവ്യക്തതയുണ്ടെങ്കിൽ അതിന്റെ ആനുകൂല്യം പോളിസി ഉടമയ്ക്ക് നൽകണമെന്നുള്ള സുപ്രീം കോടതിയുടെ ഉത്തരവുകളും കോടതി ചൂണ്ടിക്കാട്ടി.

ഇൻഷുറൻസ് കമ്പനിയുടെ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് കണ്ടെത്തിയ  കോടതി ഇന്‍ഷൂറന്‍സ് തുക അനുവദിക്കാന്‍ ഉത്തരവിട്ടു. മെഡിസെപ്പ് പദ്ധതി പ്രകാരം അനുവദനീയമായ പരമാവധി തുകയായ മൂന്നു ലക്ഷം രൂപ നല്‍കാനാണ് വിധി. ഇൻഷുറൻസ് നിഷേധിച്ചതുമൂലം ഉണ്ടായ മാനസിക വിഷമങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും കോടതി ചെലവിനും 15,000 രൂപ നഷ്ടപരിഹാരവും കമ്പനി നല്‍കണം. പരാതിക്കാരിക്ക് വേണ്ടി അഡ്വ. ടോം ജോസഫ് കോടതിയിൽ ഹാജരായി.

ENGLISH SUMMARY:

The Ernakulam Consumer Disputes Redressal Commission has ruled that insurance companies cannot reject medical claims solely on the basis of a history of smoking. The court emphasized that exclusion clauses in insurance policies cannot be applied based on assumptions without medical evidence. In the case of a complainant whose father’s cancer treatment claim under the 'Medisep' scheme was denied due to his past smoking habit, the court held that the burden of proving that the illness was caused exclusively by smoking rests with the insurer. Declaring the company's action arbitrary, the court ordered the release of the maximum claim amount of ₹3 lakh, along with an additional ₹15,000 as compensation for mental agony and legal costs.