ജീവനക്കാരുടെ ക്ഷേമവും തൊഴിലിടങ്ങളിലെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പാക്കുന്ന ‘ഓഫിസ് വെൽനെസ് നയം’ സംസ്ഥാന സർക്കാർ ഉടന്‍ നടപ്പാക്കണമെന്ന് ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്. കൊച്ചിയില്‍ അമേരിക്കന്‍ കമ്പനി എണ്ണൂറിലധികം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ആവശ്യം.

പ്രഫഷണല്‍സ് കോണ്‍ഗ്രസ് തയാറാക്കിയ ‘ഓഫിസ് വെല്‍നസ് പോളിസി’ മുഖ്യമന്ത്രിക്ക് കൈമാറുന്നു

ജീവനക്കാർക്കും തൊഴിലുടമകൾക്കും ഒരുപോലെ ഗുണകരമായ പ്രവർത്തന മാനദണ്ഡങ്ങൾ സ്ഥാപിക്കാനും സംസ്ഥാനത്തെ ഐ.ടി. വ്യവസായത്തിന് ശക്തമായ പിന്തുണ നല്‍കാനും ഈ നയം അനിവാര്യമാണെന്ന്  സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലൻ, ഐ.ടി. വെർട്ടിക്കൽ കേരള സ്റ്റേറ്റ് ഹെഡ് ഫസലു റഹ്‌മാൻ, ഡെപ്യുട്ടി സ്റ്റേറ്റ് ഹെഡ് ബിജു സുന്ദരൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കോറോഹെൽത്ത് (Corrohealth) കമ്പനി കേരളത്തിലെ ഓഫീസുകളിൽനിന്ന് നൂറുകണക്കിന് ജീവനക്കാരെ മുന്നറിയിപ്പോ നിയമപരമായ നടപടിക്രമങ്ങളോ പാലിക്കാതെ ഒറ്റദിവസംകൊണ്ട് പിരിച്ചുവിട്ടത് തികച്ചും മനുഷ്യത്വരഹിതമാണെന്ന്  എ.ഐ.പി.സി. ചൂണ്ടിക്കാട്ടി. സംഘടനയുടെ ഇടപെടലിനെത്തുടര്‍ന്നാണ് തൊഴില്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതും ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമം ആരംഭിച്ചതും.

മുന്‍‌പ് സമാനമായ അനീതി വിവിധ കമ്പനികളിൽ ഉണ്ടാകുകയും തൊഴിലിടങ്ങളിലെ സമ്മർദ്ദം പരിധി വിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് എ.ഐ.പി.സി. ഒരു വർഷം നീണ്ട കാംപയ്ന്‍ സംഘടിപ്പിക്കുകയും ‘ഓഫീസ് വെൽനെസ് പോളിസി’ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയും ചെയ്തത്.

ബജറ്റിൽ ഇടംനേടിയ ഈ നയം ഒട്ടും വൈകാതെ പ്രാവർത്തികമാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഐ.ടി. പ്രഫഷണലുകൾ അനിശ്ചിതത്വത്തിലും ആശങ്കയിലും ജീവിക്കുന്ന സ്ഥിതി മാറണം. ഓഫീസ് വെൽനെസ് നയം നടപ്പാക്കുന്നതോടെ, തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും വിശ്വാസയോഗ്യമായ ഒരു തൊഴിൽ അന്തരീക്ഷം യാഥാർഥ്യമാകും.

പ്രൊഫഷണലുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലിടങ്ങളിൽ നീതിയും അന്തസ്സും ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന്  എ.ഐ.പി.സി. നേതൃത്വം അറിയിച്ചു.

ENGLISH SUMMARY:

Office Wellness Policy is crucial for ensuring employee welfare and dignity in workplaces, as demanded by the All India Professionals Congress following mass layoffs. Implementing this policy will establish fair employment standards and support the IT sector in Kerala, fostering a secure and ethical work environment for all.